വോട്ടർ അധികാർ യാത്ര; ബിജെപി ജയിക്കുന്നത് കള്ളവോട്ട് കൊണ്ട്; രാഹുൽ ഗാന്ധി
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഒന്നിനും മറുപടി നൽകുന്നില്ലെന്ന് രാഹുൽ ആരോപിച്ചു
ന്യൂഡൽഹി: വോട്ടർ അധികാർ യാത്രയിൽ ബിജെപിക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. ബിജെപി എല്ലാ തെരഞ്ഞെടുപ്പിലും ജയിക്കുന്നത് അതിശയമാണെന്നും കള്ളവോട്ട് കൊണ്ടാണ് ബിജെപി ജയിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിഹാറിൽ നടക്കുന്ന വോട്ടർ അധികാർ യാത്രയുടെ ആദ്യ ദിനത്തിൽ സംസാരിക്കവെയാണ് വിമർശനം.
'തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉന്നയിച്ച് ആരോപണങ്ങളിൽ ഒന്നിനും മറുപടി നൽകുന്നില്ലെന്ന് രാഹുൽ ആരോപിച്ചു. മോദിയും, എൻഡിഎയും ചേർന്ന് ജനങ്ങളുടെ സമ്പത്ത് മോഷ്ടിച്ച് ചില സമ്പന്നർക്ക് നൽകുന്നു. ബിഹാറിൽ മാത്രമല്ല, മറ്റ് ചില സംസ്ഥാനങ്ങളിലും വോട്ട് മോഷണം നടക്കുന്നു. എങ്ങനെയാണ് വോട്ട് മോഷണം നടക്കുന്നതെന്ന് ജനങ്ങൾക്ക് മനസിലായി' എന്നും രാഹുൽ പറഞ്ഞു.
ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടത്തുന്നതെന്നും രാഹുൽ വ്യക്തമാക്കി. എല്ലാ സർവെയിലും ഇൻഡ്യ സഖ്യം ജയിക്കുമെന്ന് പറയുമ്പോഴും എല്ലാ തെരഞ്ഞെടുപ്പിലും ബിജെപിയും മോദിയും ജയിക്കുന്നുവെന്നത് അതിശയമാണ്. ബീഹാറിൽ എസ്‌ഐആർ നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും ജനങ്ങൾ ഇത് അനുവദിക്കില്ലെന്നും രാഹുൽ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ഇൻഡ്യ സഖ്യം വിജയിച്ചു. പക്ഷെ നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപി തൂത്തുവാരി. ഇത് പരിശോധിച്ചപ്പോൾ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാലുമാസത്തിനുള്ളിൽ ഒരു കോടി പുതിയ വോട്ടുകൾ മഹാരാഷ്ട്രയിൽ ചേർത്തതായി കണ്ടെത്തിയെന്നും രാഹുൽ പറഞ്ഞു. തന്റെ പക്കൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം ആവശ്യപ്പെട്ടു. എന്നാൽ വാർത്താസമ്മേളനം നടത്തിയ ബിജെപിയുടെ പക്കൽ നിന്ന് സത്യവാങ്മൂലം ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.