സർക്കാർ സ്‌കൂളുകളിൽ ഉറുദുവിന് പകരം സംസ്‌കൃതം; ബിജെപി നടപടിക്കെതിരെ രാജസ്ഥാനിൽ പ്രതിഷേധം

ആവശ്യത്തിന് വിദ്യാർഥികളില്ലാത്തതാണ് ഉറുദു ക്ലാസുകൾ നിർത്തലാക്കാൻ വിദ്യാഭ്യാസ വകുപ്പ് കാരണമായി ചൂണ്ടിക്കാട്ടുന്നത്

Update: 2025-02-20 02:21 GMT
Editor : Jaisy Thomas | By : Web Desk

ജയ്പൂര്‍: രാജസ്ഥാനിലെ ചില സ്കൂളുകളിൽ ഉറുദു മാറ്റി പകരം സംസ്കൃതം മൂന്നാംഭാഷയായി പഠിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം. ആവശ്യത്തിന് വിദ്യാർഥികളില്ലാത്തതാണ് ഉറുദു ക്ലാസുകൾ നിർത്തലാക്കാൻ വിദ്യാഭ്യാസ വകുപ്പ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ഉറുദു അധ്യാപകർ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചാണ് ജോലി നേടിയതെന്ന ബിജെപി മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ചില സ്കൂളുകളിൽ ഉറുദു മാറ്റി സംസ്കൃതം കൊണ്ടു വന്നത്. മന്ത്രിയുടെ പരാമര്‍ശത്തെ അടിസ്ഥാനരഹിതവും നിരുത്തരവാദപരവും എന്ന് വിശേഷിപ്പിച്ച രാജസ്ഥാൻ ഉറുദു ടീച്ചേഴ്‌സ് അസോസിയേഷൻ പ്രസ്താവനയെ അപലപിച്ചു.

Advertising
Advertising

അടുത്തിടെ ജയ്പൂരിലെ മഹാത്മഗാന്ധി സർക്കാർ സ്കൂളിൽ മൂന്നാം ഭാഷയായി ഉറുദു നൽകുന്നത് നിർത്താൻ രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരുന്നു. ബിക്കാനീറിലെ ഹയർ സെക്കൻഡറി സ്കൂളിനും സമാനമായ ഉത്തരവ് ലഭിച്ചിരുന്നു. ഉറുദു ക്ലാസുകൾ നിര്‍ത്തലാക്കുമെന്നും ഈ സ്‌കൂളുകളിൽ സംസ്‌കൃത അധ്യാപകർക്കായി പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്നും രണ്ട് ഉത്തരവുകളിലും വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിൻ്റെ നിർദേശപ്രകാരമാണ് ഉത്തരവ്. സംസ്കൃതത്തിന് ഡിമാന്‍ഡ് കൂടി വരികയാണെന്നും ഉത്തരവിൽ പറയുന്നു.

“ഇക്കാലത്ത് ആരും ഉറുദു പഠിക്കുന്നില്ല. ഞങ്ങൾക്ക് ഉറുദു അറിയില്ല. ഉറുദു അധ്യാപകരുടെ തസ്തികകൾ ഇല്ലാതാക്കി ജനങ്ങൾ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്ന വിഷയങ്ങളിൽ വിദ്യാഭ്യാസം നൽകും. ഇത് വളരെ വേഗത്തിൽ നടപ്പിലാക്കും'' ആഭ്യന്തര മന്ത്രി ജവഹര്‍ സിങ് ബേദം ഒരു പൊതുചടങ്ങില്‍ പറഞ്ഞിരുന്നു. രാജസ്ഥാൻ ഉറുദു ടീച്ചേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് അമീൻ കായംഖാനി, ബേദാമിൻ്റെ പ്രസ്താവനക്കെതിരെ രംഗത്തുവന്നു. ഒരു അന്വേഷണവും നടത്താതെയാണ് മന്ത്രി ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചതെന്ന് ചൂണ്ടിക്കാട്ടി. മുൻ സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. "ഹിന്ദുക്കളുടെ പിന്തുണ നേടുന്നതിനായി മന്ത്രി ഭാഷാ ന്യൂനപക്ഷത്തെ ബോധപൂർവം ലക്ഷ്യമിടുന്നു. ഇത് തെരഞ്ഞെടുപ്പ് നേട്ടത്തിനായി വിഭജനം സൃഷ്ടിക്കുക എന്ന ബിജെപിയുടെ രാഷ്ട്രീയ തന്ത്രവുമായി യോജിക്കുന്നു," കായംഖാനി അഭിപ്രായപ്പെട്ടു.

ബിജെപി സർക്കാരിന് കീഴിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർപേഴ്‌സണായി തുടരുന്ന കോൺഗ്രസ് എംഎൽഎ റഫീഖ് ഖാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിന് കത്തെഴുതി, ഉറുദു പഠിക്കാൻ മതിയായ വിദ്യാർഥികൾ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി."ജയ്പൂർ സ്കൂളിൽ ചേർന്ന 323 വിദ്യാർഥികളിൽ 127 പേരും മൂന്നാം ഭാഷയായി ഉറുദു പഠിക്കുന്നു. ഉറുദു ക്ലാസുകൾ അടച്ചുപൂട്ടുന്നത് ഈ വിദ്യാർഥികളെ സാരമായി ബാധിക്കും" കത്തിൽ പറയുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News