വമ്പൻ റെക്കോർഡുമായി കോഹ്‌ലി, അജയ് ദേവ്ഗണും ഭോലാ യാത്രയും: അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്‌...

വിജയ്-ലോകേഷ് ചിത്രം ലിയോയിലേക്ക് സഞ്ജയ് ദത്ത് ജോയിൻ ചെയ്തതാണ് ട്വിറ്ററിലെ മറ്റൊരു ചൂടൻ ചർച്ചാ വിഷയം

Update: 2023-03-11 19:19 GMT
Advertising

ഓൾവെയ്സ് കിംഗ് കോഹ്ലി

ആസ്‌ത്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിൽ വമ്പൻ റെക്കോർഡ് നേടിയതോടെ ട്വിറ്റർ ട്രെൻഡിംഗിൽ മുൻനിരയിലെത്തിയിരിക്കുകയാണ് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലി.രാജ്യത്ത് നടന്ന ടെസ്റ്റ് മത്സരങ്ങളിൽ 4000 റൺസെന്ന നാഴികക്കല്ലാണ് താരം കടന്നിരിക്കുന്നത്. ഈ നേട്ടം കൊയ്യുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്ററാണ് കോഹ്‌ലി.

ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറാണ് പട്ടികയിൽ ഒന്നാമതുള്ളത്. 94 ടെസ്റ്റുകളിൽ 7216 റൺസാണ് 52.67 ശരാശരിയിൽ താരം നേടിയിട്ടുള്ളത്. 70 ഹോം ടെസ്റ്റുകളിലായി 5598 റൺസ് നേടിയ രാഹുൽ ദ്രാവിഡാണ് പട്ടികയിൽ രണ്ടാമൻ. മൂന്നാമതുള്ള സുനിൽ ഗവാസ്‌കർ 65 ടെസ്റ്റുകളിൽ നിന്ന് 5067 റൺസാണ് അടിച്ചത്. വീരേന്ദർ സെവാഗാണ് നാലാമൻ. 52 ടെസ്റ്റുകളിൽ നിന്ന് 4656 റൺസാണ് വീരുവിന്റെ നേട്ടം. ആസ്ത്രേലിയക്കെതിരെയുള്ള ടെസ്റ്റിൽ തന്റെ 29ാമത് അർധസെഞ്ച്വറിയാണ് കോഹ്ലി കണ്ടെത്തിയിട്ടുള്ളത്.

ലിയോയ്ക്കൊപ്പം ചേർന്ന് സഞ്ജയ് ദത്ത്

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ്-ലോകേഷ് ചിത്രം ലിയോയിലേക്ക് സഞ്ജയ് ദത്ത് ജോയിൻ ചെയ്തതാണ് ട്വിറ്ററിലെ മറ്റൊരു ചൂടൻ ചർച്ചാ വിഷയം.

സിനിമയിലെ ലൊക്കേഷനിൽ നടനെത്തിയ ചിത്രങ്ങളും വീഡിയോകളും ട്വിറ്ററിൽ വ്യാപകമായാണ് പ്രചരിക്കുന്നത്. സഞ്ജയ് ദത്തിനെ വിജയ് സ്വീകരിക്കുന്ന വീഡിയോ പോസ്റ്റുകളൊക്കെ ആഘോഷമാക്കുകയാണ് ആരാധകർ.

ബോൺമത്ത്- ലിവർപൂളും ട്വിറ്റർ ട്രെൻഡിംഗും 

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനെ ബോൺമത്ത് അട്ടിമറിച്ചതോടെ bouliv എന്ന ഹാഷ്ടാഗ് ട്രെൻഡിങ്ങാണ് ട്വിറ്ററിൽ. സ്വന്തം തട്ടകത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബോൺമത്ത് വിജയം നേടിയത്.

