കെ.സി.ആറിന്റെ ദേശീയ പാർട്ടി പ്രഖ്യാപനം ഉച്ചക്ക് 1.19ന്... എന്തുകൊണ്ട്?

മിഷൻ 2024 എന്ന പേരിലുള്ള ദേശീയ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് ദേശീയ പാർട്ടി പ്രഖ്യാപനം

Update: 2022-10-05 05:03 GMT
Advertising

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്ര സമിതി പ്രസിഡൻറുമായ കെ. ചന്ദ്രശേഖർ റാവുവിന്റെ ദേശീയ പാർട്ടി പ്രഖ്യാപനം ഉച്ചക്ക് 1.19ന് നടക്കും. മുഹൂർത്തമായതിനാലാണ് ഈ സമയത്ത് തെലങ്കാന രാഷ്ട്രസമിതി(ടി.ആർ.എസ്) തങ്ങളുടെ പേര് മാറ്റി ഭാരതീയ രാഷ്ട്ര സമിതിയായി പ്രഖ്യാപനം നടത്തുക. മിഷൻ 2024 എന്ന പേരിലുള്ള ദേശീയ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് പാർട്ടി പ്രഖ്യാപനം.

2018 മുതൽ കെ.സി.ആർ ദേശീയ സ്വപ്‌നം കൊണ്ടുനടക്കുന്നുണ്ട്. ബിജെപിയെയും കോൺഗ്രസിനെയും തുല്യരീതിയിൽ അദ്ദേഹം ആക്രമിക്കാറുണ്ട്. ഇപ്പോൾ ബിജെപിക്കെതിരെ നേരിട്ടുള്ള ആക്രമണങ്ങൾക്കും അദ്ദേഹം വേഗത കൂട്ടിയിട്ടുണ്ട്.

എന്നാൽ സംസ്ഥാന ഭരണത്തിലെ പോരായ്മകൾ മറച്ചുവെക്കാനുള്ള റാവുവിന്റെ തന്ത്രമാണ് ദേശീയ രാഷ്ട്രീയമെന്നാണ് ബിജെപി തെലങ്കാന വക്താവ് എൻ.വി സുഭാഷ് പറയുന്നത്. 'നൂറു കോടി മുടക്കി 12 സീറ്റുള്ള എയർക്രാഫ്റ്റ് വാങ്ങിയത് പുതിയ പാർട്ടിക്കായാണ്, പൊതുപണം ഇങ്ങനെ മോഷ്ടിക്കുന്നത് ബിജെപിക്ക് അംഗീകരിക്കാനാകില്ല' അദ്ദേഹം വിമർശിച്ചു.

നവംബർ നാലിന് മുനുഗോഡെ ഉപതെരഞ്ഞെടുപ്പാണ് ടി.ആർ.എസ്സിന് മുമ്പിലുള്ള ആദ്യ ലക്ഷ്യം. ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഡൽഹി തെരഞ്ഞെടുപ്പുകളിലും പാർട്ടി മത്സരിച്ചേക്കും. ഇന്ന് ഹൈദരാബാദിൽ നടക്കുന്ന യോഗത്തിന് ശേഷം പാർട്ടി അജണ്ടയും വെളിപ്പെടുത്തിയേക്കും. ചിഹ്നമായി കാറും പിങ്ക് നിറവും പാർട്ടി നിലനിർത്തിയേക്കും. എങ്കിലും ദേശീയ പാർട്ടിയാകാൻ ഏറെ കടമ്പകൾ പിന്നെയും ബാക്കിയുണ്ടാകും.

കഴിഞ്ഞ ദിവസം അണികൾക്ക് കോഴിയും മദ്യവും ടിആർഎസ്സിന്റെ മുതിർന്ന നേതാവ് വിതരണം ചെയ്തത് വിവാദമായിരുന്നു. മുതിർന്ന നേതാവായ രാജനാല ശ്രീഹരിയാണ് വാറങ്കലിൽ കോഴിയും മദ്യവും വിതരണം ചെയ്തിരുന്നത്. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെയും മന്ത്രിയും മകനുമായ കെ.ടി. രാമറാവുവിന്റെയും കട്ടൗട്ടുകൾ സ്ഥാപിച്ചായിരുന്നു വിതരണം. സംഭവത്തിന്റെ വീഡിയോ വൈറലായിരുന്നു.

ടി.ആർ.എസിന്റെ പേരുമാറ്റം ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയ്ക്കു പുറത്തുള്ള സംസ്ഥാനങ്ങളിലും പാർട്ടി മത്സരിക്കും. തെരഞ്ഞെടുപ്പിലെ പ്രകടനത്തിന് അനുസരിച്ചായിരിക്കും ദേശീയ പാർട്ടി അവകാശവാദം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും അരങ്ങേറ്റം കുറിച്ചും ദേശീയപാർട്ടി പദവി സ്വന്തമാക്കാനും നീക്കമുണ്ടായേക്കും. ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഡൽഹി എന്നിവിടങ്ങളിൽ സാന്നിധ്യമുറപ്പിക്കാനാണ് ടി.ആർ.എസ് നീക്കം. 2024 തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ താഴെയിറക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കെ.സി.ആർ പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പിക്ക് ദേശീയതലത്തിൽ ബദൽ മുന്നേറ്റമായി ബി.ആർ.എസ് മാറുമെന്ന് അദ്ദേഹം നേതാക്കളെ അറിയിച്ചു.

2024ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയിതര സർക്കാറിനെ തെരഞ്ഞെടുത്താൽ സൗജന്യ വൈദ്യുതി നൽകുമെന്ന് സെപ്തംബർ അഞ്ചിന് ചന്ദ്രശേഖർ റാവു പ്രഖ്യാപിച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പ് നിതീഷ് കുമാറിനെ കണ്ട റാവു ബിജെപി മുക്ത ഭാരതത്തിനായി ആഹ്വാനം ചെയ്തിരുന്നു. രാജ്യത്തെ മിക്ക പ്രശ്നങ്ങൾക്കും കാരണം ബിജെപിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ച പാർട്ടി നേതാക്കൾക്ക് പ്രത്യേക വിരുന്ന് ഒരുക്കിയിരുന്നു കെ.സി.ആർ. മന്ത്രിമാരുമായും തെലങ്കാനയിലെ 33 ജില്ലകളിലെയും ടി.ആർ.എസ് അധ്യക്ഷന്മാരുമാണ് ഇതിൽ പങ്കെടുത്തിരുന്നത്. ശേഷം നടന്ന യോഗത്തിലാണ് ദേശീയ പാർട്ടി രൂപീകരിക്കാനുള്ള തീരുമാനം അദ്ദേഹം നേതാക്കളെ അറിയിച്ചിരുന്നത്.

Telangana Chief Minister and Telangana Rashtra Samithi President K. Chandrasekhar Rao's National Party announcement will be held at 1.19 pm.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News