'തീകൊളുത്തി കൊല്ലും'; ശർക്കര തിന്നതിന് വീട്ടുവേലക്കാരിക്ക് ഉടമയുടെ മർദനവും വധഭീഷണിയും

മർദനം സഹിക്കാനാവാതെ പണി നിർത്തി പോവാൻ ശ്രമിച്ചപ്പോൾ വലിച്ചിഴച്ച് കൊണ്ടുപോയി മർദനം തുടർന്നു.

Update: 2022-12-28 16:06 GMT
Advertising

അടുക്കളയിൽ നിന്ന് ശർക്കരയെടുത്ത് തിന്നതിന് വീട്ടുവേലക്കാരിക്ക് ഉടമയുടെ ക്രൂര മർദനവും വധഭീഷണിയും. ഡൽഹി നോയ്ഡയിലെ ക്ലിയോ കൗണ്ടി സൊസൈറ്റിയിലാണ് സംഭവം. 20കാരിയായ അനിതയ്ക്കാണ് മർദനമേറ്റത്.

സംഭവത്തിൽ കെട്ടിടത്തിന്റെ ലിഫ്റ്റിനു മുന്നിലെ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളുടേയും പരാതിയുടേയും അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. യുവതിയെ ബലമായി വലിച്ചിഴക്കുന്ന ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

വീട്ടുടമയായ ഷെഫാലി കൗൾ അനിതയെ പതിവായി മർദിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മർദനം സഹിക്കാനാവാതെ പണി നിർത്തി പോവാൻ ശ്രമിച്ചപ്പോൾ വലിച്ചിഴച്ച് കൊണ്ടുപോയി മർദനം തുടർന്നു. യുവതിയുടെ ദേഹത്ത് നിരവധി ചതവുകളും മുറിവുകളും ഉണ്ട്. യുവതി വൈദ്യപരിശോധനയ്ക്ക് വിധേയയായെന്നും റിപ്പോർട്ട് കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

അവർ എന്നെ എപ്പോഴും അടിക്കും. തണുത്ത വെള്ളം എന്റെ ശരീരത്ത് ഒഴിക്കും. ഡിസംബർ 26ന് ഞാനൊരു കഷണം ശർക്കരയെടുത്ത് കഴിച്ചു. അതിന് അവരെന്നെ ചെരിപ്പൂരിയടിച്ചു. തുടർന്ന്, തീകൊളുത്തി കൊല്ലുമെന്നും ടെറസിന്റെ മുകളിൽ നിന്നും താഴെയെറിയുമെന്നും ഭീഷണിപ്പെടുത്തി- അനിത പറഞ്ഞു.

ഷാളുകൾ കൂട്ടിക്കെട്ടി കെട്ടി നാലാം നിലയിൽ നിന്ന് താഴേക്ക് ഇറങ്ങി രക്ഷപെടാൻ ശ്രമിച്ചെങ്കിലും റസിഡൻഷ്യൽ സൊസൈറ്റിയുടെ കാവൽക്കാരൻ പിടികൂടുകയായിരുന്നു. തുടർന്ന് അയാൾ മേഡത്തെ വിളിച്ചു. അവരെത്തെ പടിക്കെട്ടുകളിലൂടെ മുകളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയും കഴുത്തിൽ പിടിച്ച് ഞെക്കി ശ്വാസം മുട്ടിക്കുകയും ചെയ്തു'- അനിത കണ്ണീരോടെ പറയുന്നു.

അനിതയുടെ ചെവികളിലും കണ്ണുകളിലും കഴുത്തിലുമുൾപ്പെടെ ചതവുകളും പാടുകളുമുണ്ട്. ഏപ്രിൽ മുതൽ താൻ ഷെഫാലിയുടെ വീട്ടിൽ ജോലി ചെയ്തു വരികയാണെന്നും ഒക്ടോബറിൽ കരാർ അവസാനിച്ചെന്നും എന്നാൽ തന്നെ വിട്ടയയ്ക്കാൻ അവർ തയ്യാറായില്ലെന്നും അനിത പറഞ്ഞു. തനിക്ക് വീട്ടിലേക്ക് പോണമെന്നും അനിത പറഞ്ഞു.

അതേസമയം, പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് കേസെടുത്തതെന്ന് നോയിഡ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ സാദ് മിയ ഖാൻ പറഞ്ഞു. പ്രതികൾ മുങ്ങിയിരിക്കുകയാണെന്നും അവർക്കായി തെരച്ചിൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News