കേമനാണിവൻ, രുചിയിൽ ബഹുകേമൻ; ലോകത്തിലെ ഏറ്റവും മികച്ച 10 അരി വിഭവങ്ങളിൽ ഹൈദരാബാദി ബിരിയാണിയും
ജപ്പാനിൽ നിന്നുള്ള വിഭവങ്ങളാണ് ലിസ്റ്റിൽ ആധിപത്യം പുലര്‍ത്തിയിരിക്കുന്നത്
ഡൽഹി: ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഭക്ഷണങ്ങളിൽ ഒന്നാണ് ബിരിയാണി. ബിരിയാണി ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. പല തരത്തിലുള്ള ബിരിയാണികൾ ഉണ്ടെങ്കിലും ഹൈദരാബാദി ബിരിയാണിയുടെ രുചി ഒന്ന് വേറെ തന്നെയാണ്. ബിരിയാണി പ്രേമികൾ ഒരിക്കലെങ്കിലും ഹൈദരാബാദി ബിരിയാണി രുചിച്ചുനോക്കണമന്നാണ് ഭക്ഷണപ്രിയര്‍ പറയുന്നത്. ഇപ്പോഴിതാ രുചി കൊണ്ട് നാവിൽ മന്ത്രജാലം സൃഷ്ടിക്കുന്ന ഹൈദരാബാദി ബിരിയാണി പ്രശസ്ത ഫുഡ് ആൻഡ് ട്രാവൽ ഗൈഡ് ആയ ടേസ്റ്റ് അറ്റ്‌ലസിൻ്റെ ലോകത്തിലെ ഏറ്റവും മികച്ച 50 അരി വിഭവങ്ങളുടെ പട്ടികയിൽ ഈ വിഭവം പത്താം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.
ജപ്പാനിൽ നിന്നുള്ള വിഭവങ്ങളാണ് ലിസ്റ്റിൽ ആധിപത്യം പുലര്‍ത്തിയിരിക്കുന്നത്. ജാപ്പനീസ് വിഭവമായ നെഗിറ്റോറോ ഡോൺ ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഒട്ടോറോ നിഗിരി സുഷി, ചുട്ടോറോ നിഗിരി സുഷി ഉൾപ്പെടെ നിരവധി തരം സുഷികളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
സിഗ്നേച്ചര്‍ രുചിയും മണവുമാണ് ഹൈദരാബാദി ബിരിയാണിയെ മറ്റ് ബിരിയാണികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഹൈദരാബാദി ബിരിയാണി അസംസ്കൃതമായി, അഥവാ ‘കച്ചി’ രീതിയിൽ ഉണ്ടാക്കാം. ഇവിടെ അസംസ്കൃത അരിയും, മസാല പുരട്ടിയ അസംസ്കൃത മാംസവും വിദേശ സുഗന്ധവ്യഞ്ജനങ്ങളോടൊപ്പം ഒരുമിച്ചാണ് പാകം ചെയ്യുന്നത്. ഈ സവിശേഷ പ്രക്രിയയാണ് ഹൈദരാബാദി ബിരിയാണിയുടെ രുചിക്ക് കാരണമെന്ന് പറയപ്പെടുന്നു.
അല്ലെങ്കിൽ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് മാരിനേറ്റ് ചെയ്ത മാംസവും അരിയും വെവ്വേറെ പാകം ചെയ്ത ശേഷം, അവയെ മാറിമാറി പാളികളായി നിരത്തി ദമ്മിൽ വെച്ച് വേവിക്കുന്ന പരമ്പരാഗത രീതിയും ഹൈദരാബാദിൽ പ്രചാരത്തിലുണ്ട്.