'വിവാഹ വാഗ്ദാനം നൽകി പറ്റിച്ചു, ഭീഷണിപ്പെടുത്തി':മുന്‍ കാമുകന്‍റെ ദേഹത്ത് ആസിഡ് ഒഴിച്ച് യുവതി

യുവാവ് വിവാഹവാഗ്ദാനം നൽകി പറ്റിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് താൻ ആസിഡ് ഒഴിച്ചതെന്ന് യുവതി

Update: 2024-10-06 08:39 GMT
Editor : ദിവ്യ വി | By : Web Desk

അലിഗഢ്: ഉത്തർപ്രദേശിലെ അലിഗഢിൽ യുവതി മുൻ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ചു. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും എന്നാൽ യുവാവ് വിവാഹവാഗ്ദാനം നൽകി പറ്റിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് താൻ ആസിഡ് ഒഴിച്ചതെന്നും യുവതി പറഞ്ഞു.

പരസ്പരം കണ്ട് സംസാരിക്കാമെന്ന ധാരണയിൽ അലിഗഢിലെ റസ്റ്റോറന്റിൽ എത്തിയതായിരുന്നു ഇരുവരും. അല്പസമയത്തെ സംസാരത്തിനു പിന്നാലെ ബാഗിൽ കരുതിയ കുപ്പിയെടുത്ത് യുവതി വിവേക് എന്ന യുവാവിന് നേരെ ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിക്കും പരിക്കുണ്ട്.

Advertising
Advertising

വിവേക് പലപ്പോഴായി തന്നെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നും തനിക്ക് അയാളെ വിവാഹം ചെയ്യാൻ താല്പര്യമില്ലെന്നും യുവതി പറഞ്ഞു. വിവേകിനെയല്ലാതെ മറ്റാരെയെങ്കിലുമായിരിക്കും വിവാഹം ചെയ്യുക. താൻ നിലവില്‍ വിവാഹമോചിതയാണ്. വിവാഹം ചെയ്യാമെന്ന് ഇയാൾ പലപ്പോഴായി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പറ്റിക്കുകയായിരുന്നു. ഇതും പറഞ്ഞ് ഇയാൾ പിന്നീട് ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നും യുവതി പൊലീസിനോട് പറഞ്ഞു.

ഇരുവർക്കും പരസ്പരം അറിയാമായിരുന്നുവെന്നും അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് രണ്ടുപേരും വഴക്കായതെന്നും പൊലീസ് പറഞ്ഞു. എന്നാൽ ഭീഷണിപ്പെടുത്തി എന്ന യുവതിയുടെ പരാതി അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News