യു.പി പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ശുചിമുറിയിൽ മരിച്ചനിലയിൽ; കൊലപാതകമെന്ന് കുടുംബം

പൊലീസ് പറയുന്ന കാര്യങ്ങൾ അവിശ്വസനീയമാണെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ജാക്കറ്റിന്റെ ചരട് ഉപയോഗിച്ച് തറയിൽ നിന്ന് രണ്ട് അടിമാത്രം ഉയരത്തിലുള്ള പൈപ്പിൽ ഒരാൾ തൂങ്ങിമരിച്ചെന്ന വാദം അംഗീകരിക്കാനാവില്ലെന്നാണ് ഇവർ പറയുന്നത്.

Update: 2021-11-10 10:09 GMT
Advertising

ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഒരു പെൺകുട്ടിയോടൊപ്പം ഒളിച്ചോടിയെന്ന ആരോപണത്തെ തുടർന്ന് ചോദ്യം ചെയ്യാനാണ് ചാന്ദ് മിയാൻ എന്ന യുവാവിനെ സദർ കോട്‌വാലി പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ഇയാളെ ചൊവ്വാഴ്ച മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പൊലീസ് മർദനത്തെ തുടർന്നാണ് യുവാവ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു.

''തിങ്കളാഴ്ച വൈകീട്ടാണ് ഞാൻ എന്റെ മകനെ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയത്. 24 മണിക്കൂറിനിടെ അവർ ആത്മഹത്യ ചെയ്‌തെന്ന വിവരമാണ് ലഭിക്കുന്നത്. ഇത് വിശ്വസിക്കാനാവില്ല''-ചാന്ദ് മിയാന്റെ പിതാവ് അൽത്താഫ് പറഞ്ഞു.

ചോദ്യം ചെയ്യലിനിടെ ടോയിലറ്റിൽ പോകാൻ അനുവാദം ചോദിച്ച ചാന്ദ് മിയാൻ മടങ്ങിവരാൻ വൈകിയതിനിടെ തുടർന്ന് നോക്കിയപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ കയറുള്ള ഒരു ജാക്കറ്റ് ധരിച്ചിരുന്നു. ഈ കയറുപയോഗിച്ച് കുരുക്കുണ്ടാക്കി ബാത്ത്‌റൂമിലെ രണ്ടടി മാത്രം ഉയരത്തിലുള്ള പൈപ്പിൽ തൂങ്ങിമരിച്ചെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തെ തുടർന്ന് ഇൻസ്‌പെക്ടർ ഉൾപ്പെടെ അഞ്ച് പൊലീസുകാരെ എസ്.പി രോഹൻ പ്രമോദ് ബോത്രെ സസ്‌പെൻഡ് ചെയ്തു. അവശനിലയിൽ കണ്ടെത്തിയ യുവാവിനെ ആശുപത്രിയിലെത്തിച്ചിരുന്നുവെന്നും ചികിത്സനൽകിയെങ്കിലും രക്ഷിക്കാനായില്ലെന്നും എസ്.പി പറഞ്ഞു. കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയതിനാണ് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസ് പറയുന്ന കാര്യങ്ങൾ അവിശ്വസനീയമാണെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ജാക്കറ്റിന്റെ ചരട് ഉപയോഗിച്ച് തറയിൽ നിന്ന് രണ്ടടി മാത്രം ഉയരത്തിലുള്ള പൈപ്പിൽ ഒരാൾ തൂങ്ങിമരിച്ചെന്ന വാദം അംഗീകരിക്കാനാവില്ലെന്നാണ് ഇവർ പറയുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News