വിവാഹമോചനക്കേസുകൾ കൊണ്ട് മടുത്തു; വിവാഹച്ചടങ്ങുകൾക്ക് നിരോധനമേർപ്പെടുത്തി ക്ഷേത്രം

ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായ ദമ്പതികൾക്കിടയിലെ വിവാഹമോചന കേസുകൾ വർധിച്ചതാണ് വിവാഹച്ചടങ്ങുകൾ നിർത്തിവെക്കാനുള്ള കാരണമായി പറയുന്നത്

Update: 2025-12-10 04:30 GMT

ബംഗളൂരു: ക്ഷേത്രത്തിൽ വെച്ചോ പള്ളിയിൽ വെച്ചോ വിവാഹങ്ങൾ നടത്തുന്നത് സർവസാധാരണമാണ്. എന്നാൽ ഇനി മുതൽ വിവാഹച്ചടങ്ങുകൾക്ക് വേദിയാവാനൊരുക്കമല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബംഗളൂരുവിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ക്ഷേത്രം. ഹലസുരു സോമേശ്വര സ്വാമി ക്ഷേത്രത്തിലെ പുരോഹിതരാണ് വിവാഹങ്ങൾക്ക് നിരോധനമേർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. ബംഗളൂരുവിൽ ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടന്ന ഈ ക്ഷേത്രത്തിൽ വിവാഹച്ചടങ്ങുകൾ നിർത്തിവെക്കാനുള്ള കാരണമായി പറയുന്നത് ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായ ദമ്പതികൾക്കിടയിലെ വിവാഹമോചന കേസുകൾ വർധിച്ചതാണ്.

Advertising
Advertising

ബംഗളൂരുവിലെ ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്ന പൈതൃക ആരാധനാലയങ്ങളിൽ ഒന്നാണ് ഹലസുരു സോമേശ്വര സ്വാമി ക്ഷേത്രം. ക്ഷേത്രത്തിൽ വെച്ച് വിവാഹം നടത്താൻ ക്ഷേത്ര ഭാരവാഹികൾ സമ്മതിക്കുന്നില്ലെന്ന് കാണിച്ച് കർണാടക മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു യുവാവ് പരാതിയുമായെത്തിയിരുന്നു. ഇതിന്റെ കാരണം തേടി മുഖ്യമന്ത്രിയുടെ ഓഫീസ് ക്ഷേത്രത്തിന് കത്തു നൽകിയപ്പോഴാണ് വിവാഹച്ചടങ്ങുകൾ നിർത്താനുള്ള ക്ഷേത്രത്തിന്റെ തീരുമാനമറിയിക്കുന്നത്.

ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായ ദമ്പതികൾ വേർപിരിയുമ്പോൾ നിയമപരമായ കാര്യങ്ങൾക്കായി ക്ഷേത്രത്തെ സമീപിക്കുന്നത് പതിവായതോടെയാണ് ക്ഷേത്ര ഭാരവാഹികളുടെ തീരുമാനം. വിവാഹമോചന കേസുകളിൽ നടപടികൾ നടക്കുമ്പോൾ വിവാഹത്തിൻ കാർമികത്വം വഹിച്ച പുരോഹിതന്മാരോട് കോടതിയിൽ ഹാജരാകാൻ നിർദേശിക്കുന്നതാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ നിർബന്ധിതരായതെന്ന് ക്ഷേത്ര അധികാരികൾ വെളിപ്പെടുത്തിയതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. വർഷത്തിൽ 100 മുതൽ 150 വരെ വിവാഹങ്ങൾ നടത്തിയിരുന്ന ക്ഷേത്രമാണിത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാത്രം ക്ഷേത്ര അധികൃതർക്ക് 50ൽ അധികം വിവാഹമോചന പരാതികൾ കൈകാര്യം ചെയ്യേണ്ടി വന്നതായാണ് റിപ്പോർട്ട്.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News