ഗോൾ വഴങ്ങിയ ശേഷം ലഭിച്ച പെനാൽറ്റി സൂപ്പർ താരം മുഹമ്മദ് സലാഹ് പാഴാക്കിയത് ലിവർപൂളിന് തിരിച്ചടിയായി. കഴിഞ്ഞയാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏഴ് ഗോളിന് തോൽപ്പിച്ച് കരുത്തു കാട്ടിയ ലിവർപൂളിനെ ഞെട്ടിച്ച് 28ാം മിനുട്ടിൽ ഫിലിപ് ബില്ലിംഗാണ് ഗോൾ നേടിയത്. മത്സരത്തിൽ ആതിഥേയരുടെ ഏക ഷോട്ട് ഓൺ ടാർഗറ്റ് ഇതായിരുന്നു.

രണ്ടാം പകുതിയിൽ ബോൺമത്ത് ബോക്സിൽ വെച്ച് അവരുടെ താരം ആദം സ്മിത്തിന്റെ കയ്യിൽ പന്ത് തൊട്ടപ്പോഴാണ് ലിവർപൂളിന് അനുകൂല പെനൽറ്റി ലഭിച്ചത്. ഇതിന് മുമ്പ് ഈ ഗ്രൗണ്ടിൽ കളിച്ചപ്പോഴെല്ലാം ഗോൾ നേടിയ സൂപ്പർ താരം മുഹമ്മദ് സലാഹിന് പക്ഷേ ഇത്തവണ പിഴച്ചു. ഗോൾ കീപ്പർ എതിർ ദിശയിലേക്ക് ചാടിയെങ്കിലും സലാഹിന്റെ കിക്ക് വലതു പോസ്റ്റിനു പുറത്തേക്ക് പോയി.

ഇന്നത്തെ പരാജയത്തോടെ നാലാം സ്ഥാനത്തുണ്ടായിരുന്ന ലിവർപൂൾ അഞ്ചാമതായി. ടോട്ടനമാണ് നാലാമതെത്തിയത്. ടോട്ടനത്തിന് 45ഉം ലിവർപൂളിന് 42ഉം പോയിൻറാണുള്ളത്. 63 പോയിൻറുമായി ആഴ്സണലാണ് ഒന്നാമത്. 58 പോയിൻറുള്ള മാഞ്ചസ്റ്റർ സിറ്റി രണ്ടാമതും 49 പോയിൻറുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാമതുമുണ്ട്

ഭോലാ യാത്ര

തന്റെ പുതിയ ചിത്രം ഭോലായുടെ പ്രൊമോഷന്റെ ഭാഗമായി ഭോലാ യാത്ര എന്ന പേരിൽ അജയ് ദേവ്ഗൺ നടത്തുന്ന പര്യടനമാണ് ട്വിറ്ററിലെ മറ്റൊരു ചർച്ചാ വിഷയം. ഇന്ന് മുംബൈയിൽ ആരംഭിച്ച യാത്ര സൂറത്ത്, അഹമ്മദാബാദ്, ഉദയ്പൂർ, ജയ്പൂർ, ഗുരുഗ്രാം, ഡൽഹി,കാൻപൂർ, ലഖ്‌നൗ എന്നിങ്ങനെ ഒമ്പത് നഗരങ്ങളിലൂടെ പര്യടനം നടത്തും. ഭോലാ ട്രക്ക് എന്ന് പേരിട്ടിരിക്കുന്ന ട്രക്ക് ഓരോ നഗരത്തിലും പ്രൊമോഷന് വേദിയാകും.

ഹാപ്പി ബർത്ത്‌ഡേ ശ്രേയാ ഘോഷാൽ


പ്രിയ ഗായിക ശ്രേയഘോഷാലിന് പിറന്നാളാശംകൾ നേർന്ന് നിരവധി പേരാണ് ട്വിറ്ററിൽ പോസ്റ്റുകൾ പങ്ക് വയ്ക്കുന്നത്. ശ്രേയയോടുള്ള സംഗീതാസ്വാദകരുടെ ഇഷ്ടം കൂടി happybirthdayshreyaghoshal എന്ന ഹാഷ്ടാഗും ട്വിറ്റർ ട്രെൻഡിംഗിൽ ഇടം പിടിച്ചിട്ടുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Similar News