മുംബൈ: അജിത് പവാറിന്റെ മരണത്തിന് പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെത്തണമെന്ന് വ്യക്തമാക്കി എൻസിപി. അജിത് പവാറിന്റെ വിയോഗം സൃഷ്ടിച്ച അധികാര ശൂന്യത എത്രയും വേഗം നികത്താനാണ് നേതാക്കളുടെ നീക്കം. അജിത് പവാറിന്റെ അപ്രതീക്ഷിത വേർപ്പാടോടെ ഒഴിവുവന്ന ഉപമുഖ്യമന്ത്രിക്കസേരയിലേക്ക് അദ്ദേഹത്തിന്റെ ഭാര്യ സുനേത്രയെ എത്തിക്കണമെന്ന ആവശ്യവുമായി എൻസിപി മന്ത്രി നർഹാരി സിർവാൾ രംഗത്തെത്തി.
ഇരു പവാർമാരും ആഗ്രഹിക്കുന്നതുപോലെ എൻസിപി ലയനനീക്കങ്ങളും അണിയറയിൽ ശക്തമാണ്. രണ്ട് എൻസിപി വിഭാഗങ്ങളുടെയും ലയനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് അജിത് പവാർ നേതൃത്വം നൽകുകയായിരുന്നുവെന്നും അത് അന്തിമ ഘട്ടത്തിലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ചർച്ചകൾ ഫലം കാണുംമുമ്പേ അജിത് പവാർ വിമാനാപകടത്തിൽ മരിക്കുകയായിരുന്നു.
'സംസ്ഥാനത്തെ ഏറ്റവും ശക്തമായ പാർട്ടിയെന്ന നിലയിലേക്ക് തിരികെയെത്താൻ രണ്ട് എൻസിപികളും ഒരുമിക്കേണ്ടതുണ്ടെന്ന് ഇരുവിഭാഗം നേതാക്കളും പ്രവർത്തകരും ആഗ്രഹിക്കുന്ന കാര്യമാണ്. ഇനിയും ഞങ്ങൾക്ക് വേർപിരിഞ്ഞു നിൽക്കാൻ കഴിയില്ല. അജിത് ദാദയുടെ സ്ഥാനത്തേക്ക് സുരേന്ദ്ര പവാർ വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം'- സിർവാൾ വിശദമാക്കി. അജിത് പവാറിന്റെ ഏറ്റവും അടുത്തയാളായ സിർവാളിന് ശരദ് പവാറുമായും മികച്ച ബന്ധമാണുള്ളത്.
നിലവിൽ രാജ്യസഭാംഗമായ സുനേത്രയെ രാജിവെപ്പിച്ച് ഉപതെരഞ്ഞെടുപ്പിൽ ബാരാമതി മണ്ഡലത്തിൽ മത്സരിപ്പിക്കാൻ നിർദേശിച്ചിട്ടുണ്ടെന്ന് എൻസിപി വൃത്തങ്ങൾ പറയുന്നു. തുടർന്ന്, അജിത് പവാറിന്റെ മൂത്തമകൻ പാർഥ് പവാറിനെ അമ്മയ്ക്ക് പകരം രാജ്യസഭാ സീറ്റിലേക്ക് നാമനിർദേശം ചെയ്യുമെന്നും പാർട്ടിയെ ഒരുമിച്ച് നിർത്താനുള്ള ഈ ക്രമീകരണത്തോട് ഭൂരിഭാഗം എൻസിപി നേതാക്കളും യോജിക്കുന്നതായും മറ്റൊരു നേതാവ് പ്രതികരിച്ചു. ബിജെപിക്കും ഇക്കാര്യത്തിൽ കുഴപ്പമില്ലെന്നും അജിത് പവാറിന്റെ അഭാവത്തിൽ, എൻസിപിയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കാൻ ബിജെപി നേതൃത്വം തീരുമാനിച്ചുകഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ലയനനീക്കങ്ങൾ സ്ഥിരീകരിച്ച് ശരദ് പവാർ വിഭാഗം എൻസിപി നേതാക്കളും രംഗത്തെത്തി. കഴിഞ്ഞ മാസം അമ്മാവൻ ശരദ് പവാറിന്റെ ജന്മദിനത്തിൽ (ഡിസംബർ 12) ഒരു സമ്മാനം എന്ന നിലയിൽ രണ്ട് എൻസിപി വിഭാഗങ്ങളെയും ഒന്നിപ്പിക്കാൻ അജിത് പവാർ ആഗ്രഹിച്ചിരുന്നതായും എന്നാൽ ഒരുമിക്കൽ ആ സമയത്ത് നടന്നില്ലെന്നും എൻസിപി (എസ്പി) നേതാവ് അങ്കുഷ് കകഡെ പറഞ്ഞു. ഇരു എൻസിപികളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് എൻസിപി (എസ്‌പി) മുൻ മന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. പൂനെ, പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പുകളിൽ ഇരു പാർട്ടികളും സംയുക്തമായി മത്സരിച്ചതായും എൻസിപിയുടെ ക്ലോക്ക് ചിഹ്നത്തിൽ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഡിസംബർ 12ന് ഇരു പാർട്ടികളും ഒരുമിക്കേണ്ടായിരുന്നെന്ന് അജിത് പവാർ എന്നോട് പറഞ്ഞിരുന്നു. പക്ഷേ ഞങ്ങൾക്കത് കഴിഞ്ഞില്ല. കുഴപ്പമില്ല. തെരഞ്ഞെടുപ്പിന് ശേഷം ഞങ്ങൾ ഒരുമിക്കും. നിർഭാഗ്യവശാൽ, അദ്ദേഹത്തിന് ആ ആഗ്രഹം നിറവേറ്റാൻ കഴിഞ്ഞില്ല'- എൻസിപി (എസ്പി) നേതാവ് പറഞ്ഞു.
അജിത് പവാറിന്റെ അഭാവത്തിൽ, പാർട്ടി പ്രവർത്തകരുടെ താത്പര്യപ്രകാരം ശരദ് പവാറും സുനേത്ര പവാറും നേതൃത്വം വഹിക്കുകയും രണ്ട് എൻസിപികളെയും ലയിപ്പിക്കുകയും വേണമെന്നും നേതാവ് മനസ് തുറന്നു. എൻസിപിയുടെ ലയനത്തിന് ശരദ് പവാർ ഇതിനകം തന്നെ സമ്മതം നൽകിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഈ സാഹചര്യത്തിൽ ലയനം അധികം താമസിയാതെ തന്നെ ഉണ്ടായേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ പിന്നീട് എൻസിപി എൻഡിഎക്കൊപ്പം തുടരുമോ ഇൻഡ്യ സഖ്യത്തിനൊപ്പം നിൽക്കുമോ എന്നതും കണ്ടറിയണം.
ബുധനാഴ്ച രാവിലെ 8.45ഓടെയാണ് മഹാരാഷ്ട്ര പൂനെ ജില്ലയിലെ ബാരാമതിയില്‍ ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഉള്‍പ്പെടെ ആറ് പേര്‍ സഞ്ചരിച്ചിരുന്ന ചാര്‍ട്ടേഡ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന ആറുപേരും മരിച്ചു. വിമാനാപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ മൂന്ന് ഉദ്യോഗസ്ഥരുടെ സംഘമാണ് വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം തുടരുന്നത്.