ഇന്ത്യയിലെ തൊഴിൽ സാഹചര്യം പരിതാപകരമെന്ന് ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ

തൊഴിലില്ലായ്മ നിരക്ക് വർധിച്ചു, മോദി സർക്കാറിനെതിരെ പ്രതിപക്ഷം

Update: 2024-03-27 10:03 GMT
Advertising

ന്യൂഡൽഹി: ഇന്ത്യയിലെ തൊഴിൽ സാഹചര്യം പരിതാപകരമെന്ന് ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ റിപ്പോർട്ട്. 2022ൽ രാജ്യത്തെ മൊത്തം തൊഴിൽരഹിതരായ ജനസംഖ്യയുടെ 83 ശതമാനവും യുവജനങ്ങളാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ ഡെവലപ്മെന്റുമായി ചേർന്ന് തയാറക്കിയ ‘ഇന്ത്യ എം​പ്ലോയ്മെന്റ് റിപ്പോർട്ട് 2024’ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

തൊഴിലില്ലാത്ത വിദ്യാസമ്പന്നരായ യുവജനങ്ങൾ 2004ൽ 54.2 ശതമാനം ആയിരുന്നെങ്കിൽ 2022ൽ 65.7 ശതമാനമായി ഉയർന്നു. ഇതിൽ 76.7 ശതമാനവും സ്ത്രീകളും 62.2 ശതമാനം പുരുഷൻമാരുമാണ്.

ഇന്ത്യയിലെ തൊഴിലില്ലായ്മ പ്രശ്നം യുവജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലെ വിദ്യാസമ്പന്നർക്കിടയിൽ കൂടുതലാണെന്ന് റിപ്പോർട്ട് പറയുന്നു.

2000 മുതൽ 2019 വരെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർധിച്ചതോടൊപ്പം തൊഴിലില്ലായ്മയും വർധിച്ചു. എന്നാൽ, കോവിഡിന് ശേഷം തൊഴിലവസരങ്ങൾ കുറഞ്ഞെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

2000ൽ മൊത്തം ജോലി ചെയ്യുന്ന യുവജനങ്ങളിൽ പകുതിയും സ്വയം തൊഴിൽ ചെയ്യുന്നവരായിരുന്നു. 13 ശതമാനം പേർക്കും സ്ഥിര ജോലിയുണ്ടായിരുന്നു. ബാക്കി 37 ശതമാനം പേർക്ക് നിശ്ചിതമല്ലാത്ത ജോലികളായിരുന്നു. 2022ൽ സ്വയം തൊഴിൽ ചെയ്യുന്നവർ 47 ശതമാനമാണ്. ഇതിൽ സ്ഥിരം ജോലിയുള്ളവർ 28 ശതമാനവും നിശ്ചിതമല്ലാത്ത ജോലിയുള്ളവർ 25 ശതമാനവുമാണ്.

അടുത്ത ദശകത്തിൽ ഇന്ത്യ 70 മുതൽ 80 ലക്ഷം വരെ യുവജനങ്ങളെ തൊഴിൽ മേഖലയിലേക്ക് കൊണ്ടുവരുമെന്ന് പഠനം അഭിപ്രായപ്പെടുന്നു. ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കേണ്ടതുണ്ട്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. തൊഴിലിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, തൊഴിൽ മേഖലയിലെ അസമത്വങ്ങൾ പരിഹരിക്കുക, തൊഴിൽ വിപണിയിലെ കഴിവുകളും നയങ്ങളും ശക്തിപ്പെടുത്തുക, തൊഴിൽ വിപണിയുടെ രീതികളെയും യുവജനങ്ങൾക്കുള്ള തൊഴിലവസരങ്ങളെയും കുറിച്ചുള്ള അറിവുകൾ നൽകുക എന്നിവയെല്ലാം വേണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരനാണ് ചൊവ്വാഴ്ച റിപ്പോർട്ട് പുറത്തുവിട്ടത്. അതേസമയം, എല്ലാ സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടണമെന്ന് കരുതുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഈയൊരു ചിന്താഗതിയിൽനിന്ന് നമ്മൾ പുറത്തുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിപ്പോർട്ടിന് പിന്നാലെ മോദി സർക്കാറിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാക്കൾ രംഗത്തുവന്നു.

