ദലിതർക്ക് പ്രവേശനം നിഷേധിച്ചു; തമിഴ്‌നാട്ടിൽ വീണ്ടും ക്ഷേത്രം പൂട്ടി സീൽചെയ്തു

ജാതിവിവേചനത്തെ തുടർന്ന് കഴിഞ്ഞ ദിവസം വില്ലുപുരത്തെ ധർമരാജ ദ്രൗപദി അമ്മൻ ക്ഷേത്രവും റവന്യൂ അധികൃതർ പൂട്ടി സീൽവച്ചിരുന്നു

Update: 2023-06-10 07:08 GMT
Editor : Shaheer | By : Web Desk
Advertising

ചെന്നൈ: ദലിതർക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് വീണ്ടും ക്ഷേത്രം അടപ്പിച്ച് തമിഴ്‌നാട് സർക്കാർ. തമിഴ്‌നാട്ടിലെ കാരൂർ ജില്ലയിൽ ദലിത് വിഭാഗക്കാർക്ക് പ്രവേശനം തടഞ്ഞ ക്ഷേത്രമാണ് ഉദ്യോഗസ്ഥരെത്തി സീൽ ചെയ്ത് പൂട്ടിയത്. ദിവസങ്ങൾക്കുമുൻപ് ജാതിവിവേചനത്തിന്റെ പേരിൽ വില്ലുപുരത്തും ക്ഷേത്രം പൂട്ടിച്ചിരുന്നു.

കാരൂരിലെ വീരനാംപട്ടയിലുള്ള ശ്രീകാളിയമ്മൻ ക്ഷേത്രത്തിന്റെതിരെയാണ് നടപടി. ഊരാളി ഗൗണ്ടർ സമുദായത്തിനു ഭൂരിപക്ഷമുള്ള പ്രദേശമാണിത്. വൈശാഖം ഉത്സവത്തിനിടെ കഴിഞ്ഞ ജൂൺ ഏഴിന് ക്ഷേത്രത്തിൽ പ്രവേശിച്ച ദലിത് യുവാവായ പി. ശക്തിവേലിനെ പൂജാരിയും ക്ഷേത്രം അധികൃതരും ചേർന്ന് കൈയേറ്റം ചെയ്യുകയും വലിച്ചിഴത്ത് പുറത്താക്കുകയും ചെയ്തതാണ് പ്രശ്‌നങ്ങൾക്കു തുടക്കം.

ക്ഷേത്രത്തിൽ കൈയേറ്റം ചെയ്യുകയും പ്രവേശനം നിഷേധിക്കുകയും ചെയ്ത സംഭവത്തിൽ ശക്തിവേൽ പൊലീസിൽ പരാതി നൽകി. നൂറുകണക്കിനു ദലിതുകൾ ക്ഷേത്രത്തിലേക്ക് പ്രതിഷേധവുമായെത്തി. ഇതിനെതിരെ ഗൗണ്ടർ സമുദായക്കാർ ക്ഷേത്രത്തിനുമുന്നിൽ നിലയുറപ്പിക്കുകയും ചെയ്തു. ഇതു സംഘർഷാവസ്ഥയിലേക്ക് നീങ്ങിയതോടെ റവന്യു ഉദ്യോഗസ്ഥർ ഇടപെടുകയായിരുന്നു.

ഉദ്യോഗസ്ഥർ സ്ഥലത്തെത്തി 'ഉയർന്ന' ജാതിക്കാരുമായി ചർച്ച നടത്തിയെങ്കിലും ഇവർ വഴങ്ങിയില്ല. ദലിതരെ ക്ഷേത്രത്തിൽ കയറ്റാനാകില്ലെന്ന നിലപാടിൽ ഇവർ ഉറച്ചുനിന്നു. ഇതോടെയാണ് ഉദ്യോഗസ്ഥരെത്തി ക്ഷേത്രം പൂട്ടി സീൽവച്ചത്.

തങ്ങളുടെ ക്ഷേത്രമാണിതെന്നും പരിപാലനമടക്കം എല്ലാം നോക്കിനടത്തുന്നത് തങ്ങളാണെന്നുമാണ് ഗൗണ്ടർ സമുദായത്തിന്റെ വാദം. ഒരു സമുദായത്തോടും വിവേചനമില്ലെന്നും വർഷങ്ങളായി തുടർന്നുവരുന്ന ആചാരം സംരക്ഷിക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും ഇവർ അവകാശപ്പെടുന്നു. എന്നാൽ, സർക്കാർ പുറമ്പോക്കുഭൂമിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നെന്ന് ദലിത് വിഭാഗക്കാർ ചൂണ്ടിക്കാട്ടുന്നു. ദലിതരായതിന്റെ പേരിൽ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടയാൻ ആർക്കും അവകാശമില്ലെന്നും അവർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വില്ലുപുരത്തെ മേൽപതിയിലുള്ള ധർമരാജ ദ്രൗപദി അമ്മൻ ക്ഷേത്രം ജാതിവിവേചനത്തെ തുടർന്ന് അധികൃതർ പൂട്ടി സീൽവച്ചത്. ദലിതർ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന തടഞ്ഞതിനെതിരെ പ്രതിഷേധം ഉയർന്നതോടെയാണ് റവന്യു ഉദ്യോഗസ്ഥരെത്തി നടപടിയെടുത്തത്.

Summary: Revenue Department seals Kaliyamman temple at Veeranmpatti in Karur, Tamil Nadu, after the action against Villupuram temple after denying entry to Dalits

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News