'രാഷ്ട്രപതി ഭവനിൽ വേണ്ടത് ഒരു പ്രതിമയല്ല'; ദ്രൗപദി മുർമുവിനെതിരെ തേജസ്വി യാദവ്

സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം ഒരു വാർത്താസമ്മേളനം പോലും നടത്താൻ അവർ തയ്യാറായിട്ടില്ലെന്നും തേജസ്വി പറഞ്ഞു. ''അവർ എന്തെങ്കിലും പറയുന്നത് നിങ്ങളും കേട്ടിരിക്കുമെന്ന് ഞാൻ കരുതുന്നില്ല''-മാധ്യമപ്രവർത്തകരോട് തേജസ്വി പറഞ്ഞു.

Update: 2022-07-17 11:59 GMT
Advertising

ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിനെതിരെ ആർജെഡി നേതാവ് തേജസ്വി യാദവ്. രാഷ്ട്രപതി ഭവനിൽ തങ്ങൾ ആഗ്രഹിക്കുന്നത് ഒരു പ്രതിമയല്ലെന്ന് അദ്ദേഹം പറഞ്ഞു.

''രാഷ്ട്രപതി ഭവനിൽ നമ്മൾ ആഗ്രഹിക്കുന്നത് ഒരു പ്രതിമയല്ല, ഒരു രാഷ്ട്രപതിയെയാണ് നമ്മൾ തിരഞ്ഞെടുക്കുന്നത്. യശ്വന്ത് സിൻഹയുടെ സ്വരം നമ്മൾ എപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു, പക്ഷെ ഭരണപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥിയുടെ സ്വരം നമ്മളൊരിക്കലും കേട്ടിട്ടില്ല''-തേജസ്വി പറഞ്ഞു.

സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം ഒരു വാർത്താസമ്മേളനം പോലും നടത്താൻ അവർ തയ്യാറായിട്ടില്ലെന്നും തേജസ്വി പറഞ്ഞു. ''അവർ എന്തെങ്കിലും പറയുന്നത് നിങ്ങളും കേട്ടിരിക്കുമെന്ന് ഞാൻ കരുതുന്നില്ല''-മാധ്യമപ്രവർത്തകരോട് തേജസ്വി പറഞ്ഞു.

പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥിയായ യശ്വന്ത് സിൻഹക്ക് ആർജെഡി നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിഹാറിൽ കോൺഗ്രസും ഇടതു പാർട്ടികളും യശ്വന്ത് സിൻഹക്കൊപ്പമാണ്. അതേസമയം ആർജെഡി സഖ്യകക്ഷിയായ ജെഎംഎം ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

കോൺഗ്രസ് നേതാവ് അജോയ് കുമാർ ദ്രൗപദി മുർമുവിനെതിരെ നടത്തിയ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് തേജസ്വി യാദവും മുർമുവിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യയിലെ വളരെ ദുഷിച്ച ഒരു പ്രത്യയശാസ്ത്രത്തെ പ്രതിനിധീകരിക്കുന്ന സ്ഥാനാർഥിയാണ് ദ്രൗപദി മുർമുവെന്നായിരുന്നു അജോയ് കുമാർ പറഞ്ഞത്. അവരെ ആദിവാസി വിഭാഗത്തിന്റെ പ്രതീകമായി പരിഗണിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

''ദ്രൗപദി മുർമു മാത്രമല്ല യശ്വന്ത് സിൻഹയും നല്ല സ്ഥാനാർഥിയാണ്. മുർമുവും ഒരു മാന്യയായ വ്യക്തിയാണ്. പക്ഷെ അവർ ഇന്ത്യയുടെ വളരെ ദുഷിച്ച ഒരു പ്രത്യയശാസ്ത്രത്തെയാണ് പ്രതിനിധീകരിക്കുന്നത്. അവരെ നമ്മൾ ആദിവാസികളുടെ പ്രതീകമാക്കരുത്. രാംനാഥ് കോവിന്ദ് നമ്മുടെ രാഷ്ട്രപതിയാണ്. ഹാത്രസ് സംഭവമുണ്ടായപ്പോൾ അദ്ദേഹം ഒരക്ഷരം മിണ്ടിയോ? എസ്.സി വിഭാഗത്തിന്റെ അവസ്ഥ വളരെ മോശമാവുകയാണ് ചെയ്തത്''-അജോയ് കുമാർ പറഞ്ഞു.

അതേസമയം വീഡിയോയിലെ വിവാദ പരാമർശങ്ങൾ ബിജെപി കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് അദ്ദേഹം ആരോപിച്ചു. വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത് ബിജെപി ഐ.ടി സെൽ മേധാവി അമിത് മാളവ്യയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News