ഇന്ധനവില വർധന: പാർലമെന്റിലേക്ക് സൈക്കിൾ ചവിട്ടി തൃണമൂൽ എംപിമാരുടെ പ്രതിഷേധം

ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര നടപടിക്കെതിരെയുള്ള പ്ലക്കാർഡുകൾ തൂക്കിയ സൈക്കിളുകളിലായിരുന്നു മുതിര്‍ന്ന തൃണമൂൽ എംപിമാർ പാർലമെന്റിന്റെ വർഷക്കാല സമ്മേളനത്തിനെത്തിയത്

Update: 2021-07-19 10:07 GMT
Editor : Shaheer | By : Web Desk
Advertising

രാജ്യത്ത് ദിനംപ്രതി കുത്തനെ ഉയരുന്ന ഇന്ധനവിലയ്ക്കെതിരെ വേറിട്ട പ്രതിഷേധ മാര്‍ഗം സ്വീകരിച്ച് തൃണമൂൽ കോൺഗ്രസ് എംപിമാർ. ഇന്ന് ആരംഭിച്ച പാർലമെന്റ് വർഷക്കാല സമ്മേളനത്തിന് സൈക്കിൾ ചവിട്ടിയാണ് തൃണമൂൽ എംപിമാർ എത്തിയത്.

ഡെറിക് ഒബ്രിയൻ, കല്യാൺ ബന്ധോപാധ്യായ, അർപിത ഘോഷ്, നദീമുൽ ഹഖ്, ശാന്തനു സെൻ, അബിർ രഞ്ജൻ ബിശ്വാസ് എന്നിവരാണ് ഇന്ധനവില വർധനയ്‌ക്കെതിരെ പ്രതിഷേധവുമായി സൈക്കിൾ യാത്ര നടത്തിയത്. ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെയുള്ള പ്ലക്കാർഡുകൾ തൂക്കിയ സൈക്കിളുകളിലായിരുന്നു ഇവർ പാർലമെന്റിലെത്തിയത്. പാർലമെന്റ് ഗേറ്റിനുമുൻപിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യവും മുഴക്കി.

പെട്രോൾ, ഡീസൽ, വാതക വിലവർധനയിൽ പ്രധാനമന്ത്രി മറുപടി പറയേണ്ടതുണ്ടെന്ന് എംപിമാർ ആവശ്യപ്പെട്ടു. ഇന്ന് ആരംഭിച്ച പാർലമെന്റ് സമ്മേളനത്തിൽ ഇന്ധന വിലക്കയറ്റം തന്നെയാണ് പ്രതിപക്ഷം കേന്ദ്ര സർക്കാരിനെതിരെ പ്രധാന ആയുധമാക്കുന്നത്. വിലക്കയറ്റത്തിനെതിരെ രാജ്യവ്യാപകമായി ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന അമർഷം അവസരമാക്കി സർക്കാരിനെ പ്രതിരോധത്തിലാക്കാനായിരിക്കും പ്രതിപക്ഷ നീക്കം. ഇതോടൊപ്പം കർഷക പ്രക്ഷോഭവും കോവിഡ് പ്രതിരോധത്തിലെ പാളിച്ചകളും സഭയെ പ്രക്ഷുബ്ധമാക്കുമെന്നുറപ്പാണ്.

അതേസമയം, പ്രതിപക്ഷം ബുദ്ധിമുട്ടേറിയതും കൃത്യതയുള്ളതുമായ ചോദ്യങ്ങൾ ചോദിക്കണമെന്ന് സമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുൻപ് മോദി വെല്ലുവിളിച്ചിരുന്നു. ഇതോടൊപ്പം സർക്കാരിനെ മറുപടി പറയാൻ സമ്മതിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഇത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ജനങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുകയും വികസനവേഗം കൂട്ടുകയും ചെയ്യുമെന്നുമായിരുന്നു മോദി വ്യക്തമാക്കിയത്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News