മധ്യപ്രദേശിലെ വിഐപി സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്താനാവാതെ കോണ്‍ഗ്രസ്

ആറു ലോക്സഭാ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല

Update: 2024-03-25 10:04 GMT
Editor : Jaisy Thomas | By : Web Desk

ഭോപ്പാല്‍: മധ്യപ്രദേശിലെ വിഐപി സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്താനാവാതെ കോണ്‍ഗ്രസ്. ഗുണ, വിദിഷ സീറ്റുകളില്‍ പാര്‍ട്ടി ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഈ മണ്ഡലങ്ങളടക്കം ആറു ലോക്സഭാ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

''മധ്യപ്രദേശിലെ രണ്ട് വിഐപി സീറ്റുകളില്‍ ശക്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു'' ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഡെക്കാണ്‍ ക്രോണിക്കിളിനോട് വ്യക്തമാക്കി. കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലെത്തിയ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഗുണയിലെ  ബി.ജെ.പി സ്ഥാനാര്‍ഥി. 2019ലെ തെരഞ്ഞെടുപ്പില്‍ ഗുണയില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ജ്യോതിരാദിത്യ സിന്ധ്യയെ പരാജയപ്പെടുത്തിയ കെ.പി യാദവിനെ പരിഗണിക്കാതെയാണ് സിന്ധ്യക്ക് ടിക്കറ്റ് നല്‍കിയിരിക്കുന്നത്. വിദിഷയില്‍ മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ്ങിനെയാണ് ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്. അതേസമയം ഗുണയില്‍ മുന്‍ കേന്ദ്രമമന്ത്രിയും മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ അധ്യക്ഷനായ അരുണ്‍ യാദവിനെ കോണ്‍ഗ്രസ് കളത്തിലിറക്കിയേക്കുമെന്നാണ് സൂചന. സ്വന്തം തട്ടകമായ ഖാണ്ഡ്വ ലോക്‌സഭാ മണ്ഡലത്തിലേക്കും അദ്ദേഹത്തെ പരിഗണിക്കുന്നുണ്ട്.

Advertising
Advertising

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഡോ. യാദവിന് ടിക്കറ്റ് നിഷേധിച്ചതിൽ ഗുണയിലെ യാദവ സമുദായങ്ങൾക്കിടയിൽ ഉടലെടുത്ത നീരസം മുൻ കേന്ദ്രമന്ത്രി മുതലാക്കുമെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സിന്ധ്യയുടെ പ്രതീക്ഷകളെ തകിടം മറിച്ചേക്കുമെന്നും അരുണ്‍ യാദവിൻ്റെ വിശ്വസ്തർ കരുതുന്നു. എന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിൻ്റെ മകനും കോൺഗ്രസ് എം.എൽ.എയുമായ ജയവർധൻ സിംഗ് ഗുണയിലെ യാദവിന്‍റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ക്കുന്നുണ്ടെന്നും വൃത്തങ്ങള്‍ പറഞ്ഞു. ഖാണ്ഡ്വയിലെ സാഹചര്യം അരുണ്‍ യാദവിന് അനുകൂലമല്ലെന്നും അദ്ദേഹം ഗുണയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നുവെന്നും യാദവ് ക്യാമ്പ് വ്യക്തമാക്കുന്നു.

വിദിഷയില്‍ മുന്‍ എം.പി പ്രതാപ് ഭാനു ശര്‍മ്മ, സിറ്റിങ് എം.എല്‍.എ ദേവേന്ദ്ര പട്ടേല്‍, ഐഎഫ് ഉദ്യോഗസ്ഥന്‍ അനുമ ആചാര്യ എന്നിവരാണ് കോണ്‍ഗ്രസിന്‍റെ സാധ്യത പട്ടികയിലുള്ളത്. ഖണ്ഡ്വാ, ദാമോ, ഗ്വാളിയോർ, മൊറേന എന്നീ നാല് ലോക്‌സഭാ സീറ്റുകളിലും പാർട്ടി ഇതുവരെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.ശനിയാഴ്ചയാണ് 46 സ്ഥാനാര്‍ഥികളടങ്ങുന്ന നാലാം പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിങ് രാജ്‍ഗഡില്‍ നിന്നാണ് ജനവിധി തേടുന്നത്. മുൻ കേന്ദ്രമന്ത്രി കാന്തിലാൽ ഭൂരിയ രത്‌ലാമിൽ നിന്നും മത്സരിക്കും. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News