'കുരങ്ങ്' എന്ന് വിളിച്ച് ഭര്‍ത്താവ് കളിയാക്കി; മോഡലായ യുവതി ആത്മഹത്യ ചെയ്ത നിലയില്‍

ഭര്‍ത്താവ് കളിയാക്കിയതിനെ തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറയുന്നു

Update: 2026-01-30 07:02 GMT

തനു സിങ്

ലഖ്‌നൗ: ഭര്‍ത്താവ് 'കുരങ്ങ്' എന്ന് വിളിച്ച് കളിയാക്കിയതിന്റെ മനോവിഷമത്തില്‍ യുവതി ജീവനൊടുക്കി. യുപിയിലെ ലഖ്‌നൗവിലാണ് സംഭവം. മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന  തനു സിങ് എന്ന യുവതിയാണ് മരിച്ചത്. ഭര്‍ത്താവ് കളിയാക്കിയതിനെ തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറയുന്നു.

ലഖ്‌നൗ ഇന്ദിരാനഗറിലെ വീട്ടിലാണ് തനു സിങ്ങും ഭര്‍ത്താവ് രാഹുല്‍ ശ്രീവാസ്തവയും താമസിച്ചിരുന്നത്. സീതാപൂരിലുള്ള ഒരു ബന്ധുവിന്റെ വീട്ടില്‍ നിന്ന് ബുധനാഴ്ച വൈകീട്ടാണ് ഇരുവരും സ്വന്തം വീട്ടിലെത്തിയതെന്ന് തനുവിന്റെ സഹോദരി അഞ്ജലി പറഞ്ഞു. വീട്ടില്‍ ഇവര്‍ സംസാരിച്ചിരിക്കെ രാഹുല്‍ തനുവിനെ 'കുരങ്ങ്' എന്ന് വിളിച്ച് കളിയാക്കുകയായിരുന്നു. ഇതോടെ, ഭര്‍ത്താവിനോട് പിണങ്ങിയ യുവതി മറ്റൊരു മുറിയില്‍ കയറി വാതിലടച്ചു.

Advertising
Advertising

ഓട്ടോഡ്രൈവറായ രാഹുല്‍ പുറത്തുപോയി തിരിച്ചെത്തിയപ്പോള്‍ തനു മുറിക്കകത്ത് തന്നെയായിരുന്നു. സഹോദരി അഞ്ജലി ജനാലയിലൂടെ നോക്കിയപ്പോള്‍ തനുവിനെ അബോധാവസ്ഥയില്‍ കാണുകയായിരുന്നു. ഇതോടെ അഞ്ജലി നിലവിളിച്ചു. രാഹുലും അയല്‍ക്കാരും ഓടിയെത്തി. ഉടന്‍ റാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഇരുവരും നാലുവര്‍ഷം മുമ്പ് പ്രണയവിവാഹിതരായതാണെന്ന് കുടുംബം പറഞ്ഞു. തനു മോഡലിങ്ങില്‍ സജീവമായിരുന്നു. മറ്റുള്ളവരുടെ മുന്നില്‍ വച്ച് കളിയാക്കിയതിനെ തുടര്‍ന്നുള്ള മനോവിഷമമാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് കുടുംബത്തിന്റെ നിഗമനം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News