'ആക്രി' വിറ്റ് കേന്ദ്രസര്‍ക്കാര്‍ നേടിയത് 800 കോടി; ചന്ദ്രയാൻ പദ്ധതി ചെലവിനെക്കാൾ കൂടുതൽ

സര്‍ക്കാര്‍ ഓഫീസുകളിലെ ഉപയോഗിക്കാത്ത പഴയ സാധനങ്ങള്‍, ഉപയോഗിച്ച വാഹനങ്ങള്‍, മാലിന്യ വസ്തുക്കള്‍ എന്നിവ ലേലത്തിലൂടെയാണ് വിറ്റഴിച്ചത്

Update: 2025-11-10 02:16 GMT
Editor : Jaisy Thomas | By : Web Desk

ഡൽഹി: സര്‍ക്കാര്‍ ഓഫീസുകളിലെ ഉപയോഗശൂന്യമായ ആക്രി സാധനങ്ങൾ വിറ്റഴിച്ച് കേന്ദ്ര സര്‍ക്കാര്‍ നേടിയത് റെക്കോഡ് തുക. ഒരു മാസത്തിനുള്ളിൽ 800 കോടി രൂപയാണ് ഖജനാവിലെത്തിയത്. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ദൗത്യത്തിന് ചെലവായ തുക ഏകദേശം 615 കോടിയാണ്. അതിനെക്കാൾ കൂടുതലാണ് പഴയ സാധനങ്ങൾ വിറ്റതിലൂടെ സർക്കാരിന് ലഭിച്ചത്.

സര്‍ക്കാര്‍ ഓഫീസുകളിലെ ഉപയോഗിക്കാത്ത പഴയ സാധനങ്ങള്‍, ഉപയോഗിച്ച വാഹനങ്ങള്‍, മാലിന്യ വസ്തുക്കള്‍ എന്നിവ ലേലത്തിലൂടെയാണ് വിറ്റഴിച്ചത്. 2021ലാണ് സർക്കാർ ഓഫീസുകളിലെ ഫയലുകൾ, പഴയ കസേരകൾ, കമ്പ്യൂട്ടറുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ ഒഴിവാക്കി ശുചീകരണത്തിലൂടെ വരുമാനം കണ്ടെത്താനുള്ള പ്രത്യേക ക്യാമ്പയിൻ കേന്ദ്രം ആരംഭിച്ചത്. ഈ ക്യാമ്പയിൻ തുടങ്ങിയ ശേഷം ഇതുവരെ പഴയ സാധനങ്ങൾ വിറ്റതിലൂടെ സർക്കാരിന് ലഭിച്ചത് ഏകദേശം 4,100 കോടിയാണ്.

ഉപയോഗ ശൂന്യമായ ഉല്‍പന്നങ്ങള്‍ തരം തിരിച്ചാണ് വില്‍ക്കുന്നത്. 'ക്ലീന്‍ലിനസ് മിഷന്‍ 2.0' പദ്ധതിയുടെ കീഴില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ 928.84 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ നിന്ന് അനാവശ്യമായ മാലിന്യ വസ്തുക്കള്‍ നീക്കം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ആൻഡ് പബ്ലിക് ഗ്രീവൻസസ് (DAR&PG) വകുപ്പിന്‍റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾക്ക് കേന്ദ്രമന്ത്രിമാരായ മൻസുഖ് മാണ്ഡവ്യ, കെ രാം മോഹൻ നായിഡു, ഡോ ജിതേന്ദ്ര സിംഗ് എന്നിവർ മേൽനോട്ടം വഹിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News