'എൻസിപിയെ ഇനിയും നയിക്കണം'; രാജിവച്ച തീരുമാനം പുഃനപരിശോധിക്കണ‌മെന്ന് ശരദ് പവാറിനോട് എം.കെ സ്റ്റാലിൻ

പവാർ രൂപീകരിച്ച 18 അംഗ കമ്മിറ്റി വെള്ളിയാഴ്ച യോഗം ചേർന്ന് വിഷയത്തിൽ തീരുമാനമെടുക്കുന്നതിന് തൊട്ടുമുമ്പാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ അഭ്യർഥന.

Update: 2023-05-05 10:20 GMT
Advertising

ചെന്നൈ: എൻ‍സിപി അധ്യക്ഷ സ്ഥാനം രാജിവച്ച മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ശരദ് പവാറിനോട് തീരുമാനം പുനഃപരിശോധിക്കാൻ അഭ്യർഥിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. രാജിവച്ച തീരുമാനം പുനഃപരിശോധിക്കണമെന്നും വീണ്ടും എൻസിപിയെ നയിക്കണം എന്നുമാണ് ട്വീറ്റിലൂടെ സ്റ്റാലിൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ‍ പാർട്ടി നേതൃത്വ സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്നും സ്റ്റാലിൻ‍ ആവശ്യപ്പെട്ടു. പവാർ രൂപീകരിച്ച 18 അംഗ കമ്മിറ്റി വെള്ളിയാഴ്ച യോഗം ചേർന്ന് വിഷയത്തിൽ തീരുമാനമെടുക്കുന്നതിന് തൊട്ടുമുമ്പാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ അഭ്യർഥന.

'വരാനിരിക്കുന്ന 2024ലെ പൊതു തെരഞ്ഞെടുപ്പിൽ ‌ദേശീയ രാഷ്ട്രീയം കേന്ദ്രീകരിച്ചിരിക്കെ, ഇന്ത്യയൊട്ടാകെ മതേതര സഖ്യം ശക്തിപ്പെടുത്തുന്നതിൽ നിർണായക സ്ഥാനം വഹിക്കുന്ന, ഉന്നത നേതാക്കളിലൊരാളായ ശരദ് പവാറിനോട് പാർട്ടി അധ്യക്ഷ സ്ഥാനം രാജിവച്ച തീരുമാനം പുനഃപരിശോധിക്കണമെന്നും എൻസിപി മേധാവി സ്ഥാനം തുടരണമെന്നും ഞാൻ അഭ്യർഥിക്കുന്നു'- സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

രാജ്യത്തെ പ്രതിപക്ഷനിരയിലെ മുതിർന്ന നേതാവായ ശരദ് പവാർ ചൊവ്വാഴ്ചയാണ് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനം !ഒഴിഞ്ഞത്. രണ്ട് പതിറ്റാണ്ടിനു മുമ്പ് അദ്ദേഹം തന്നെ രൂപീകരിക്കുകയും നയിച്ചുപോരുകയും ചെയ്ത പാർട്ടിയുടെ മേധാവിസ്ഥാനത്തു നിന്നുള്ള പവാറിന്റെ അപ്രതീക്ഷിത രാജി അണികളേയും പാർട്ടി- പ്രതിപക്ഷ നേതാക്കളേയും ഞെട്ടിച്ചിരുന്നു.

ഇതോടെ, 2024ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാക്കളെ ഒന്നിപ്പിക്കാൻ പ്രവർത്തിക്കുന്ന ശരദ് പവാറിനെ വിളിച്ച് പ്രതിപക്ഷ നേതാക്കൾ പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയാനുള്ള തീരുമാനത്തെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല, ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ, സിപിഎം നേതാവ് സീതാറാം യെച്ചൂരി, ആംആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്, സിപിഐ നേതാവ് ഡി രാജ തുടങ്ങിയ പ്രമുഖ നേതാക്കളാണ് അദ്ദേഹവുമായി സംസാരിച്ചത്.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News