രണ്ട് പതിറ്റാണ്ടിന് ശേഷം രാജ് താക്കറെയുടെ വീട്ടിലെത്തി ഉദ്ധവ്; മറാത്തി വോട്ടുകളെ സ്വാധീനിച്ചേക്കുമെന്ന് വിദഗ്ധര്‍
ഗണേശ പൂജയുടെ ഭാഗമായിട്ടാണ് ഉദ്ധവ് രാജ് താക്കറെയുടെ വസതിയായ ശിവതീര്‍ഥത്തിലെത്തിയത്
മുംബൈ: രണ്ട് പതിറ്റാണ്ടിന് ശേഷം താക്കറെ സഹോദരൻമാര്‍ ഒരുമിച്ച് ഒരു വേദിയിലെത്തിയത് ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ വലിയ ചര്‍ച്ചയായിരുന്നു. ഒരുമിച്ച് നിൽക്കാൻ വേണ്ടിയാണ് ഞങ്ങൾ ഒന്നിച്ചതെന്ന് ശിവസേന യുബിടി വിഭാഗം മേധാവി ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ നീണ്ട 20 വര്‍ഷങ്ങൾക്ക് ശേഷം മഹാരാഷ്ട്ര നവനിര്‍മാൺ സേന അധ്യക്ഷൻ രാജ് താക്കറെയുടെ വീട്ടിലെത്തിയിരിക്കുകയാണ് ഉദ്ധവ്.
ഗണേശ പൂജയുടെ ഭാഗമായിട്ടാണ് ഉദ്ധവ് രാജ് താക്കറെയുടെ വസതിയായ ശിവതീര്‍ഥത്തിലെത്തിയത്. ഉദ്ധവ് താക്കറെയ്‌ക്കൊപ്പം ഭാര്യ രശ്മിയും മക്കളായ ആദിത്യയും തേജസും ഉണ്ടായിരുന്നു. പൂജക്ക് ശേഷം ഇരുകുടുംബങ്ങളും ഒരുമിച്ച് ഫോട്ടോ എടുക്കുകയും ചെയ്തു. രണ്ട് പതിറ്റാണ്ടിലേറെക്കാലത്തിനു ശേഷമുള്ള ബന്ധുക്കളുടെ പുനഃസമാഗമത്തിലെ മറ്റൊരു സുപ്രധാന ചുവടുവെപ്പാണിത്. 2026 ന്‍റെ തുടക്കത്തിൽ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉദ്ധവിന്‍റെ ശിവതീര്‍ഥ സന്ദര്‍ശനം നിര്‍ണായകമാണ്. 2005-ൽ ശിവസേനയിൽ നിന്ന് പിരിഞ്ഞ് എംഎൻഎസ് രൂപീകരിച്ചതിന് ശേഷം അകന്നുപോയ താക്കറെ സഹോദരൻമാര്‍ അടുത്ത കാലത്തായി പലതവണ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു.
കഴിഞ്ഞ ജൂലൈ 5നാണ് വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ഉദ്ധവും രാജും വേദി പങ്കിട്ടത്. പ്രൈമറി ക്ലാസുകളിൽ ഹിന്ദി അടിച്ചേൽപിക്കാനുള്ള നീക്കം പരാജയപ്പെടുത്തിയത് ആഘോഷിക്കാനാണ് ഉദ്ധവ് ശിവസേനയും രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാൺ സേനയും വോർലിയിലെ എൻഎസ്‌സിഐ ഡോമിൽ വൻ റാലി സംഘടിപ്പിച്ചത്. "ഒരുമിച്ചു നിൽക്കാൻ ഞങ്ങൾ ഒന്നിച്ചു... മറാത്തിയെ സംരക്ഷിക്കാൻ ഞങ്ങൾ ഒന്നിച്ചു.ഞങ്ങൾ ഒന്നിച്ചു വരുന്നത് വെറുമൊരു ട്രെയിലർ മാത്രമാണെന്ന് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. ഇത് ഒരു തുടക്കം മാത്രമാണ് " വിജയാഘോഷത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഉദ്ധവ് താക്കറെ പറഞ്ഞു. "ഞാനും രാജ് താക്കറെയും മുംബൈ മുനിസിപ്പൽ ബോഡിയിലും മഹാരാഷ്ട്രയിലും അധികാരം പിടിച്ചെടുക്കും." എന്നാണ് ഉദ്ധവ് താക്കറെ റാലിയിൽ വച്ച് പറഞ്ഞത്.
ദിവസങ്ങൾക്ക് ശേഷം ഉദ്ധവിന്‍റെ ജന്‍മദിനത്തിൽ രാജ് താക്കറെ മാതോശ്രീ സന്ദര്‍ശിച്ചിരുന്നു. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ഛായാചിത്രത്തിന് മുന്നിൽ നിന്ന് കസിൻസ് ഫോട്ടോ എടുക്കുകയും ചെയ്തു. താക്കറെ സഹോദരൻമാരുടെ ഒത്തുചേരൽ ശിവസേനയും (യുബിടി) എംഎൻഎസും തമ്മിലുള്ള സഖ്യം മുംബൈയിലും സമീപ പ്രദേശങ്ങളിലും മറാത്തി വോട്ട് ബാങ്ക് ശക്തിപ്പെടുത്തുമെന്നാണ് രാഷ്ട്രീയ വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ പുനഃസമാഗമത്തിൽ തങ്ങൾക്ക് ഒരു അസ്വസ്ഥതയുമില്ലെന്ന് ബിജെപി ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. "ആളുകൾ ഒത്തുചേരുന്നത് പ്രധാനമല്ല. മുംബൈക്കാർ തങ്ങൾക്കുവേണ്ടി ആരാണ് പ്രവർത്തിച്ചതെന്ന് കണ്ടിട്ടുണ്ട്... നഗരത്തിനായുള്ള നയങ്ങളിൽ പ്രവർത്തിച്ചു. വികസനമാണ് കൂടുതൽ പ്രധാനം," പാർട്ടിയുടെ പുതിയ മുംബൈ യൂണിറ്റ് മേധാവി അമീത് സതം തിങ്കളാഴ്ച പറഞ്ഞു.