ഇന്ന് ​ഗാന്ധിജയന്തി;രാഷ്ട്രപിതാവിന്‍റെ 156-മത് ജന്മദിന ഓർമയിൽ രാജ്യം

മതഭ്രാന്തൻ്റെ വെടിയേറ്റ് രാഷ്ട്രപിതാവ് മരണത്തിന് കീഴടങ്ങിയെങ്കിലും അദ്ദേഹം നട്ട തൈകൾ തണൽമരങ്ങളായി സബർമതിയിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്.

Update: 2025-10-02 02:43 GMT

Photo| MediaOne

അഹമ്മ​ദാബാദ്: ജീവിതത്തെ സത്യാന്വേഷണത്തിനുള്ള പാതയാക്കിയ മഹാത്മാഗാന്ധിയുടെ 156-മത് ജന്മദിനത്തിന്റെ നിറവിൽ രാജ്യം. അഹിംസയുടെയും നേരിന്റെയും വഴി ലോകത്തിന് കാട്ടിനൽകുന്നതിനായി ഗാന്ധി ഏറെക്കാലം ജീവിച്ച ഇടമാണ് സബർമതി ആശ്രമം. ഗുജറാത്തിൻ്റെ തലസ്ഥാനമായ അഹമ്മദാബാദിലാണ് ഈ ഗാന്ധി ആശ്രമം. ​ഗാന്ധിസ്മരണകൾ കൊണ്ട് സമ്പന്നമായ സബർമതി നദീതീരത്തെ ഈ ആശ്രമം സ്വാതന്ത്ര സമരകാലത്തെ ഉഴുന്നുമറിച്ച ഭൂമിയാണ്. ചരിത്ര പ്രസിദ്ധമായ ഉപ്പുസത്യാഗ്രഹത്തിനായി ദണ്ഡികടപ്പുറത്തേയ്ക്ക് 78 അനുയായികളോടൊപ്പം മഹാത്മാഗാന്ധി നടന്നുതുടങ്ങിയത് ഈ ആശ്രമത്തിൽ നിന്നാണ്.

Advertising
Advertising

ദക്ഷിണാഫ്രിക്കയിൽ നിന്നും മടങ്ങിയെത്തിയ മഹാത്മഗാന്ധി കൊച്ചാർബിലാണ് ആദ്യമായി ആശ്രമം തുടങ്ങിയത്. കൃഷി,നൂൽനൂൽപ്പ്,,കാലിവളർത്തൽ,കൈതൊഴിൽ എന്നിങ്ങനെ സാശ്രയത്വ പരീക്ഷണങ്ങൾക്ക് കൂടുതൽ സ്ഥലം വേണ്ടിവന്നതോടെയാണ് 1917 ജൂൺ 17-ന് ഈ പ്രദേശത്തേയ്ക്ക് ആശ്രമം മാറ്റിയത്. ജാതി യുടെ പേരിൽ മനുഷ്യരെ അകറ്റി നിർത്തിയിരുന്ന അന്നത്തെ ഇന്ത്യയിൽ ഗാന്ധിയുടെ പരീക്ഷണങ്ങൾ അമ്പരപ്പ് സൃഷ്ടിച്ചു. ആശ്രിതരായും സതീർഥ്യരായും ഒരുപാടുകളായതോടെ കൂട്ടുജീവിതത്തിനായി ആശ്രമഭരണഘടന എഴുതിയുണ്ടാക്കി.4 മണിക്ക് ഉണരുന്ന ആശ്രമം 9 മണി വരെ സജീവമാണ്. പച്ചക്കറി നുറുക്കൽ മുതൽ കക്കൂസ്മാലിന്യം വൃത്തിയാക്കുന്നത് വരെയുള്ള കാര്യങ്ങൾ എല്ലാവരും ഏറ്റെടുത്ത് ചെയ്യും. ശബ്‌ദമധുരമില്ലാത്ത പ്രാർഥനയെ മഹാത്മാവ് ഒട്ടുമേ ഇഷ്ടപ്പെട്ടിരുന്നില്ല. സ്വദേശി,നിർഭയത്വം,സമത്വം എന്നീ ആശയങ്ങൾ പകർന്നുനൽകിയ ഗാന്ധി ആശ്രമത്തിലേക്ക് നൂറ്കണക്കിന് പേരാണ് സന്ദർശകരായി എത്തുന്നത്. ഹിന്ദു_മുസ്ലീം മതമൈത്രിയുടെ പാഠശാലകൂടിയായിരുന്ന ആശ്രമത്തിൽ പക്ഷെ, മനുഷ്യർക്ക് മാത്രമല്ല സഹജീവികൾക്കും ഇടം നൽകാറുണ്ടായിരുന്നു.

പിൽകാലത്ത്, ഉപ്പുസത്യാഗ്രഹത്തെതുടർന്ന് അറുപതിനായിരം സ്വാതന്ത്ര്യസമര സേനാനികളെ കൊണ്ട് ഇന്ത്യൻ ജയിലുകൾ നിറഞ്ഞു. സമരത്തിൽ പങ്കെടുത്തവരുടെ സ്വത്തുക്കൾ കണ്ട്കെട്ടിയപ്പോൾ സബർമതി ആശ്രമവും ഏറ്റെടുക്കാൻ ബ്രിട്ടീഷ്സർക്കാരിനോട് ആവശ്യപ്പെട്ടു. അതിനുള്ള ധൈര്യം അവർക്കുണ്ടായില്ല. സ്വാതന്ത്രം ലഭിക്കാതെ ഇനി ആശ്രമത്തിൽ കാലുകുത്തില്ലെന്ന് മഹാത്മാഗാന്ധി പറഞ്ഞു.സ്വാതന്ത്രത്തിൻ്റെ മധുരത്തിനൊപ്പം വിഭജനത്തിൻ്റേയും വർഗീയതയുടേയും കയ്പിൽ കൂടിയാണ് രാജ്യം കടന്നുപോയത്.ആ മുറിവുണക്കാനുള്ള പാച്ചിലിനിടയിൽ സബർമതിയിലേക്ക് തിരികെ എത്താൻ ഗാന്ധിജിയ്‌ക്ക് കഴിഞ്ഞില്ല. മതഭ്രാന്തൻ്റെ വെടിയേറ്റ് രാഷ്ട്രപിതാവ് മരണത്തിന് കീഴടങ്ങിയെങ്കിലും അദ്ദേഹം നട്ട തൈകൾ തണൽമരങ്ങളായി സബർമതിയിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Contributor - Web Desk

contributor

Similar News