പുതിയ പാർലമെന്റ് ഉദ്ഘാടനം രണ്ട് ഘട്ടമായി; ആരംഭം പ്രത്യേക പൂജകളോടെ

ലോക്സഭാ സെക്രട്ടറി ജനറലിന്റെ നന്ദി പ്രസംഗത്തോടെയാണ് ചടങ്ങുകൾ അവസാനിക്കുക.

Update: 2023-05-26 11:57 GMT
Advertising

ന്യൂഡൽഹി: രാജ്യത്തിന്റെ പുതിയ പാർലമെന്റ് ഉദ്ഘാടനം രണ്ട് ഘട്ടമായി. മെയ്‌ 28ന് രാവിലെ 7.30ന് പ്രത്യേക പൂജകളോടെയാണ് ആദ്യ ഘട്ട ചടങ്ങുകൾ ആരംഭിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർള, രാജ്യസഭാ ഉപാധ്യക്ഷൻ, കേന്ദ്ര മന്ത്രിമാർ തുടങ്ങിയവർ പൂജയിൽ പങ്കെടുക്കും. പൂജയ്‌ക്കു ശേഷം പാർലമെന്റ്‌ മന്ദിരത്തിൽ പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിക്കും.

ഇതിനു പിന്നാലെ പുതിയ പാർലമെന്റിനകത്ത് നടക്കുന്ന പ്രാർഥനകളോടെ ആദ്യഘട്ടം അവസാനിക്കും. 12 മണിക്ക് ദേശീയ ഗാനത്തോടെ രണ്ടാം ഘട്ട ചടങ്ങുകൾ ആരംഭിക്കും. ചടങ്ങിൽ രാഷ്‌ട്രപതിയുടെയും ഉപരാഷ്‌ട്രപതിയുടെയും സന്ദേശം രാജ്യസഭാ ഉപാധ്യക്ഷൻ വായിക്കും.

തുടർന്ന്, പുതിയ പാർലമെന്റ് മന്ദിരം ആലേഖനം ചെയ്ത പ്രത്യേക സ്റ്റാമ്പും 75 രൂപയുടെ നാണയവും പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കും. പിന്നാലെ പ്രധാനമന്ത്രി സദസിനെ അഭിസംബോധന നടക്കും. ലോക്സഭാ സെക്രട്ടറി ജനറലിന്റെ നന്ദി പ്രസംഗത്തോടെയാണ് ചടങ്ങുകൾ അവസാനിക്കുന്നത്.

അതേസമയം, ചെങ്കോലുമായി ബന്ധപ്പെട്ട വിവാദം ശക്തമാവുകയാണ്. ബിജെപിയുടേത് വ്യാജ പ്രചാരണങ്ങളാണെന്നും ചെങ്കോൽ അധികാര കൈമാറ്റത്തിന്റെ പ്രതീകമെന്ന വാദത്തിന് തെളിവില്ല എന്നും കോൺഗ്രസ് ആരോപിച്ചു. അധികാരക്കൈമാറ്റത്തിന്റെ ഭാഗമായി ബ്രിട്ടൻ ഇന്ത്യക്ക് സ്വർണച്ചെങ്കോൽ കൈമാറിയെന്ന കഥ വ്യാജമാണെന്ന് പാർട്ടി ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് ചൂണ്ടിക്കാട്ടി.

വാട്ട്സ്ആപ്പ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ലഭിച്ച വിവരമാകും ഇതെന്നും അദ്ദേഹം പരിഹസിച്ചു. എന്നാൽ കോൺഗ്രസ്‌ എന്തുകൊണ്ടാണ് ഇന്ത്യൻ പാരമ്പര്യത്തെയും സംസ്‌കാരത്തെയും ഇത്രയധികം വെറുക്കുന്നത് എന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചോദ്യം.

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം ബഹിഷ്കരിക്കാനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഇരുപതോളം പാര്‍ട്ടികളുടെ തീരുമാനം. രാഷ്ട്രപതിക്കു പകരം പ്രധാനമന്ത്രി പാര്‍ലമെന്‍റ് ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. 




Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News