കാലാവസ്ഥാ വ്യതിയാനം; കൊച്ചി അടക്കം 12 ഇന്ത്യന്‍ നഗരങ്ങളെ കടലെടുത്തേക്കുമെന്ന് പഠനം

ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിന്‍റെ പഠന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി നാസ നടത്തിയ വിശകലനത്തിലാണ് കണ്ടെത്തല്‍.

Update: 2021-08-10 11:34 GMT

ഈ നൂറ്റാണ്ട് അവസാനിക്കുന്നതോടെ ഇന്ത്യയുടെ തീരത്ത് മൂന്ന് അടിയോളം സമുദ്രനിരപ്പ് ഉയരുമെന്ന് പഠനം. ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐ.പി.സി.സി) നടത്തിയ പഠന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി നാസ നടത്തിയ വിശകലനത്തിലാണ് കണ്ടെത്തല്‍. കൊച്ചിയടക്കം ഇന്ത്യയിലെ 12 തീരദേശ നഗരങ്ങളെ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ കടല്‍ കവര്‍ന്നേക്കുമെന്നാണ് നാസ വിലയിരുത്തുന്നത്. 

കൊച്ചിക്കു പുറമെ, മുംബൈ, ചെന്നൈ, വിശാഖപട്ടണം, മംഗലാപുരം, തൂത്തുക്കുടി, കണ്ട്‌ല, ഓഖ, ഭാവ്നഗര്‍, മോര്‍മുഗാവോ, പാരാദ്വീപ്, ഖിദിര്‍പുര്‍ എന്നീ നഗരങ്ങളാണ് പട്ടികയിലുള്ളത്. ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നും നാസയുടെ പഠനം മുന്നറിയിപ്പ് നല്‍കുന്നു. ഐ.പി.സി.സി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ സമുദ്രജലനിരപ്പിലെ വര്‍ധന വ്യക്തമാക്കുന്ന സീ ലെവല്‍ പ്രൊജക്ഷന്‍ ടൂളും നാസ വികസിപ്പിച്ചു. 

Advertising
Advertising

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ആഗോള താപനം അടക്കമുള്ള പ്രതിഭാസങ്ങള്‍ ഭൂമിക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഓഗസ്റ്റ് ഒമ്പതിന് പുറത്തുവന്ന ഐ.പി.സി.സി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചത്. അന്തരീക്ഷ താപനില വലിയതോതില്‍ ഉയരുന്നത് മഞ്ഞുരുക്കത്തിനും സമുദ്ര ജലവിതാനം ഉയരുന്നതിനും ഇടയാക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 

രൂക്ഷമായ കടലേറ്റം പോലുള്ള സമുദ്ര പ്രതിഭാസങ്ങള്‍ നേരത്തേ നൂറ്റാണ്ടില്‍ ഒരിക്കലാണ് സംഭവിച്ചിരുന്നതെങ്കില്‍ ഇപ്പോഴത് ആവര്‍ത്തിച്ചുവരുന്നു. 2050ഓടെ 6-9 വര്‍ഷങ്ങള്‍ക്കിടയില്‍ ഇത്തരം പ്രതിഭാസങ്ങള്‍ ദൃശ്യമാകും. നൂറ്റാണ്ട് അവസാനത്തോടെ ഇത് പ്രതിവര്‍ഷം സംഭവിക്കുമെന്നും ഐ.പി.സി.സി പഠനം പറയുന്നു. വരും വര്‍ഷങ്ങളില്‍ ഭൂമിയുടെ അന്തരീക്ഷ താപനില ക്രമാതീതമായി വര്‍ധിക്കുമെന്നും ഇത് മനുഷ്യവംശത്തിനുതന്നെ ഭീഷണിയാകുമെന്നും പഠനം വ്യക്തമാക്കുന്നു.

വരുന്ന പതിറ്റാണ്ടുകളില്‍ രാജ്യത്ത് ചൂടിന്റെ രൂക്ഷത വര്‍ധിച്ചുവരികയും ശൈത്യത്തിന്റെ രൂക്ഷത കുറഞ്ഞുവരികയും ചെയ്യും. രൂക്ഷമായ മഞ്ഞുരുക്കമാണ് അന്തരീക്ഷ താപനില വര്‍ധിക്കുന്നതിന്റെ മറ്റൊരു പ്രത്യാഘാതം. ഹിമാലയ മേഖലയിലെ വലിയ തോതിലുള്ളമഞ്ഞുരുക്കം പ്രത്യക്ഷമായോ പരോക്ഷമായോ നൂറു കോടിയോളം മനുഷ്യരെ ബാധിക്കുമെന്നും പഠനം മുന്നറിയിപ്പു നല്‍കുന്നു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News