മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവുർ റാണയെ ഇന്ത്യക്ക് കൈമാറുമെന്ന് ട്രംപ്
വൈറ്റ് ഹൗസിൽ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംയുക്ത പത്രസമ്മേളനത്തിലാണ് അറിയിച്ചത്
വാഷിംഗ്ടണ്‍: 2008 മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവുർ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് . വൈറ്റ് ഹൗസിൽ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംയുക്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
''26/11 മുംബൈ ഭീകരാക്രമണത്തിൽ പ്രതിയായ വളരെ അപകടകാരിയായ ഒരു മനുഷ്യനെ ഞങ്ങൾ ഇന്ത്യക്ക് കൈമാറുകയാണ്.'' ട്രംപ് പറഞ്ഞു. കഴിഞ്ഞ മാസം 21ന് യുഎസ് സുപ്രിം കോടതി റാണയുടെ പുനഃപരിശോധനാ ഹരജി തള്ളിയിരുന്നു. ''കോടതി വിധിയുടെ അടിസ്ഥാനത്തിൽ, ബാധകമായ യുഎസ് നിയമത്തിന് അനുസൃതമായി, സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ഈ കേസിലെ അടുത്ത നടപടികൾ നിലവിൽ വിലയിരുത്തുകയാണ്. മുംബൈ ഭീകരാക്രമണത്തിലെ കുറ്റവാളികള്‍ക്കെതിരെയുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ഞങ്ങൾ ദീർഘകാലമായി പിന്തുണച്ചിട്ടുണ്ട്" യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വ്യക്തമാക്കി.
റാണയെ കൈമാറാനുള്ള അമേരിക്കയുടെ നിലപാടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിക്കുകയും ട്രംപിന് നന്ദി അറിയിക്കുകയും ചെയ്തു."മുംബൈ ഭീകരാക്രമണക്കേസിലെ കുറ്റവാളിയെ ഇന്ത്യയിൽ ചോദ്യം ചെയ്യുന്നതിനും വിചാരണ ചെയ്യുന്നതിനുമായി കൈമാറുന്നു. നടപടികൾ വേഗത്തിലാക്കിയതിന് ട്രംപിന് ഞാൻ നന്ദി പറയുന്നു." മോദി കൂട്ടിച്ചേര്‍ത്തു.
പാകിസ്താനി-കനേഡിയൻ പൗരനാണ് തഹാവൂർ റാണ. തന്നെ ഇന്ത്യക്ക് കൈമാറരുതെന്നാവശ്യപ്പെട്ട് റാണ വിവിധ ഫെഡറൽ കോടതികളിൽ നൽകിയ അപ്പീലുകൾ തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് സുപ്രിം കോടതിയെ സമീപിക്കുന്നത്. ഒടുവിൽ സുപ്രിംകോടതിയും ഇയാളെ ഇന്ത്യയ്ക്ക് കൈമാറാനുള്ള തീരുമാനം ശരിവക്കുകയായിരുന്നു.
നിലവിൽ ഇദ്ദേഹം ലോസ് ഏഞ്ചൽസിൽ തടവിൽ കഴിയുകയാണ്. പാകിസ്താന്‍ ആർമിയിലെ മുൻ ഡോക്ടറായ റാണ 1990-കളിൽ കാനഡയിലേക്ക് താമസം മാറുകയും അവിടെ അദ്ദേഹം പൗരത്വം സ്വീകരിക്കുകയും ചെയ്തു. പിന്നീട് അമേരിക്കയിലേക്ക് താമസം മാറി. തുടർന്ന് ചിക്കാഗോയിൽ ഫസ്റ്റ് വേൾഡ് ഇമിഗ്രേഷൻ സർവീസസ് എന്ന ഇമിഗ്രേഷൻ കൺസൾട്ടൻസി ആരംഭിച്ചു.
ഇവിടെ വെച്ചാണ് മുംബൈ ഭീകരാക്രമണത്തിൽ ലഷ്കറെ ത്വയ്യിബക്ക് വേണ്ടി പ്രവർത്തിച്ച ഡേവിഡ് കോൾമാൻ ഹെഡ്‍ലിയെ പരിചയപ്പെടുന്നത്. കേസിൽ ഇയാളും അമേരിക്കയിൽ അറസ്റ്റിലായിട്ടുണ്ട്. ഇമിഗ്രേഷൻ കൺസൾട്ടൻസിയുടെ മറവിൽ ഹെഡ്‍ലിക്ക് വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് റാണക്കെതിരായ ആരോപണം. ഹെഡ്‍ലിയെ സഹായിച്ചതിന് 2009ണ് റാണയെ യുഎസ് അധികൃതർ അറസ്റ്റ് ചെയ്യുന്നത്.