എന്‍ജിന്‍ തകരാറോ, അതോ പൈലറ്റിൻ്റെ വീഴ്ചയോ? അജിത് പവാര്‍ മരിച്ച വിമാനാപകടത്തിന് കാരണമെന്ത്
ബുധനാഴ്ച രാവിലെയാണ് പൂനെയിലെ ബാരാമതിയില്‍ അജിത് പവാര്‍ ഉള്‍പ്പെടെ ആറ് പേര്‍ സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നു വീണത്
മുംബൈ: ബുധനാഴ്ച രാവിലെയാണ് മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ബാരാമതിയില്‍ ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഉള്‍പ്പെടെ ആറ് പേര്‍ സഞ്ചരിച്ചിരുന്ന ചാര്‍ട്ടേഡ് വിമാനം തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന ആറുപേരും മരിച്ചു. വിമാനാപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണ്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ മൂന്ന് ഉദ്യോഗസ്ഥരുടെ സംഘമാണ് വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം തുടരുന്നത്.
വിമാനം വീണു തകരുന്നതിന് തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. വിമാനത്തിന്റെ ഇടതു ചിറക് ഒരു വശത്തേക്ക് താഴ്ന്ന് പതിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിമാനം ഒരു വശത്തേക്ക് തിരിഞ്ഞ് പതിക്കുന്നതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഇതോടെ വീണ്ടും അപകട കാരണത്തെ കുറിച്ച് ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. എന്താവാം അപകടത്തിന് കാരണം എന്നതിനെ കുറിച്ച് പ്രധാനമായും മൂന്ന് തിയറികളാണ് പ്രചരിക്കുന്നത്. എയ്‌റോഡൈനാമിക് സ്റ്റാള്‍, എന്‍ജിന്‍ തകരാര്‍, റണ്‍വേയിലെ കാഴ്ച നഷ്ടപ്പെട്ടത് എന്നിവയാണ് നിലവില്‍ ചര്‍ച്ചചെയ്യപ്പെടുന്ന കാരണങ്ങള്‍.
വിമാനച്ചിറകുകള്‍ക്ക് വായുവില്‍ സമ്മര്‍ദം ചെലുത്തി ഉയരാന്‍ സാധിക്കാത്ത അവസ്ഥയാണ് എയ്‌റോഡൈനാമിക് സ്റ്റാള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ക്രമമല്ലാത്ത എയ്‌റോഡൈനാമിക് സ്റ്റാള്‍ ഇവിടെ സംഭവിച്ചിരിക്കാമെന്നാണ് നിഗമനം. കുറഞ്ഞ വേഗതയില്‍ പറക്കുമ്പോഴാണ് ഇത് സംഭവിക്കുക. ഒരു ചിറകില്‍ ക്രമമല്ലാത്ത എയ്‌റോഡൈനാമിക് സ്റ്റാള്‍ സംഭവിക്കുമ്പോള്‍ വിമാനം ഒരുവശം താഴ്ന്ന് കറങ്ങി നിലത്തേക്ക് പതിക്കും.
എന്‍ജിന്‍ തകരാറിനുള്ള സാധ്യതയാണ് രണ്ടാമതായി അപകട കാരണമായി പറയപ്പെടുന്നത്. രണ്ട് എന്‍ജിനുകളില്‍ ഒന്ന് പ്രവര്‍ത്തനരഹിതമായോ എന്ന കാര്യമാണ് അന്വേഷണത്തില്‍ പരിശോധിക്കുന്നത്. ഒരു എന്‍ജിനിലെ തകരാറ് വിമാനത്തിന്റെ കുതിപ്പിനുള്ള ശേഷിയെ കുറയ്ക്കും. ചിറകുകളിലുള്ള വായുസമ്മര്‍ദത്തില്‍ വ്യത്യാസമുണ്ടാക്കുകയും കറങ്ങി നിലംപതിക്കുകയും ചെയ്യും. എന്നാല്‍, വിമാനത്തിന് എന്‍ജിന്‍ തകരാര്‍ പോലെയുള്ള അപകടാവസ്ഥകള്‍ ഉണ്ടാകുമ്പോള്‍ പൈലറ്റ് നല്‍കാറുള്ള 'മേയ്‌ഡേ' മുന്നറിയിപ്പ് ഇവിടെ നല്‍കിയിട്ടില്ല. ഇത് എന്‍ജിന്‍ തകരാറാണോ അപകടത്തിന് കാരണമെന്നതില്‍ സംശയമുയര്‍ത്തുകയാണ്.
റണ്‍വേയിലെ കാഴ്ച മങ്ങിയതാണോ അപകട കാരണമെന്നതാണ് മൂന്നാമതായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബാരാമതി വിമാനത്താവളത്തിലെ സൗകര്യക്കുറവിലേക്കും ഇത് വിരല്‍ചൂണ്ടുന്നുണ്ട്. ബാരാമതി എയര്‍പോര്‍ട്ടില്‍ മതിയായ നാവിഗേഷന്‍ സഹായങ്ങളില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. റണ്‍വേ നേരിട്ടുകണ്ട് മനസ്സിലാക്കി മാത്രം വേണം പൈലറ്റ് വിമാനമിറക്കാന്‍. ബുധനാഴ്ച രാവിലെ 8.45നാണ് അപകടമുണ്ടായത്. കുറഞ്ഞ ദൃശ്യപരിധിയുടെ സാഹചര്യത്തില്‍ എങ്ങനെയാണ് വിമാനത്തിന് ഇറങ്ങാനുള്ള അനുമതി നല്‍കിയത് എന്നത് സംബന്ധിച്ച് വിദഗ്ധര്‍ ചോദ്യമുന്നയിക്കുന്നുണ്ട്. സൂര്യപ്രകാശം നേരെ വന്ന് കാഴ്ചയെ അല്‍പ്പനേരത്തേക്ക് മറയ്ക്കുന്ന പ്രതിഭാസം സംഭവിച്ചിട്ടുണ്ടോയെന്നും സംശയമുയര്‍ത്തുന്നു. വിമാനം റണ്‍വേയിലേക്ക് അല്ല ഇറങ്ങുന്നത് എന്ന് പൈലറ്റ് വൈകി മനസ്സിലാക്കിയെന്നും ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍ പെട്ടതാകുമെന്നുമാണ് ചൂണ്ടിക്കാട്ടുന്നത്. ശരദ് പവാറും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും അടക്കമുള്ളവര്‍ അപകടത്തിന് പിന്നിലെ ഗൂഢാലോചനാ വാദത്തെ തള്ളിയിട്ടുണ്ട്.