തഗ് ലൈഫ് വിലക്ക്: തിയറ്ററുകളിൽ എന്ത് പ്രദർശിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് ഗുണ്ടാസംഘങ്ങളല്ല; കർണാടക സർക്കാരിനെതിരെ സുപ്രിം കോടതി

കമൽഹാസൻ മാപ്പുപറയണമെന്നാവശ്യപ്പെട്ടുള്ള ഹൈക്കോടതി നിർദേശത്തിനും വിമർശനം

Update: 2025-06-17 12:47 GMT

ന്യൂഡൽഹി: കമൽഹാസൻ നായകനായ തഗ് ലൈഫിൻറെ റിലീസ് വിലക്കിയ കേസിൽ കർണാടക സർക്കാരിനെതിരെ വിമർശനവുമായി സുപ്രിം കോടതി. തിയറ്ററുകളിൽ എന്ത് പ്രദർശിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് ഗുണ്ടാസംഘങ്ങളല്ലെന്നു പറഞ്ഞ കോടതി സംസ്ഥാനത്തെ ക്രമസമാധാനത്തെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചു. ബുധനാഴ്ചക്കകം എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിനോട് ജസ്റ്റിസുമാരായ ഉജ്ജ്വൽ ഭുയാൻ, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.

ആൾക്കൂട്ട ഭീഷണികൾക്ക് നിയമവാഴ്ചയെ ബന്ദിയാക്കാൻ സാധിക്കില്ല. ആരെങ്കിലും എന്തെങ്കിലും പ്രസ്താവനകൾ നടത്തിയിട്ടുണ്ടെങ്കിൽ അതിനെ പ്രസ്താവനകൾ കൊണ്ടുനേരിടുക. ആരെങ്കിലും എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ അതിനെ എഴുത്തുകൊണ്ട് വേണം നേരിടാൻ എന്നാണ് കോടതി പ്രതികരിച്ചത്.

Advertising
Advertising

സിബിഎഫ്സി സർട്ടിഫിക്കറ്റുള്ള ഏതൊരു സിനിമയും റിലീസ് ചെയ്യേണ്ടതുണ്ട്. അതിന്റെ പ്രദർശനം ഉറപ്പുവരുത്തുകയെന്നത് സംസ്ഥാനത്തിന്റെ ചുമതലയാണെന്നും തിയേറ്ററുകൾക്ക് തീയിടുമെന്ന ഭയത്തിൽ സിനിമ പ്രദർശിപ്പിക്കാതിരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ആളുകൾ സിനിമ കാണുകയോ കാണാതിരിക്കുകയോ ചെയ്യും. ആളുകൾ സിനിമ കാണണമെന്നാവശ്യപ്പെടുന്ന ഉത്തരവുകളൊന്നും തങ്ങൾ പുറപ്പെടുവിക്കുന്നില്ല പക്ഷേ സിനിമ പ്രദർശിപ്പിച്ചേ മതിയാകൂവെന്നു കോടതി നിർദേശത്തിലുണ്ട്.

കമൽഹാസൻ മാപ്പുപറയണമെന്നാവശ്യപ്പെട്ട കർണാടക ഹൈക്കോടതിയുടെ വിധിയിലും സുപ്രിംകോടതി എതിർപ്പ് പ്രകടിപ്പിച്ചു. അത് ഹൈക്കോടതിയുടെ ഇടപെടൽ ആവശ്യമുള്ള കാര്യമല്ലെന്നാണ് ജസ്റ്റിസ് ഭുയാൻ പറഞ്ഞത്. കർണാടക ജനങ്ങൾക്ക് നടനോട് വിയോജിപ്പുണ്ടാകാമെന്നും എന്നാൽ വധഭീഷണിയടക്കം ഉയർത്തുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. സിനിമയുടെ നിരോധവുമായി ബന്ധപ്പെട്ട് എം. മഹേഷ് റെഡ്ഡി എന്ന വ്യക്തി സമർപ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.

കന്നഡ ഭാഷയെക്കുറിച്ച കമലഹാസന്റെ വിവാദ പ്രസ്താവനെയെത്തുടർന്ന് കർണാടകയിൽ തീവ്ര കന്നഡ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മണിരത്നം സംവിധാനം ചെയ്ത കമൽഹാസൻ ചിത്രത്തിന്റെ പ്രദർശനം നിരോധിച്ചത്. തമിഴിൽ നിന്നും പിറന്നതാണ് കന്നഡയെന്നായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ കമൽഹാസൻ പറഞ്ഞത്. ഇതാണ് വിവാദമായത്.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News