യുപിയിലെ മദ്‌നി മസ്ജിദ് പൊളിക്കൽ: നടപടിക്ക്​ പിന്നിൽ ബിജെപി നേതാക്കളുടെ ഇടപെടൽ

കൈയേറ്റ ആരോപണം നിഷേധിച്ച്​ മസ്​ജിദ്​ കമ്മിറ്റി

Update: 2025-02-15 06:01 GMT

ഗൊരഖ്​പുർ: ഉത്തർ പ്രദേശിലെ ഖുശിനഗർ ജില്ലയിലെ ഹാതയിലുള്ള മദ്​നി മസ്​ജിദിന്‍റെ ഭാഗങ്ങൾ പൊളിച്ചുനീക്കിയത്​ ബിജെപി നേതാക്കളുടെ ഇടപെടലിന്‍റെ അടിസ്ഥാനത്തിൽ. അനധികൃത കൈയേറ്റം ആരോപിച്ചാണ്​ ഫെബ്രുവരി ഒമ്പതിന്​ ഖുശിനഗർ ജില്ലാ ഭരണകൂടം മസ്ജിദിന്റെ ഒരു ഭാഗം ബുൾഡോസറുകൾ ഉപയോഗിച്ച്​ പൊളിച്ചുമാറ്റിയത്​.

ബുൾഡോസറുകൾ ഉപയോഗിച്ചതോടെ പള്ളിയുടെ എല്ലാ ചുമരുകളിലും കാര്യമായ വിള്ളലുകൾ വീണിട്ടുണ്ട്​​. ഇത്​ കെട്ടിടത്തിന്‍റെ നിലനിൽപ്പിന്​ തന്നെ ഭീഷണിയാണ്​. പള്ളിയിലെ നിയമവിരുദ്ധ ഭാഗം സമാധാനപരമായി പൊളിച്ചുമാറ്റിയെന്നാണ്​ തദ്ദേശ ഭരണകൂടം പറയുന്നത്​. എന്നാൽ, ഭരണകൂട നടപടി ഏകപക്ഷീയമാണെന്ന് മദ്‌നി മസ്ജിദിന്‍റെ ചീഫ് അഡ്മിനിസ്ട്രേറ്റർ ഹാജി ഹമീദ് ഖാൻ കുറ്റപ്പെടുത്തി. നുണകളുടെ അടിസ്ഥാനത്തിലാണ് പള്ളി തകർത്തത്​. നിയമവിധേയമായി രജിസ്റ്റർ ചെയ്ത ഭൂമിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നതെന്നും നഗരസഭയുടെ അംഗീകൃത പദ്ധതികൾക്കനുസൃതമായാണ് ഇത് നിർമ്മിച്ചതെന്നും നഗരസഭയുടെ നോട്ടീസിന് മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊളിക്കൽ നടപടി സുപ്രീം കോടതിയുടെ നിർദ്ദേശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം വ്യക്​തമാക്കി.

Advertising
Advertising

പള്ളിയുടെ ഭാഗങ്ങൾ പൊളിക്കുന്നത്​ സംബന്ധിച്ച്​ നഗരസഭയിൽനിന്ന് ഒരു മുന്നറിയിപ്പും ലഭിച്ചിട്ടില്ലെന്ന് പള്ളിയുമായി ബന്ധപ്പെട്ടവർ പറയുന്നു. അധികൃതർ അപ്രതീക്ഷിതമായി ജെസിബിയുമായി എത്തുകയായിരുന്നു. എന്നിട്ട്​ ചുമരിൽ നോട്ടീസ് ഒട്ടിക്കുകയും അതിന്‍റെ ഫോട്ടോ എടുത്തശേഷം നീക്കുകയും ചെയ്തു. പൊളിക്കൽ ആരംഭിക്കുന്നതിന് മുമ്പ് പള്ളിയിലെ സിസിടിവി കാമറയുടെ വയറുകൾ വിച്ഛേദിച്ചു. നടപടി പൂർത്തിയായ ശേഷം പള്ളിയുടെ പിന്നിലുള്ള നഗരസഭാ ഓഫീസിന്‍റെ തൂണിനോട് ചേർന്ന് പുതിയ സിസിടിവി കാമറ സ്ഥാപിക്കുകയും ചെയ്തു.

