രാഹുൽ ഗാന്ധിയുടെ അത്താഴ വിരുന്നിൽ പിൻനിരയിൽ ഇരിപ്പിടം; ഉദ്ധവ് താക്കറെയെ പരിഹസിച്ച് ബിജെപി

'ഇൻഡ്യാ മുന്നണിയിൽ അദ്ദേഹത്തിന് എന്ത് തരത്തിലുള്ള ബഹുമാനവും ആദരവുമാണ് ലഭിക്കുന്നതെന്ന് ഞങ്ങൾ മനസിലാക്കുന്നു'

Update: 2025-08-09 06:22 GMT
Editor : Jaisy Thomas | By : Web Desk

ഡൽഹി: രാഹുൽ ഗാന്ധി അടുത്തിടെ ഡൽഹിയിൽ നടത്തിയ അത്താഴ വിരുന്നിനിടെ ഉദ്ധവ് താക്കറെയെ പിൻനിരയിൽ ഇരുത്തി അപമാനിച്ചുവെന്ന് ബിജെപി ആരോപിച്ചതിനെ തുടർന്ന് ശിവസേനയും ബിജെപിയും തമ്മിൽ വാക്പോര് . ഇന്‍ഡ്യാ മുന്നണിയിലെ ഏകദേശം 50 മുതിര്‍ന്ന നേതാക്കള്‍ക്കായി വ്യാഴാഴ്ച രാത്രി നടത്തിയ അത്താഴ വിരുന്നിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വോട്ട് ക്രമക്കേടിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വെളിപ്പെടുത്തിയിരുന്നു.

"ജനാധിപത്യം നശിപ്പിക്കപ്പെട്ടു" എന്ന തലക്കെട്ടിൽ രാഹുൽ ഗാന്ധി നടത്തിയ വിശദമായ അവതരണമായിരുന്നു പരിപാടിയുടെ കാതൽ, അതിൽ ബൂത്ത് ലെവൽ തെരഞ്ഞെടുപ്പ് തട്ടിപ്പുകളെക്കുറിച്ച് ഇന്‍ഡ്യാ മുന്നണി നേതൃത്വത്തിന് മുന്നിൽ അദ്ദേഹം വിശദീകരിച്ചിരുന്നു. അവതരണം നടത്തുമ്പോൾ ഉദ്ധവ്, മകൻ ആദിത്യ താക്കറെ, രാജ്യസഭാ എംപി സഞ്ജയ് റാവത്ത് എന്നിവരുടെ സ്ഥാനം പിൻനിരയിലായിരുന്നു. ഇത് ആയുധമാക്കിയിരിക്കുകയാണ് ബിജെപി. അവിഭക്ത ശിവസേന എൻഡിഎയുടെ ഭാഗമായിരുന്നപ്പോൾ ഉദ്ധവ് എപ്പോഴും ഒന്നാം നിരയിലാണ് ഇരുന്നിരുന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. "ഞങ്ങളെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന് കൊടുത്ത ബഹുമാനം എപ്പോഴും ഞങ്ങളുടെ സ്വന്തം ബഹുമാനത്തെക്കാൾ വലുതായിരുന്നു. ഇൻഡ്യാ മുന്നണിയിൽ അദ്ദേഹത്തിന് എന്ത് തരത്തിലുള്ള ബഹുമാനവും ആദരവുമാണ് ലഭിക്കുന്നതെന്ന് ഞങ്ങൾ മനസിലാക്കുന്നു'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡൽഹിക്ക് മുന്നിൽ തലകുനിക്കരുതെന്ന് ഉദ്ധവ് എപ്പോഴും പറഞ്ഞിരുന്നതായി ഫഡ്‌നാവിസ് അടിവരയിട്ടു.

