''മകനെ അവര്‍ കൊന്ന് ജെസിബിയില്‍ കെട്ടിവലിച്ചു; ഞങ്ങളുടെ ഏക ആശ്രയമായിരുന്നു അവന്‍''- മോയിനുല്‍ ഹഖിന്റെ പിതാവ്

മോയിന്‍റെ മാതാവിന്റെയും ഭാര്യയുടെയും കരച്ചില്‍ ഇനിയും അടങ്ങിയിട്ടില്ല. രണ്ടും അഞ്ചും ഏഴും രണ്ടും വയസ് പ്രായമുള്ള മൂന്നു പിഞ്ചുമക്കള്‍ എന്താണ് സംഭവിച്ചതെന്നറിയാതെ അവര്‍ക്കരികില്‍ പരിഭ്രമിച്ചിരിക്കുകയാണ്

Update: 2021-09-24 17:43 GMT
Editor : Shaheer | By : Web Desk

''അവര്‍ ഞങ്ങളുടെ മകനെ കൊന്നുകളഞ്ഞു. എന്നിട്ട് അവന്റെ മൃതദേഹം ജെസിബിയില്‍ കെട്ടിത്തൂക്കി വലിച്ചുകൊണ്ടുപോയി... ഞങ്ങളുടെ ഏക ആശ്രയമായിരുന്നു അവന്‍. ഞങ്ങള്‍ ബംഗ്ലാദേശികളാണോ? ആണെങ്കില്‍ ഞങ്ങളെ അങ്ങോട്ടേക്കയക്കൂ...''

കഴിഞ്ഞ ദിവസം അസമിലെ ദറങ്ങില്‍ പൊലീസ് വെടിവയ്പ്പിലും നരനായാട്ടിലും കൊല്ലപ്പെട്ട മോയിനുല്‍ ഹഖിന്റെ പിതാവിന്റെ വാക്കുകളാണിത്. 30കാരനായ മോയിനുല്‍ ഹഖിന്റെ വേര്‍പാടോടെ മൂന്ന് പിഞ്ചുമക്കളും ഭാര്യയും പ്രായമായ മാതാപിതാക്കളുമടങ്ങുന്ന കുടുംബമാണ് അനാഥമായിരിക്കുന്നത്.

ചെറിയ തോതിലുള്ള കൃഷി കൊണ്ടാണ് മോയിനുല്‍ ഹഖ് കുടുംബത്തിന്റെ പട്ടിണിയകറ്റിയിരുന്നത്. വീടിനു ചുറ്റുമുള്ള തുണ്ടുഭൂമിയില്‍ അല്‍പം പച്ചക്കറികള്‍ വച്ചുപിടിപ്പിച്ച് അതില്‍നിന്ന് കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു കുടുംബത്തിന്‍റെ ജീവിതം. ഈ തുണ്ടുഭൂമിയാണ് ഇപ്പോള്‍ കൈയേറ്റ ഭൂമിയാണെന്ന് ആരോപിച്ച് ഒഴിപ്പിച്ചിരിക്കുന്നത്.

Advertising
Advertising

തലമുറകള്‍ ജീവിച്ചുപോന്ന മണ്ണില്‍നിന്ന് ഒരു സുപ്രഭാതത്തില്‍ കുടിയിറക്കപ്പെട്ട 800ഓളം കുടുംബങ്ങള്‍ക്കൊപ്പം മോയിനുല്‍ ഹഖിന്റെ കുടുംബവും തകരകൊണ്ട് കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക കേന്ദ്രത്തിലാണ് കഴിയുന്നത്. മോയിന്‍റെ മാതാവിന്റെയും ഭാര്യയുടെയും കരച്ചില്‍ ഇനിയും അടങ്ങിയിട്ടില്ല. രണ്ടും അഞ്ചും ഏഴും രണ്ടും വയസ് പ്രായമുള്ള മൂന്നു പിഞ്ചുമക്കള്‍ എന്താണ് സംഭവിച്ചതെന്ന് അറിയാതെ അവര്‍ക്കരികില്‍ പരിഭ്രമിച്ചിരിക്കുകയാണ്.

കാര്യമായ പ്രകോപനങ്ങളൊന്നുമില്ലാതെയാണ് ദറാങ്ങിലെ സിപാജറില്‍ ഗ്രാമീണര്‍ക്കുനേരെ പൊലീസ് വെടിയുതിര്‍ത്തത്. വെടിയേറ്റു വീണ മോയിനുല്‍ ഹഖിനെ ലാത്തികൊണ്ട് പൊതിരെ തല്ലുകയും ചെയ്തു പൊലീസ്. ജീവന്‍ പോയെന്നുറപ്പാക്കിയ ശേഷം പൊലീസ് ഇവിടെനിന്നു മാറുമ്പോഴായിരുന്നു ഫോട്ടോജേണലിസ്റ്റ് ബിജോയ് ശങ്കര്‍ ബോനിയ മൃതദേഹത്തില്‍ ചാടിയും ചവിട്ടിയും ക്രൂരനൃത്തമാടിയത്. വെടിവയ്പ്പില്‍ 12കാരനായ ശൈഖ് ഫരീദും കൊല്ലപ്പെട്ടിരുന്നു. സിപാജറിലെ ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങള്‍ സ്വീകരിക്കാന്‍ ഗ്രാമീണര്‍ തയാറായിരുന്നില്ല. പൊലീസ് ക്രൂരതയ്ക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതുവരെ മൃതദേഹങ്ങള്‍ സ്വീകരിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍.

സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റിട്ട. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘം വെടിവയ്പ്പിനെയും തുടര്‍ന്നുനടന്ന സംഭവങ്ങളെയും കുറിച്ച് അന്വേഷിക്കും. മാധ്യമപ്രവര്‍ത്തകന്‍ ബിജോയ് ബോനിയ അറസ്റ്റിലായിട്ടുണ്ട്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News