പള്ളി പൊളിക്കുന്നതിന് രണ്ടാഴ്ച മുമ്പ്, 20 വർഷം മുമ്പ് നഗരസഭ നിർമ്മിച്ച അതിർത്തി മതിൽ അധികൃതർ പൊളിച്ചുമാറ്റിയിരുന്നു. അതേദിവസം തന്നെ ഹാത പൊലീസ് മസ്​ജിദ്​ കമ്മിറ്റി സെക്രട്ടറി സഖിർ അലി, ജാഫർ, സാക്കിർ എന്നിവർക്കെതിരെയും മറ്റുള്ളവർക്കെതിരെയും വിവിധ വകുപ്പുകൾ ചേർത്ത്​ എഫ്​ഐആർ ഫയൽ ചെയ്തു. വ്യാജ രേഖകൾ നിർമ്മിച്ചു, നിയമവിരുദ്ധമായി ഭൂമി കൈവശപ്പെടുത്തി, ക്രിമിനൽ ആവശ്യങ്ങൾക്കായി കടകൾ, വീടുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവ നിർമ്മിച്ചു തുടങ്ങിയ കുറ്റങ്ങളാണ്​ പള്ളി കമ്മിറ്റി അംഗങ്ങൾക്കെതിരെ ചുമത്തിയിട്ടുള്ളത്​.

ഹാത നഗരസഭയിലെ 21-ാം വാർഡിൽ കരംഹ തിറാഹയ്ക്ക് സമീപമാണ് മദ്‌നി മസ്ജിദ് സ്ഥിതി ചെയ്യുന്നത്. 1988ൽ തദ്ദേശവാസിയായ ഹാജി ഹമീദ് ഖാനാണ്​ 29 സെന്‍റ്​ ഭൂമി വാങ്ങുന്നത്​. 1999 സെപ്റ്റംബർ 25ന് മദ്‌നി മസ്ജിദിന്റെ നിർമ്മാണ പദ്ധതിക്ക് നഗരസഭയിൽനിന്ന്​ ഔദ്യോഗിക അംഗീകാരം ലഭിച്ചു.

എന്നാൽ, നിർമ്മാണം ആരംഭിച്ചപ്പോൾ തന്നെ തർക്കങ്ങൾ ഉയർന്നുവന്നു. 2000 ഏപ്രിൽ 18ന് നഗരസഭ അംഗീകൃത പ്ലാനുകൾ റദ്ദാക്കി. ഇതേതുടർന്ന്​ പള്ളിയുടെ നടത്തിപ്പുകാർ ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്തു. തുടർന്ന് 2006 ഏപ്രിൽ 12ന് അലഹബാദ് ഹൈക്കോടതി നഗസഭയുടെ ഉത്തരവ് റദ്ദാക്കി. അംഗീകൃത പദ്ധതികൾക്കനുസൃതമായി 1999നും 2002നും ഇടയിൽ പള്ളിയുടെ നിർമ്മാണം പൂർത്തിയായെന്നും പള്ളി ഭരണാധികാരികൾ പറഞ്ഞു. അതിനുശേഷം അധിക നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടില്ല, തൊട്ടടുത്തുള്ള ഭൂമിയിൽ കൈയേറ്റവും ഉണ്ടായിട്ടില്ലെന്നും ഇവർ പറയുന്നു.

നഗരസഭ ഓഫീസിന് പിന്നിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. കൂടാതെ ഇതിന്​ സമീപമായി കന്നുകാലി തൊഴുത്ത്, പൊലീസ് സ്റ്റേഷൻ എന്നിവയുമുണ്ട്​. പള്ളിയുടെ നിർമ്മാണ സമയത്ത് തർക്കങ്ങളിൽനിന്ന് ഭൂമിയെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ്​ നഗരസഭ അതിർത്തി മതിൽ സ്ഥാപിക്കുന്നത്​. തുടർന്ന് മസ്ജിദ് കമ്മിറ്റി ഈ അതിർത്തി മതിലിനോട്​ ചേർന്ന്​ ഷെഡ് നിർമ്മിച്ചു. അത് ശുചിമുറിയായി ഉപയോഗിച്ചുവരികയായിരുന്നു.

പള്ളിക്കെതിരെ ബിജെപി നേതാവ് രാം ബച്ചൻ സിങ്​ പരാതിപ്പെട്ടതോടെയാണ് വീണ്ടും പ്രശ്നം ഉടലെടുത്തത്. വിശ്വ ഹിന്ദു പരിഷത്ത്​ പ്രവർത്തകനായ ബച്ചൻ സിങ് രാമജന്മഭൂമി പ്രസ്ഥാനത്തിൽ സജീവ പങ്കുവഹിച്ചയാളാണ്​. രാമക്ഷേത്രത്തിന്‍റെ നിർമ്മാണം പൂർത്തിയായതിനെത്തുടർന്നാണ്​ അദ്ദേഹം ബിജെപിയിൽ ചേരുന്നത്​. പള്ളി അധികൃതർ നഗരസഭയുടെ ഭൂമി കൈയേറുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അംഗീകൃത പ്ലാൻ ലംഘിച്ചാണ് പള്ളിയുടെ നിർമ്മാണം നടന്നതെന്നും അദ്ദേഹം പറയുന്നു.

