ലിഫ്റ്റിന്‍റെ വാതിലുകളുടെ ഇടയിൽ കുടുങ്ങി അധ്യാപികയ്ക്ക് ദാരുണാന്ത്യം

ലിഫ്റ്റിൽ കയറുമ്പോഴേക്കും വാതിലുകൾ അടയുകയായിരുന്നു

Update: 2022-09-18 02:10 GMT

സ്‌കൂളിലെ ലിഫ്റ്റിന്‍റെ വാതിലുകള്‍ക്കിടയില്‍ കുടുങ്ങിയ അധ്യാപികയ്ക്ക് ദാരുണാന്ത്യം. നോർത്ത് മുംബൈയിലാണ് സംഭവം. ജെനെല്‍ ഫെര്‍ണാണ്ടസ് എന്ന 26കാരിയായ അധ്യാപികയാണ് മരിച്ചത്.

മലാഡിലെ ചിഞ്ചോളി ബന്ദറിലെ സെന്റ് മേരീസ് ഹൈസ്‌കൂളിൽ വെള്ളിയാഴ്ചയാണ് സംഭവം. രണ്ടാം നിലയിലെ സ്റ്റാഫ് റൂമിലെത്താൻ ജെനൽ ഫെർണാണ്ടസ് ആറാം നിലയിൽ കാത്തുനിൽക്കുകയായിരുന്നു. ലിഫ്റ്റിൽ കയറുമ്പോഴേക്കും വാതിലുകൾ അടഞ്ഞു. ലിഫ്റ്റ് മുകളിലേക്ക് ഉയര്‍ന്നതോടെ അധ്യാപിക വാതിലിനിടയില്‍ കുടുങ്ങുകയായിരുന്നുവെന്ന് സോൺ 11ലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വിശാൽ താക്കൂർ പറഞ്ഞു.

Advertising
Advertising

നിലവിളി കേട്ട് ഓടിയെത്തിയ സഹപ്രവര്‍ത്തകര്‍ അധ്യാപികയെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഉടന്‍ ഫയര്‍ഫോഴ്സ് എത്തി അധ്യാപികയെ പുറത്തെത്തിച്ചു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റതിനാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.

ജൂണിലാണ് ജെനെല്‍ സ്‌കൂളിൽ അസിസ്റ്റന്റ് ടീച്ചറായി ജോലിയിൽ പ്രവേശിച്ചത്. അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. ആരെങ്കിലും അപായപ്പെടുത്താന്‍ ശ്രമിച്ചതാണോ എന്നത് ഉള്‍പ്പെടെ അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. സ്‌കൂൾ ജീവനക്കാരുടെയും മാനേജ്‌മെന്‍റിന്‍റെയും ലിഫ്റ്റിന്‍റെ അറ്റകുറ്റപ്പണികൾ നടത്തുന്ന കമ്പനിയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 

Summary- A 26 year old teacher has died after she got stuck in a school lift in Mumbai

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News