വർധിച്ചുവരുന്ന തൊഴിലില്ലായ്മ യുവജനങ്ങളുടെ ഭാവി നശിപ്പിച്ചെന്നും മോദി സർക്കാറിന്റെ ദയനീയമായ നിസ്സംഗതയുടെ ഭാരം അവർ പേറുകയാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി.

ഇന്ത്യയിൽ തൊഴിലില്ലായ്മ പ്രശ്നം രൂക്ഷമാണെന്നാണ് റിപ്പോർട്ട് പറയുന്നത്. എന്നാൽ, മോദി സർക്കാറിൻ്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് തൊഴിലില്ലായ്മ പോലുള്ള എല്ലാ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളും പരിഹരിക്കാൻ സർക്കാറിന് കഴിയില്ല എന്ന് പറഞ്ഞുകൊണ്ട് പ്രിയ നേതാവിനെ സംരക്ഷിക്കുകയാണ്.

തൊഴിലില്ലാത്ത ഇന്ത്യക്കാരിൽ 83 ശതമാനവും യുവജനങ്ങളാണ്. ഗ്രാമീണ മേഖലയിലെ 17.5 ശതമാനം യുവജനങ്ങൾ മാത്രമാണ് സ്ഥിരം ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്. വ്യവസായത്തിലും ഉൽപ്പാദനത്തിലും ജോലി ചെയ്യുന്ന ആളുകളുടെ പങ്ക് 2012 മുതൽ ആകെ തൊഴിലാളികളുടെ 26 ശതമാനമായി തുടരുന്നു. സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന യുവജനങ്ങളുടെ ശതമാനം 2012-ൽ 42 ശതമാനം ആയിരുന്നത് 2022-ഓടെ 37 ശതമാനം ആയി കുറഞ്ഞു.

അതിനാൽ, മോദി സർക്കാറിന് കീഴിലെ തൊഴിൽ ദൗർലഭ്യം കാരണം കോൺഗ്രസ്-യു.പി.എ സർക്കാറിനെ അപേക്ഷിച്ച് ഇപ്പോൾ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന യുവാക്കൾ കുറവാണ്. 2012നെ അപേക്ഷിച്ച് മോദി സർക്കാറിൻ്റെ കീഴിൽ യുവാക്കളുടെ തൊഴിലില്ലായ്മ മൂന്നിരട്ടിയായി. അതുകൊണ്ടാണ് കോൺഗ്രസ് ‘യുവ ന്യായ്’ കൊണ്ടുവന്നതെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

തൊഴിൽ രംഗത്ത് നമ്മുടെ ചെറുപ്പക്കാർ ഇരുളടഞ്ഞ ഭാവിയെ അഭിമുഖീകരിക്കുന്നു എന്നതിനുള്ള ഉദാഹരണമാണിതെന്ന് സി.പി.എം നേതാവും രാജ്യസഭ എം.പിയുമായ ജോൺ ബ്രിട്ടാസ് പറഞ്ഞു. വിദ്യാസമ്പന്നരായ യുവാക്കളുടെ തൊഴിലില്ലായ്മ ഇരട്ടിയായെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ അവസ്ഥ ഭയാനകമാണെന്നാണ് റിപ്പോർട്ട് പറയുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും രാജ്യസഭ എം.പിയുമായ സാഗരിക ഘോഷ് പറഞ്ഞു. തൊഴിലില്ലാത്തവരിൽ 83 ശതമാനവും യുവജനങ്ങളാണ്. എന്നാൽ, തൊഴിലില്ലായ്മ പരിഹരിക്കാൻ സർക്കാറിന് കഴിയില്ലെന്നാണ് മോദി സർക്കാറിൻ്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് പറയുന്നത്. മോദി കി ഗ്യാരണ്ടി സപ്നോ കി ഗ്യാരണ്ടിയാണ്. സ്വപ്നങ്ങൾക്ക് മാത്രമാണ് ഗ്യാരണ്ടിയുള്ളതെന്നും അവർ പറഞ്ഞു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News