അശ്ലീല പരാമർശ വിവാദം: രൺവീർ അലഹബാദിയക്ക് യൂട്യൂബ് ഷോകൾ പുനരാരംഭിക്കാൻ അനുമതി നൽകി സുപ്രീംകോടതി
മോശം ഭാഷ ഉപയോഗിക്കുന്നത് തമാശയല്ലെന്ന് കോടതി
ന്യൂ ഡൽഹി: അശ്ലീല പരാമർശത്തെ തുടർന്ന് വിവാദത്തിലായ യൂട്യൂബർ രൺവീർ അലഹബാദിയക്ക് യൂട്യൂബ് ഷോകൾ പുനരാരംഭിക്കാൻ അനുമതി നൽകി സുപ്രീംകോടതി. യൂട്യൂബറുടെ പോഡ്‌കാസ്റ്റ് റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷ സുപ്രീം കോടതി തള്ളി. വിവാദങ്ങൾക്ക് പിന്നാലെ 'ദി രൺവീർ ഷോ' എന്ന പോഡ്കാസ്റ്റ് നിർത്തിവെക്കാൻ കോടതി നിർദേശം നൽകിയിരുന്നു.
തന്റെ ഏക ഉപജീവനമാർഗമാണെന്ന് ചൂണ്ടിക്കാട്ടി രൺവീർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി അനുമതി നൽകിയത്. എന്നാൽ ഏത് പ്രായത്തിലുള്ളവർക്കും കാണാൻ കഴിയുന്ന തരത്തിൽ തന്റെ ഷോകൾ ധാർമ്മികതയുടെ മാനദണ്ഡങ്ങൾ പാലിക്കുമെന്ന് ഉറപ്പ് നൽകണമെന്ന് കോടതി രൺവീറിനോട് പറഞ്ഞു.
രൺവീർ അലഹബാദിയയെ രൂക്ഷമായി വിമർശിച്ച കോടതി സംസാര സ്വാതന്ത്ര്യത്തിന് അതിന്റേതായ പരിമിതികളുണ്ടെന്നും ചൂണ്ടിക്കാട്ടി. മോശം ഭാഷ ഉപയോഗിക്കുന്നത് നർമ്മമല്ലെന്നും കോടതി വ്യക്തമാക്കി. ധാർമ്മികതയും ആവിഷ്‌കാര സ്വാതന്ത്ര്യവും സന്തുലിതമാക്കേണ്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കേന്ദ്രത്തെയും കോടതി ഓർമിപ്പിച്ചു.
യൂട്യൂബ് ഷോ ആയ ‘ഇന്ത്യാസ് ഗോട്ട് ടാലന്റിൽ’ രൺവീർ അലാബാദിയ നടത്തിയ അശ്ലീല പരാമർശമാണ് വിവാദമായത്. ഷോയ്ക്കിടെ ഒരു മത്സരാർഥിയോട് മാതാപിതാക്കളുടെ ലൈംഗിക ബന്ധത്തെ പരാമർശിച്ചുള്ള ചോദ്യം രൺവീർ ചോദിച്ചിരുന്നു. പിന്നാലെ തന്നെ സോഷ്യൽമീഡിയയിൽ വ്യാപക വിമർശനങ്ങൾ ഉയരുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രൺവീറിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
സംഭവം വിവാദമാവുകയും നിയമനടപടി നേരിടുകയും ചെയ്തതിന് പിന്നാലെ മാപ്പ് പറഞ്ഞ രൺവീർ അലാബാദിയ രംഗത്തെത്തിയിരുന്നു.