ഷിന്‍ഡെക്ക് കൈ കൊടുത്ത് എംഎന്‍എസ്; അപ്രതീക്ഷിത നീക്കവുമായി രാജ് താക്കറെ, ഉദ്ധവിന് തിരിച്ചടി

ഉദ്ധവ് താക്കറെയുമായി കൈകോര്‍ത്ത് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിനെ നേരിട്ടതിനു തൊട്ടുപിന്നാലെയാണ് നീക്കം

Update: 2026-01-21 14:53 GMT

ഏക്‌നാഥ് ഷിന്‍ഡെ, രാജ് താക്കറെ (ഫയല്‍ ചിത്രം)

മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടുമൊരു അപ്രതീക്ഷിത രാഷ്ട്രീയ നീക്കം. രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) കല്യാണ്‍ ഡോംബിവ്‌ലി മുനിസിപ്പല്‍ കോര്‍പറേഷനില്‍ ഏക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചു. ഉദ്ധവ് താക്കറെയുമായി കൈകോര്‍ത്ത് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിനെ നേരിട്ടതിനു തൊട്ടുപിന്നാലെയാണ് ഉദ്ധവിന്റെ എതിരാളിയായ ഷിന്‍ഡെക്ക് എംഎന്‍എസ് കൈകൊടുത്തിരിക്കുന്നത്.

കല്യാണ്‍ ഡോംബിവ്‌ലി കോര്‍പറേഷനില്‍ ഷിന്‍ഡെ വിഭാഗം ശിവസേനയാണ് 53 സീറ്റുമായി വലിയ ഒറ്റക്കക്ഷിയായത്. 50 സീറ്റുമായി ബിജെപിയാണ് രണ്ടാമത്. ഉദ്ധവ് വിഭാഗം ശിവസേനക്ക് 11 സീറ്റും എംഎന്‍എസിന് അഞ്ച് സീറ്റും കോണ്‍ഗ്രസിന് രണ്ട് സീറ്റും എന്‍സിപിക്ക് ഒരു സീറ്റുമാണുള്ളത്. 122 അംഗ കോര്‍പറേഷനില്‍ 62 സീറ്റാണ് അധികാരത്തിലെത്താന്‍ ആവശ്യം. എംഎന്‍സിനെ ഒപ്പം നിര്‍ത്തുന്നതോടെ ഷിന്‍ഡെ വിഭാഗത്തിന് 58 പേരുടെ പിന്തുണയാകും. ഇതോടെ, മേയര്‍ സ്ഥാനത്തിനായി കൂടുതല്‍ ശക്തമായി അവകാശവാദം ഉന്നയിക്കാമെന്നാണ് ഇവരുടെ കണക്കൂകൂട്ടല്‍.

Advertising
Advertising

കോര്‍പറേഷന്റെ വികസനം മുന്‍നിര്‍ത്തിയാണ് എംഎന്‍എസ് ശിവസേനക്ക് പിന്തുണ പ്രഖ്യാപിച്ചതെന്ന് കല്യാണ്‍ എംപി ശ്രീകാന്ത് ഷിന്‍ഡെ പറഞ്ഞു. അതേസമയം, സഖ്യകക്ഷിയായ ബിജെപിയെ ഒപ്പം കൂട്ടാതെ സ്വന്തമായി അധികാരത്തിലേറാനുള്ള ഷിന്‍ഡെ വിഭാഗത്തിന്റെ നീക്കമാണെന്നും വിലയിരുത്തലുണ്ട്. മേയര്‍ പദവി രണ്ടരവര്‍ഷമായി വീതംവയ്ക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ഇതിനെ മറികടക്കാനാണ് നീക്കമെന്നാണ് വിലയിരുത്തലുകള്‍. ജനുവരി 22നാണ് കോര്‍പറേഷനുകളില്‍ മേയര്‍ തിരഞ്ഞെടുപ്പ് നടക്കുക.

മഹാരാഷ്ട്രയില്‍ 20 വര്‍ഷത്തിനുശേഷമാണ് താക്കറെ സഹോദരങ്ങള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഒന്നിച്ചത്. ഒരുമിച്ച് മത്സരിച്ചിട്ടും താക്കറെ കുടുംബത്തിന്റെ ശക്തികേന്ദ്രമായ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഭരണം ഇത്തവണ ബിജെപി നേതൃത്വത്തില്‍ മഹായുതി സഖ്യം പിടിച്ചെടുത്തിരുന്നു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News