'അയാൾ വിവാഹം കഴിച്ചത് എന്നെയല്ല, എന്‍റെ ജോലിയെയാണ്'; ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് കേന്ദ്രീയ വിദ്യാലയ അധ്യാപിക ജീവനൊടുക്കി, ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റിൽ

യുവതിയുടെ കുടുംബത്തിന്‍റെ പരാതിയിൽ സ്ത്രീധന പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു

Update: 2025-03-20 09:56 GMT

ഗസിയാബാദ്: ഡൽഹി കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അൻവിത ശര്‍മയെയാണ്(31) ഗസിയാബാദിലെ വസുന്ധരയിലുള്ള വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. യുവതിയുടെ കുടുംബത്തിന്‍റെ പരാതിയിൽ സ്ത്രീധന പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് അറസ്റ്റ്.

മരണത്തിന് തൊട്ടുമുൻപ് ഞായറാഴ്ച അൻവിത സഹോദരൻ അമിതിന് മെസേജ് അയച്ചിരുന്നു. "ഞാൻ നിന്നെ സ്നേഹിക്കുന്നു. ദയവായി എന്നോട് ക്ഷമിക്കൂ, എല്ലാവരെയും നോക്കണം" എന്നായിരുന്നു മെസേജ്. ഉടൻ തന്നെ താൻ ഭര്‍ത്താവിനെ വിവരം അറിയിച്ചതായി അമിത് പറഞ്ഞു. 2019ലായിരുന്നു അൻവിതയും ഡോക്ടറായ ഗൗരവ് കൗശിക്കും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ ദമ്പതികൾ തമ്മിൽ പ്രശ്നങ്ങൾ തുടങ്ങി. ഇരുവരും തമ്മിൽ പതിവായി വഴക്കുകൾ ഉണ്ടാകാറുണ്ടെന്ന് സഹോദരൻ കൂട്ടിച്ചേര്‍ത്തു. ബന്ധം വേര്‍പെടുത്താൻ പല തവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കൗശിക് തടയുകയായിരുന്നുവെന്ന് അമിത് വ്യക്തമാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ന് യുവതിയുടെ ഭർത്താവും നാല് വയസുള്ള മകനും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

Advertising
Advertising

സംഭവസ്ഥലത്ത് നിന്ന് ഒന്നര പേജുള്ള ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തതായി ഗസിയാബാദ് ഇന്ദിരാപുരം എസിപി അഭിഷേക് ശ്രീവാസ്തവ പറഞ്ഞു. "ക്ഷമിക്കണം, എനിക്കിനി ഇത് സഹിക്കാൻ കഴിയില്ല, അതിനാൽ ഞാൻ ഈ ലോകം വിടുകയാണ്. എന്‍റെ ഭർത്താവിന് എല്ലാ വീട്ടുജോലികളും ചെയ്യാനും പണം സമ്പാദിക്കാനും കഴിയുന്ന ഒരു സുന്ദരിയായ പെൺകുട്ടിയെ വേണം. എനിക്ക് കഴിയുന്നതെല്ലാം ഞാൻ ചെയ്തു, പക്ഷേ ആ മനുഷ്യൻ എപ്പോഴും കുറ്റം കണ്ടെത്തുകയായിരുന്നു." യുവതി മരണത്തിന് തൊട്ടുമുന്‍പ് എഴുതിയ കുറിപ്പിൽ പറയുന്നു. ''വഴക്കുകൾ ഉണ്ടാകുമ്പോൾ ഭര്‍ത്താവ് എന്നെയും എന്‍റെ കുടുംബത്തെയും പരിഹസിക്കുമായിരുന്നു. ഞങ്ങളെക്കാൾ കൂടുതൽ പണം സമ്പാദിക്കുന്നുണ്ടെന്ന് പറയും. വിവാഹശേഷം എന്നെ കൂടുതൽ പഠിക്കാൻ അയാൾ അനുവദിച്ചില്ല. എന്‍റെ ബാങ്ക് അക്കൌണ്ടുകൾ കൈകാര്യം ചെയ്തിരുന്നത് അയാളായിരുന്നു. അദ്ദേഹം എന്നെയല്ല, എന്‍റെ ജോലിയെയാണ് വിവാഹം കഴിച്ചത്'' കുറിപ്പിൽ വിശദീകരിക്കുന്നു.

മകളുടെ വിവാഹത്തിന് ഏകദേശം 26 ലക്ഷം രൂപ ചെലവഴിച്ചതായി അൻവിതയുടെ പിതാവ് അനിൽ ശർമ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. "കൗശിക്കിന്‍റെ കുടുംബം അത്യാഗ്രഹികളാണെന്ന് ഞങ്ങൾക്ക് മനസിലായി. അവർ ആദ്യമായി എന്‍റെ മകളെ കാണാൻ വന്നപ്പോൾ, ഒരു വാഹനം വേണമെന്ന് അവർ ആവശ്യപ്പെട്ടു. ആദ്യം ഞാനത് സമ്മതിച്ചില്ല, പക്ഷേ പിന്നീട് അത് എന്‍റെ മകൾക്ക് സമ്മാനമായി നൽകാൻ ഞാൻ തീരുമാനിച്ചു. പക്ഷേ അതും കൗശിക്കിന്‍റെ പേരിലായിരുന്നു," അദ്ദേഹം പറഞ്ഞു. അൻവിത 2019 ഒക്ടോബർ മുതൽ ഡൽഹിയിലെ ദല്ലുപുരയിലെ ഒരു കെവിയിൽ ഫൈൻ ആർട്സ് അധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News