വിദേശ പൗരത്വം റദ്ദാക്കി; ഇന്ത്യൻ സർക്കാരിനെതിരെ കോടതിയെ സമീപിച്ച് യുഎസ് മാധ്യമപ്രവർത്തകൻ

മോദി സർക്കാർ നൂറിലേറെ ഒസിഐ കാർഡുകളാണ് കഴിഞ്ഞ പത്ത് വർഷത്തിനിടെ റദ്ദാക്കിയത്

Update: 2025-03-14 12:04 GMT

ന്യൂഡൽഹി: ഇന്ത്യൻ വിദേശ പൗരത്വം ഏകപക്ഷീയമായി റദ്ദാക്കിയതിൽ കേന്ദ്ര സർക്കാരിനെതിരെ കോടതിയെ സമീപിച്ച് യുഎസ് മാധ്യമപ്രവർത്തകൻ. പ്രമുഖ ഇന്ത്യൻ വ്യവസായിയെ വിമർശിക്കുന്ന വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് റോയിട്ടേഴ്സിലെ റാഫേൽ സാറ്റററിന്റെ പൗരത്വം റദ്ദാക്കിയത്. യുഎസിൽ റോയിട്ടേഴ്സിന് വേണ്ടി സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട വാർത്തകൾ കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് ഇദ്ദേഹം. ഇന്ത്യയുടെ പ്രശസ്തിക്ക് കളങ്കം സൃഷ്ടിക്കുന്ന പ്രവൃത്തി ചെയ്തുവെന്ന് കാണിച്ച് 2023 ഡിസംബറിലാണ് ഇദ്ദേഹത്തിന് ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് കത്ത് ലഭിക്കുന്നത്. കൂടാതെ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് റദ്ദാക്കിയതായും ഇതിൽ അറിയിച്ചു.

Advertising
Advertising

ഇന്ത്യൻ വംശജരായ വിദേശ പൗരർ, ഇന്ത്യൻ പൗരൻമാരെ വിവാഹം കഴിച്ചവർ എന്നിവർക്കാണ് ഒസിഐ കാർഡ് ലഭിക്കുക. ഇവർക്ക് ഇന്ത്യയിലേക്ക് വിസയില്ലാതെ വരാനും താമസിക്കാനും ജോലി ചെയ്യാനും സാധിക്കും. കല്യാണം വഴിയാണ് റാഫേലിന് ഇന്ത്യൻ വിദേശ പൗരത്വം ലഭിക്കുന്നത്.

ഇന്ത്യൻ സൈബർ സെക്യൂരിറ്റി കമ്പനിയായ ‘ആപ്പിൻ’, സഹസ്ഥാപകൻ രജത് ഖാരെ എന്നിവരുമായി ബന്ധപ്പെട്ട ലേഖനം റാഫേൽ നൽകിയിരുന്നു. ഇതിന് പിന്നാലെ രജത് ഖാരെ മാനനാഷ്ട കേസ് നൽകിയശേഷമാണ് റാഫേലിന്റെ പൗരത്വം റദ്ദാക്കുന്നത്. ‘ഒരു ഇന്ത്യൻ സ്റ്റാർട്ടപ്പ് എങ്ങനെയാണ് ലോകത്തെ ഹാക്ക് ചെയ്യുന്നത്’ എന്ന തലക്കെട്ടി​ലായിരുന്നു ലേഖനം. ​എക്സിക്യൂട്ടീവുകൾ, രാഷ്ട്രീയക്കാർ, സൈനിക ഉദ്യോഗസ്ഥർ, ലോക കോടീശ്വ​രൻമാർ എന്നിവരുടെ വിവരങ്ങൾ കമ്പനി ചോർത്തുകയാണെന്നായിരുന്നു ആരോപണം. എന്നാൽ, ഈ ആരോപണം രജത് ഖാരെ തള്ളിക്കളയുകയുണ്ടായി.

പൗരത്വം റദ്ദാക്കിയതിനെതിരായ റാഫേലിന്റെ പരാതിയിൽ ഈ ആഴ്ച ഡൽഹിയിലെ ​കോടതി വാദം കേൾക്കും. പൗരത്വം റദ്ദാക്കിയതോടെ തന്റെ കുടുംബാംഗങ്ങളുമായും താൻ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന രാജ്യവുമായുള്ള ബന്ധം അറുത്തുമാറ്റിയിരിക്കുകയാണെന്ന് റാഫേൽ പറയുന്നു. പൗരത്വം റദ്ദാക്കിയതിനെതിരെ ആഭ്യന്തര വകുപ്പിൽ അപ്പീൽ നൽകിയിരു​ന്നുവെങ്കിലും ഒരു വർഷമായി അത് പരിഗണിക്കാത്തതിനെ തുടർന്നാണ് കോടതിയെ സമീപി​ച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോദി സർക്കാർ നൂറിലേറെ ഒസിഐ കാർഡുകളാണ് കഴിഞ്ഞ പത്ത് വർഷത്തിനിടെ റദ്ദാക്കിയത്. മോദിയെ വിമർശിച്ച് ടൈം മാഗസിനിൽ കവർ ആട്ടിക്കിൾ എഴുതിയ ആതിഷ് തസീറും ഇതിൽ ഉൾപ്പെടും. മാധ്യമപ്രവത്തകർ, അക്കാദമിക് വിദഗ്ധർ, ആക്റ്റിവിസ്റ്റുകൾ എന്നിവരെയാണ് പ്രധാനമായും ഇത്തരത്തിൽ ലക്ഷ്യമിടുന്നത്. രാഷ്ട്രീയ പ്രേരിത അടിച്ചമർത്തലാണിതെന്നാണ് ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ ആരോപണം.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News