'ക്രൂരമായ സമീപനം, നിയമം അറിയാത്തവര്‍': ജയ്പൂര്‍ സ്ഫോടനക്കേസ് അന്വേഷിച്ച സംഘത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
അന്വേഷണ സംഘത്തിലെ തെറ്റുചെയ്ത ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ അന്വേഷണ/അച്ചടക്ക നടപടികൾ ആരംഭിക്കാൻ രാജസ്ഥാൻ ഡി.ജി.പിയോട് കോടതി നിര്‍ദേശിച്ചു
ജയ്പൂര്‍: 2008ലെ ജയ്പൂർ സ്‌ഫോടന പരമ്പര കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളെയും രാജസ്ഥാൻ ഹൈക്കോടതി ഇന്നലെ കുറ്റവിമുക്തരാക്കിയിരുന്നു. അന്വേഷണം നീതിയുക്തമായല്ല നടന്നതെന്ന് നിരീക്ഷിച്ച കോടതി, അന്വേഷണ സംഘത്തിനെതിരെ അന്വേഷണവും പ്രഖ്യാപിച്ചു. ജസ്റ്റിസ് പങ്കജ് ഭണ്ഡാരി, ജസ്റ്റിസ് സമീര്‍ ജെയിന്‍ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് വിധി. നീതിയും ധാർമികതയും കണക്കിലെടുത്ത് അന്വേഷണ സംഘത്തിലെ തെറ്റുചെയ്ത ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ അന്വേഷണ/അച്ചടക്ക നടപടികൾ ആരംഭിക്കാൻ രാജസ്ഥാൻ ഡി.ജി.പിയോട് നിർദേശിക്കുന്നുവെന്നാണ് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.
അന്വേഷണ ഏജൻസി അവരുടെ ചുമതല നിർവഹിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണത്തില്‍ കൃത്രിമം നടന്നു. ധരിച്ച യൂണിഫോമിന് നിരക്കാത്ത രീതിയിലാണ് പ്രവര്‍ത്തിച്ചത്. പ്രതികളാക്കപ്പെട്ട യുവാക്കളുടെ ജീവിതവും സ്വാതന്ത്ര്യവും അപകടത്തിലായെന്ന് ജസ്റ്റിസ് ജെയിന്‍ പറഞ്ഞു. വിചാരണ കോടതി അസ്വീകാര്യമായ തെളിവുകളെ ആശ്രയിക്കുകയും വസ്തുതാപരമായ വൈരുദ്ധ്യങ്ങൾ അവഗണിക്കുകയും ചെയ്തെന്ന് മാത്രമല്ല നിയമത്തെ ശരിയായി പരിഗണിച്ചിട്ടില്ലെന്നും ജസ്റ്റിസ് ജെയിന്‍ വിമര്‍ശിച്ചു.
അന്വേഷണം പിഴവു നിറഞ്ഞതായിരുന്നുവെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. നിയമത്തിലെ വ്യവസ്ഥകള്‍ അവഗണിക്കപ്പെട്ടു. അന്വേഷണ ഏജൻസിക്ക് ആവശ്യമായ നിയമ വൈദഗ്ധ്യം ഇല്ലായിരുന്നു. നിയമപരിജ്ഞാനത്തിന്‍റെയും ശരിയായ പരിശീലനത്തിന്റെ അഭാവം, അന്വേഷണ നടപടി ക്രമങ്ങളിൽ വേണ്ടത്ര വൈദഗ്ധ്യമില്ലായ്മ എന്നിവ വ്യക്തമായിരുന്നു. തെറ്റായ, പിഴവുള്ള, കൃത്രിമത്വം കാണിച്ച അന്വേഷണമാണ് നടന്നത്. അന്വേഷണ ഏജൻസികളുടെ പരാജയം മൂലം പ്രതിസന്ധിയിലായ കേസാണിത്. കാര്യങ്ങൾ അതേപടി തുടരാൻ അനുവദിക്കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പൊതുതാൽപ്പര്യമുള്ള വിഷയം പരിശോധിക്കാൻ ചീഫ് സെക്രട്ടറിയോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.
കുറ്റവിമുക്തരാക്കിയത് നാല് പേരെ
ജയ്പൂർ സ്ഫോടനക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാലു പേരെയാണ് രാജസ്ഥാന്‍ ഹൈക്കോടതി വെറുതെവിട്ടത്. സർവർ ആസ്മി, മുഹമ്മദ് സെയ്ഫ്, സൈഫുറഹ്മാൻ, മുഹമ്മദ് സൽമാൻ എന്നിവരെയാണ് വെറുതെവിട്ടത്.
2008 മെയ് 13നാണ് ജയ്പൂരില്‍ സ്ഫോടന പരമ്പര നടന്നത്. 71 പേര്‍ കൊല്ലപ്പെടുകയും 185 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരെന്ന് ആരോപിച്ച് അഞ്ചു പേരെയാണ് കേസില്‍ പിടികൂടിയത്. ഇവരില്‍ നാലു പേര്‍ക്കും 2019 ഡിസംബറിലാണ് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. ഷഹബാസ് ഹസന്‍ എന്നയാളെ വിചാരണ കോടതി തന്നെ വെറുതെവിട്ടിരുന്നു.
യുവാക്കളെ കേസില്‍ കുടുക്കിയതാണെന്നും നിരപരാധികളാണെന്നും ശിക്ഷിക്കപ്പെട്ടവരുടെ ബന്ധുക്കള്‍ അവകാശപ്പെട്ടിരുന്നു. തുടര്‍ന്ന് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് (എ.പി.സി.ആര്‍) യുവാക്കള്‍ക്ക് നിയമ സഹായം നല്‍കി. അമിക്കസ് ക്യൂറി ഫാറൂഖ് പേക്കർ നേരത്തെ പറഞ്ഞതിങ്ങനെ- "സാഹചര്യത്തെളിവിന്‍റെ അടിസ്ഥാനത്തില്‍ വധശിക്ഷ വിധിച്ച ആദ്യ കേസാണിത്. നാലു പേര്‍ക്കെതിരെയും നേരിട്ടുള്ള തെളിവുകളില്ല. 1300 സാക്ഷികളുണ്ടായിരുന്നു. അവരെയെല്ലാം വിസ്തരിച്ചു. ഇവരില്‍ ആര്‍ക്കും പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല". അമിക്കസ് ക്യൂറിയുടെ വാദം ശരിവെയ്ക്കുന്ന നിരീക്ഷണങ്ങളാണ് ഡിവിഷന്‍ ബെഞ്ച് നടത്തിയത്.
Summary- The Rajasthan High Court on Wednesday acquitted all the four convicts in the 2008 serial Jaipur blast case on the ground that prosecution has not been able to establish the chain of the circumstances to establish their guilt.