ഗോധ്ര ടെയിൻ കോച്ച് കത്തിച്ച കേസിൽ പ്രതിക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു

ട്രെയിനിനു നേരെ കല്ലെറിഞ്ഞു എന്നതാണ് പ്രതിക്കെതിരെയുള്ള കുറ്റം

Update: 2022-12-15 12:47 GMT
Editor : afsal137 | By : Web Desk
Advertising

ന്യൂഡൽഹി: 2022ലെ ഗോധ്ര ട്രെയിൻ കോച്ച് കത്തിച്ച കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന പ്രതിക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ 17 വർഷമായി ജയിലിൽ കഴിയുകയാണെന്ന പരിഗണനയിലാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ട്രെയിനിനു നേരെ കല്ലെറിഞ്ഞു എന്നതാണ് ഫാറൂഖിന് എതിരെയുള്ള കുറ്റം. ഫാറൂഖിന്റെ ജാമ്യാപേക്ഷ 2017ൽ ഹൈക്കോടതി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

നേരത്തെ 17 വർഷം തടവ് ശിക്ഷ അനുഭവിച്ച ഗുജറാത്ത് കലാപകേസിലെ പ്രതികളെ ജയിൽ മോചിതരാക്കിയിരുന്നു. ഇതുവരെയുള്ള ശിക്ഷാ കാലയളവ് പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്ന് ഫറൂക്കിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. നിരവധി പ്രതികൾ ശിക്ഷിക്കപ്പെട്ടതിനെതിരെയുള്ള അപ്പീലുകൾ സുപ്രീം കോടതിയിൽ തീർപ്പുകൽപ്പിക്കാതെ കിടക്കുകയാണ്. സ്ത്രീകളും കുട്ടികളുമടക്കം 59 പേരെ ജീവനോടെ ചുട്ടുകൊന്നത് ഏറ്റവും ഹീനമായ കുറ്റകൃത്യമാണെന്നും കുറ്റവാളികളുടെ അപ്പീൽ എത്രയും വേഗം കേൾക്കേണ്ടതുണ്ടെന്നും ഗുജറാത്ത് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.

സബർമതി എക്സ്പ്രസ് കോച്ചിനുനേരെ കല്ലെറിഞ്ഞതിനാണ് ഫറൂക്കിനൊപ്പം മറ്റു പലരെയും ശിക്ഷിച്ചത്. കല്ലെറിയുന്നത് സാധാരണയായി നിസ്സാര സ്വഭാവമുള്ള കുറ്റമാണെങ്കിലും ട്രെയിൻ കോച്ചിൽനിന്ന് യാത്രക്കാർ പുറത്തിറങ്ങാതിരിക്കാനാണ് കല്ലെറിഞ്ഞതെന്നും അഗ്നിശമന സേനയ്ക്ക് നേരെയും കല്ലെറിഞ്ഞുവെന്നും തുഷാർ മേത്ത പറഞ്ഞു. 2002 ഫെബ്രുവരി 27 ന് ഗോധ്രയിൽ സബർമതി എക്സ്പ്രസിന്റെ എസ് 6 കോച്ച് കത്തിച്ച സംഭവത്തിൽ 59 പേരാണ് കൊല്ലപ്പെട്ടത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News