Advertising
Advertising

"ഡൽഹിക്ക് മുന്നിൽ തലകുനിക്കില്ലെന്ന് ഉദ്ധവ് പറയാറുണ്ടായിരുന്നു. ഇപ്പോൾ അവർ അധികാരത്തിൽ പോലുമില്ലാത്ത അവസ്ഥ നോക്കൂ. ഇത് വേദനാജനകമാണ്. അദ്ദേഹം ഞങ്ങളോടൊപ്പമുണ്ടായിരുന്നപ്പോൾ, എല്ലായ്പ്പോഴും മുൻനിരയിലാണ് ഇരുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.കോൺഗ്രസ് ഒടുവിൽ താക്കറെമാർക്ക് അവരുടെ സ്ഥാനം കാണിച്ചുകൊടുത്തുവെന്ന് ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പരിഹസിച്ചു. ''ആത്മാഭിമാനം പണയപ്പെടുത്തി ബാൽ താക്കറെയുടെ ആദർശങ്ങൾ ഉപേക്ഷിക്കുന്നവർക്ക് അതിൽ ഒരു അപമാനവും തോന്നില്ല. കോൺഗ്രസ് അവർക്ക് അവരുടെ സ്ഥാനം കാണിച്ചുകൊടുത്തു," ഷിൻഡെ പറഞ്ഞു.

മഹാരാഷ്ട്ര ബിജെപി രാഹുലിന്‍റെ അത്താഴവിരുന്നിന്‍റെ ഒരു സ്ക്രീൻഷോട്ടും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. "ഈ ചിത്രത്തിൽ ആത്മാഭിമാനം കണ്ടെത്തുക!" എന്നായിരുന്നു അടിക്കുറിപ്പ്. ബിജെപിക്കെതിരെ തിരിച്ചടിച്ച റാവത്ത്, ഉദ്ധവിന് മുൻനിര സീറ്റ് നൽകിയിരുന്നതായും സ്ക്രീനിൽ പ്രദര്‍ശിപ്പിച്ചത് വ്യക്തമാകി കാണാൻ വേണ്ടിയാണ് പിൻനിരയിലേക്ക് മാറിയിരുന്നതെന്ന് വ്യക്തമാക്കി. "ഞങ്ങൾ മുന്നിൽ ഇരിക്കുകയായിരുന്നു, പക്ഷേ ടിവി സ്‌ക്രീൻ ഞങ്ങളുടെ കണ്ണുകൾക്ക് വേദനയുണ്ടാക്കി, അതിനാൽ ഞങ്ങൾ പിന്നിലേക്ക് മാറിയിരുന്നു'' സഞ്ജയ് റാവത്ത് പറഞ്ഞു. ബിജെപിയെ ഉപയോഗശൂന്യം എന്ന് വിശേഷിപ്പിച്ച റാവത്ത് "ആരാണ് എവിടെ ഇരിക്കുന്നതെന്ന് ബിജെപിക്ക് സംശയമുണ്ട്. ബിജെപിയുടെ വോട്ട് മോഷണത്തിനെതിരെ ഒരു അവതരണം നടക്കുകയായിരുന്നു" എന്നും പറഞ്ഞു.

ബിജെപിയുടെ ആരോപണത്തിന് ആദിത്യ താക്കറെയും മറുപടി നൽകി. "ചിലർ മുൻ നിരയിൽ ഇരിക്കാൻ തിക്കിത്തിരക്കുന്നു" എന്ന് ആദിത്യ പറഞ്ഞു.''ഒരു വീട്ടിലെ അന്തരീക്ഷമായിരുന്നു അവിടെ. എവിടെ ഇരിക്കണമെന്നത് ഞങ്ങളുടെ തീരുമാനമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ അവരുടെ ഓഫീസിൽ നിന്നാണ് പ്രവർത്തിക്കുന്നത് എന്നതാണ് അവരെ (ശിവസേനയും ബിജെപിയും) അലോസരപ്പെടുത്തിയത്, അത് രാഹുൽ ഗാന്ധി തുറന്നുകാട്ടി," ആദിത്യ ചൂണ്ടിക്കാട്ടി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News