രണ്ട് പതിറ്റാണ്ടായി മസ്ജിദ് കമ്മിറ്റി സർക്കാർ ഭൂമി കൈയേറിയതിനെക്കുറിച്ച് താൻ പരാതിപ്പെടുന്നുണ്ടെന്നും എന്നാൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും സിങ്​ പറയുന്നു. നഗരസഭയുടെ മതിലിന് കേടുപാട്​ സംഭവിച്ചതായും ഇത് അവരുടെ ഭൂമി കൈയേറുന്നതിലേക്ക്​ നയിച്ചതായും അദ്ദേഹം ആരോപിച്ചു.

പള്ളി കമ്മിറ്റി നടത്തുന്ന അനധികൃത നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബോധിപ്പിക്കാനായി 2024 ഡിസംബർ 17ന് ഇദ്ദേഹം ലഖ്‌നൗവിലേക്ക് പോയി. എന്നാൽ, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ കഴിയാതെ വന്നതോടെ കുശിനഗർ ജില്ലയിലെ ആറ് ബിജെപി എംഎൽഎമാർക്കും അദ്ദേഹം പരാതി നൽകി. ഇതോടെ ഈ എംഎൽഎമാർ മുഖ്യമന്ത്രിയെ കണ്ടു. ഈ യോഗത്തിന് ശേഷം യോഗി ആദിത്യനാഥ് ജില്ലാ മജിസ്‌ട്രേറ്റിനോട് നടപടിയെടുക്കാൻ നിർദേശിക്കുകയായിരുന്നു.

2024 ഡിസംബർ 18ന് ഹാത സബ്-ഡിവിഷണൽ മജിസ്‌ട്രേറ്റ് ഭൂമി അളന്നു തിട്ടപ്പെടുത്തി ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് സമർപ്പിച്ചു. കൂടാതെ റവന്യൂ വകുപ്പും റിപ്പോർട്ട് തയ്യാറാക്കി. ഈ അളവെടുപ്പിനുശേഷം പള്ളി അധികൃതർ മതിലിനോട്​ ചേർന്ന ഷെഡ് പൊളിച്ചുമാറ്റി.

ഭൂമി അളന്നപ്പോൾ കൈയേറ്റം കണ്ടെത്തിയിട്ടില്ലെന്ന് പള്ളി അധികാരികൾ അവകാശപ്പെടുന്നു. കൂടാതെ മദ്‌നി മസ്ജിദിന്‍റെ 29 സെന്‍റ്​ ഭൂമിയേക്കാൾ ഒരു സെന്‍റ്​ കുറവാണെന്നാണ്​ കണ്ടെത്തിയിട്ടുള്ളത്​. എന്നാൽ, 2024 ഡിസംബർ 21നും ജനുവരി എട്ടിനും ഹാത നഗർ പാലികയുടെ എക്സിക്യൂട്ടീവ് ഓഫീസറായ മീനു സിങ്​ പള്ളി മാനേജർമാരായ അസീമത്തുൻ നിസയ്ക്കും സാക്കിർ അലിക്കും നോട്ടീസ് നൽകി. നിയമവിരുദ്ധമായി നാല് നിലകളുള്ള ഒരു പള്ളിയും പടികളോട് ചേർന്ന ഭൂഗർഭ മുറികളും നിർമ്മിച്ചുവെന്നാണ് നോട്ടീസിൽ ആരോപിക്കുന്നത്.

ഇതിനെതിരെ പള്ളി അധികാരികൾ ഹൈക്കോടതിയെ സമീപിച്ചു. പള്ളിക്കെതിരായ നടപടി താൽക്കാലികമായി തടഞ്ഞ്​ ഹൈക്കോടതി ഉത്തരവിട്ടു. ഇതിന്‍റെ സമയപരിധി അവസാനിച്ചതോടെയാണ് മുന്നറിയിപ്പില്ലാതെ​ അധികൃതർ പൊളിക്കാൻ തുടങ്ങിയത്​. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News