'ഗാർഹിക പീഡന പരാതി നൽകാൻ ട്രാൻസ് വനിതയ്ക്കും അവകാശമുണ്ട്': ആന്ധ്ര ഹൈക്കോടതി
കുറ്റാരോപിതനായ ഭർത്താവിനും കുടുംബത്തിനുമെതിരെ വ്യക്തമായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഭർത്താവിനും കുടുംബത്തിനുമെതിരായ ക്രിമിനൽ നടപടികൾ ഒടുവിൽ റദ്ദാക്കി
ഹൈദരാബാദ്: ഭിന്നലിംഗ വിവാഹത്തിലുള്ള ഒരു ട്രാൻസ്‌ജെൻഡർ സ്ത്രീക്ക് ഗാർഹിക പീഡന പരാതി നൽകാൻ അവകാശമുണ്ടെന്ന് ആന്ധ്ര ഹൈക്കോടതി. അത്തരം സംരക്ഷണം ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ബാധകമല്ലെന്ന വാദങ്ങൾ കോടതി തള്ളിക്കളഞ്ഞു. 2019ൽ ട്രാൻസ് വനിതയായ പൊകല സബാന ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഫയൽ ചെയ്ത ഹരജിയിലാണ് ജൂൺ 16-ന് ജസ്റ്റിസ് വെങ്കട ജ്യോതിർമയി പ്രതാപയുടെ വിധി.
ട്രാൻസ് സ്ത്രീക്ക് പരാതി നൽകാനുള്ള അവകാശം ശരിവച്ച കോടതി, കുറ്റാരോപിതനായ ഭർത്താവിനും കുടുംബത്തിനുമെതിരെ വ്യക്തമായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഭർത്താവിനും കുടുംബത്തിനുമെതിരായ ക്രിമിനൽ നടപടികൾ ഒടുവിൽ റദ്ദാക്കി."ട്രാൻസ് സ്ത്രീക്ക്, ഭിന്നലിംഗ വിവാഹത്തിലാണെങ്കിൽ, ഐപിസി സെക്ഷൻ 498-എ പ്രകാരം സംരക്ഷണം ഉണ്ടായിരിക്കുമെന്ന് ഈ കോടതി വ്യക്തമാക്കുന്നു," ജഡ്ജി പ്രസ്താവിച്ചു. പ്രസവിക്കാൻ കഴിയാത്തതിനാൽ ട്രാൻസ് സ്ത്രീയെ സെക്ഷൻ 498A പ്രകാരമുള്ള സ്ത്രീ ആയി കണക്കാക്കാൻ കഴിയില്ലെന്ന ഹരജിക്കാരന്‍റെ വാദം കോടതി തള്ളി. സ്ത്രീത്വത്തെയും പ്രത്യുൽപാദനത്തെയും കുറിച്ചുള്ള അത്തരമൊരു ഇടുങ്ങിയ വീക്ഷണം, അന്തസ്, സ്വത്വം, തുല്യത എന്നിവ ഉയർത്തിപ്പിടിക്കുന്ന ഭരണഘടനയുടെ ആത്മാവിനെ തന്നെ ദുർബലപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി.
ഒരു വ്യക്തിയുടെ സ്വയം തിരിച്ചറിയുന്ന ലിംഗഭേദം ബഹുമാനിക്കപ്പെടണമെന്നും ഐപിസി 498 എ, ഗാർഹിക പീഡന നിയമം തുടങ്ങിയ നിയമങ്ങൾ പ്രകാരമുള്ള സംരക്ഷണങ്ങൾ ട്രാൻസ് സ്ത്രീകൾക്കും ബാധകമാണെന്നും ഹൈക്കോടതി ഊന്നിപ്പറഞ്ഞു. പരാതിക്കാരിയായ പൊകല സബാന, ഭർത്താവ് വിശ്വനാഥൻ കൃഷ്ണ മൂർത്തി 2019 ജനുവരിയിൽ ഹൈദരാബാദിലെ ഒരു ആര്യസമാജ മന്ദിറിൽ വെച്ച് തന്നെ വിവാഹം കഴിച്ചുവെന്നും, തന്റെ ട്രാൻസ്‌ജെൻഡർ ഐഡന്റിറ്റിയെക്കുറിച്ച് പൂർണമായി അറിയാമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. സ്ത്രീധനമായി 10 ലക്ഷം രൂപയും, 25 പവൻ സ്വർണവും 500 ഗ്രാം വെള്ളിയും രണ്ട് ലക്ഷം രൂപയുടെ വീട്ടുപകരണങ്ങളും തന്‍റെ കുടുംബം നൽകിയതായി അവർ അവകാശപ്പെട്ടു. വിവാഹം കഴിഞ്ഞയുടനെ ഭർത്താവ് തന്നെ ഉപേക്ഷിച്ചു പോയെന്നും പിന്നീട് ഭീഷണിപ്പെടുത്തുന്നതും അശ്ലീല സന്ദേശങ്ങൾ അയച്ചതായും അവർ ആരോപിച്ചു.തന്റെ ഭർതൃവീട്ടുകാരുടെ ഒത്താശയോടെയാണ് പീഡനം നടന്നതെന്നും പൊകല ആരോപിച്ചു.