ആധാറിൽ ഇ-മെയിൽ ചേർക്കാനും പുതുക്കാനും ഇനി ക്യൂ നിൽക്കേണ്ട; വീട്ടിലിരുന്ന് ഫോണിലൂടെ ചെയ്യാം, ഡിസംബർ 31 വരെ സൗജന്യം

ആധാർ ആപ്പ് വഴി സൗജന്യമായി ഇ-മെയിൽ ചേർക്കാനും പുതുക്കാനും അവസരം; സേവനം കൂടുതൽ സുരക്ഷിതമാക്കാൻ പുതിയ സൗകര്യം

Update: 2026-07-04 02:56 GMT

ഇന്ത്യക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിലൊന്നാണ് ആധാർ കാർഡ്. ബാങ്കിംഗ്, സർക്കാർ ക്ഷേമപദ്ധതികൾ, മൊബൈൽ സിം, പാസ്‌പോർട്ട് തുടങ്ങി നിരവധി സേവനങ്ങൾക്ക് ആധാർ നിർബന്ധമായതിനാൽ അതിലെ വിവരങ്ങൾ കൃത്യമായി സൂക്ഷിക്കേണ്ടതും അത്രതന്നെ പ്രധാനമാണ്.

ഇപ്പോൾ ആധാർ ഉപയോക്താക്കൾക്ക് ആശ്വാസമാകുന്ന പുതിയ പ്രഖ്യാപനമാണ് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നടത്തിയിരിക്കുന്നത്. ആധാറിലെ ഇ-മെയിൽ വിലാസം ഇനി ആധാർ ആപ്പ് വഴി വീട്ടിലിരുന്ന് തന്നെ ചേർക്കാനോ അപ്‌ഡേറ്റ് ചെയ്യാനോ കഴിയും. ഡിസംബർ 31 വരെ ഈ സേവനം പൂർണമായും സൗജന്യമായിരിക്കും. സാധാരണ ഈ സേവനത്തിന് ഈടാക്കുന്ന സർവീസ് ചാർജ് ഈ കാലയളവിൽ ഒഴിവാക്കിയിട്ടുണ്ട്.

Advertising
Advertising

ആധാറിൽ ഇ-മെയിൽ വിലാസം രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്കും, നിലവിലുള്ള ഇ-മെയിൽ മാറ്റേണ്ടവർക്കും ഈ സൗകര്യം ഉപയോഗിക്കാം. എന്നാൽ ആധാർ ആപ്പ് വഴി നടത്തുന്ന അപ്‌ഡേറ്റുകൾക്ക് മാത്രമാണ് സൗജന്യ സേവനം ലഭിക്കുക. പുതിയ സംവിധാനം ആരംഭിച്ച ആദ്യ രണ്ട് ദിവസത്തിനുള്ളിൽ തന്നെ 2.5 ലക്ഷത്തിലധികം പേർ ഇ-മെയിൽ അപ്‌ഡേറ്റ് ചെയ്തതായി UIDAI അറിയിച്ചു.

ആധാറുമായി ശരിയായ ഇ-മെയിൽ വിലാസം ബന്ധിപ്പിച്ചാൽ ആധാർ ഓതന്റിക്കേഷൻ നടക്കുമ്പോഴെല്ലാം തത്സമയ അറിയിപ്പുകൾ ലഭിക്കും. സുരക്ഷാ മുന്നറിയിപ്പുകൾ, അപ്‌ഡേറ്റ് വിവരങ്ങൾ, മറ്റ് സേവന അറിയിപ്പുകൾ എന്നിവയും നേരിട്ട് ഇ-മെയിലേക്ക് ലഭിക്കുന്നതിനാൽ ആധാർ ഉപയോഗം കൂടുതൽ സുരക്ഷിതമാകും. മൊബൈൽ നമ്പർ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ വിവിധ സേവനങ്ങൾക്കുള്ള ഒടിപികളും എളുപ്പത്തിൽ സ്വീകരിക്കാനാകും.

ആധാറിലെ വിവരങ്ങൾ കാലഹരണപ്പെട്ടതാണെങ്കിൽ ഡിസംബർ 31-നകം സൗജന്യ അവസരം പ്രയോജനപ്പെടുത്തി അവ പുതുക്കണമെന്ന് UIDAI ഉപയോക്താക്കളോട് നിർദേശിച്ചിട്ടുണ്ട്.

ആധാറുമായി ലിങ്ക് ചെയ്ത ഇ-മെയിൽ എങ്ങനെ പരിശോധിക്കാം?

* ആധാർ വെബ്‌സൈറ്റിലോ ആധാർ ആപ്പിലോ ഉള്ള Email Verification വിഭാഗത്തിലേക്ക് പോകുക.

* ആധാർ നമ്പറും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും നൽകുക.

* Verify Email എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

* നിങ്ങളുടെ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇ-മെയിൽ വിലാസത്തിന്റെ വിവരങ്ങൾ സ്ക്രീനിൽ ലഭിക്കും.

Tags:    

Writer - റുക്ക്സാന വി ക

contributor

Editor - റുക്ക്സാന വി ക

contributor

By - Web Desk

contributor

Similar News