സ്ത്രീധനമായി സ്കോർപിയോയും 25 ലക്ഷവും നൽകിയില്ല; യുവതിയുടെ ശരീരത്തിൽ എച്ച്ഐവി കുത്തിവച്ച് ഭർതൃകുടുംബം
വിവാഹസമയത്ത് സ്ത്രീധനമായി കാറും 15 ലക്ഷം രൂപയും നൽകിയിരുന്നു
ഹരിദ്വാർ: ആവശ്യപ്പെട്ട സ്ത്രീധനം നൽകാത്തതിന് ഭർതൃവീട്ടുകാർ യുവതിയുടെ ശരീരത്തിൽ എയ്ഡ്സിന് കാരണമാകുന്ന വൈറസായ എച്ച്ഐവി കുത്തിവച്ചെന്നും ശാരീരികമായി പീഡിപ്പിച്ചെന്നും പരാതി. ഉത്തർ പ്രദേശ് സ്വദേശിയായ യുവതിയുടെ പിതാവിന്‍റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു.
2023 ഫെബ്രുവരി 15നാണ് യുവതിയെ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽനിന്നുള്ള നാതിറാം സൈനിയുടെ മകൻ അഭിഷേക് എന്ന സച്ചിൻ വിവാഹം കഴിക്കുന്നത്. വിവാഹസമയത്ത് സ്ത്രീധനമായി കാറും 15 ലക്ഷം രൂപയും നൽകിയിരുന്നു. പിന്നീട് സ്കോർപിയോ വാഹനവും 25 ലക്ഷം രൂപയും ആവശ്യപ്പെടാൻ തുടങ്ങിയതായി പിതാവിന്‍റെ പരാതിയിൽ പറയുന്നു. ഇത് വിസമ്മതിച്ചതോടെ ഭർതൃവീട്ടുകാർ യുവതിയെ വീട്ടിൽനിന്ന് പുറത്താക്കി.
പിന്നീട് ഹരിദ്വാറിലെ ജസ്വാവാല ഗ്രാമത്തിലെ പഞ്ചായത്തിന്‍റെ ഇടപെടലിനെത്തുടർന്ന് ഇവരെ ഭർതൃവീട്ടിലേക്ക് തിരിച്ചയച്ചു. അവിടെവച്ച് വീണ്ടും ശാരീരികവും മാനസികവുമായ പീഡനം അനുഭവിക്കേണ്ടി വന്നുവെന്ന് പിതാവ് പരാതിയിൽ പറഞ്ഞു.
കുറച്ചുദിവസങ്ങൾക്കുശേഷം യുവതിയുടെ ആരോഗ്യം വഷളാകാൻ തുടങ്ങി. ഇതോടെ മാതാപിതാക്കൾ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൈദ്യപരിശോധനയ്ക്ക് ശേഷം എച്ച്ഐവി ബാധയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ, ഭർത്താവ് അഭിഷേകിനെ പരിശോധിച്ചപ്പോൾ എച്ച്ഐവി നെഗറ്റീവായിരുന്നു.
ഇതോടെ പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതിക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. തുടർന്ന് പരാതിക്കാരൻ പ്രാദേശിക കോടതിയെ സമീപിച്ചു. കോടതിയുടെ ഉത്തരവനുസരിച്ച് സ്ത്രീധന പീഡനം, ആക്രമണം, കൊലപാതകശ്രമം തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ പ്രകാരം ഗംഗോ കോട്‌വാലി പൊലീസ് അഭിഷേകിനും മാതാപിതാക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.