ജലക്ഷാമം; മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് സഹായമഭ്യർഥിച്ച് സിദ്ധരാമയ്യ

കർണാടകയിൽ മഴ ഇനിയും വൈകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

Update: 2024-03-22 06:42 GMT
Editor : ശരത് പി | By : Web Desk
Advertising

ബംഗളൂരു:  കർണാടകത്തിലെ ജലക്ഷാമം പരിഹരിക്കുന്നതിനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്ക് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മഹാരാഷ്ട്രയിലെ വർണ/കൊയ്‌ന ഡാമുകളിലെ ജലം കൃഷ്ണ നദിയിലേക്കും ഭീമ നദിയിലേക്കും തുറന്നുവിടണമാണെന്നാണ് സിദ്ധരാമയ്യയുടെ ആവശ്യം. ഇതുവഴി വടക്കൻ കർണാടകയിലെ ജലക്ഷാമം ഒരു പരിധി വരെയെങ്കിലും പരിഹരിക്കാമെന്നാണ് സിദ്ധരാമയയുടെ വാദം.

രണ്ട് ടി.എം.സി ജലം വർണ/കൊയ്‌ന ജലസംഭരണിയിൽ നിന്ന് കൃഷ്ണ നദിയിലേക്കും, ഒരു ടി.എം.സി ജലം ഉജ്ജയിനി ജലസംഭരണിയിൽ നിന്നും ഭീമ നദിയിലേക്കൊഴുക്കണമെന്നുമാണ് സിദ്ധരാമയ്യ ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ വർഷം കർണാടകത്തിന്റെ കാലവർഷം വൈകുമെന്നതിനാൽ മഴ വരാൻ മാസങ്ങളാകുമെന്നും സിദ്ധരാമയ്യ കത്തിൽ പറയുന്നു.

കർണാകയിൽ മുമ്പ് വരൾച്ചയുണ്ടായപ്പോൾ മഹാരാഷ്ട്രയിൽ നിന്നും സംസ്ഥാനത്തേക്ക് വെള്ളം തുറന്നു വിട്ടിരുന്നു. കത്തിലൂടെ ഇതിന് സിദ്ധരാമയ്യ നന്ദി പറഞ്ഞിട്ടുമുണ്ട്.

കാലവർഷം വൈകിയതോടെ ഉത്തരകർണാടകയിലെ പല ജില്ലകളെയും വരൾച്ച ബാധിച്ചുകഴിഞ്ഞു. ജലസംഭരണികളിലെ വെള്ളം വറ്റിയതോടെ ജനത്തിന്റെ പ്രാഥമികാവശ്യങ്ങൾക്കോ കൃഷിക്കോ ജലമില്ലെന്ന അവസ്ഥയാണ്. കാലവർഷം ഇനിയും വൈകുമെന്നതിനാൽ ഉത്തരകർണാടകയിലെ ജലക്ഷാമം ജനജീവിതത്തിന് വൻ ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

കർണാടകയുടെ തലസ്ഥാനമായ ബംഗളൂരു നഗരവും ശുദ്ധജല ക്ഷാമത്തിൽ പൊറുതിമുട്ടുകയാണ് . ജലസ്രോതസുകൾ വറ്റിയതോടെ പലയിടങ്ങളിലും ടാങ്കറിലെത്തുന്ന വെള്ളം മാത്രമാണ് ആശ്രയം. കുഴൽക്കിണറുകൾ വറ്റുകയും ടാങ്കർ ജലം എത്താത്തതും അമിത വില ഈടാക്കുന്നതും മലയാളികൾ ഉൾപ്പെടെയുള്ള നഗരവാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

കഴിഞ്ഞ കാലവർഷത്തിൽ കിട്ടേണ്ട മഴയുടെ അളവ് കുറയുകയും പ്രധാന ജലസ്രോതസായ കാവേരിയിലെ ജലനിരപ്പ് താഴുകയും ചെയ്തു. നഗരം ഇതുവരെ നേരിട്ടിട്ടില്ലാത്ത ജലക്ഷാമത്തിലൂടെയാണ് കടന്നു പോവുന്നത്. പ്രാഥമിക ആവശ്യങ്ങൾക്കായി മാളുകളിലേക്ക് പോവേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

കുടിവെള്ളക്ഷാമം രൂക്ഷമാകുന്നത് മുന്നിൽകണ്ട് സർക്കാർ പ്രത്യേക ഹെൽപ്പ് ലൈൻ തുടങ്ങി. നഗരത്തിലേക്ക് വെള്ളം എത്തിക്കാൻ വേണ്ട നടപടികൾ എടുത്തിട്ടുണ്ട്. കുടിവെള്ളത്തിന് അമിത വില ഈടാക്കുന്ന ടാങ്കർ ലോറികൾക്കെതിരെ നടപടിയെടുക്കുമെന്നും സർക്കാർ പറഞ്ഞു. എന്നാൽ വെള്ളത്തിന്റെ പേരിലുള്ള കൊള്ളനഗരത്തിൽ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്.

'250 രൂപയ്ക്കാണ് കുടിവെള്ളം കിട്ടിയിരുന്നത്. പിന്നീട് അത് 500 രൂപയാക്കി. എന്നാൽ ഇപ്പോൾ ഒരു ദിവസത്തെ കുടിവെള്ളത്തിന് 1200 രൂപ കൊടുക്കേണ്ടി വരുന്നുവെന്നും മൂന്ന് ദിവസം മുമ്പ് ഓർഡർ ചെയ്താൽ മാത്രമേ വെള്ളം കിട്ടകയുള്ളൂവെന്നും' നഗരവാസികൾ പറഞ്ഞു.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News