സിപിഎം കൈ കൊടുത്തു; പശ്ചിമ ബംഗാൾ നിയമസഭയിൽ അക്കൗണ്ട് തുറന്ന് കോൺഗ്രസ്

അഞ്ച് സംസ്ഥാനങ്ങളിലെ ആറ് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നിടത്ത് വിജയിച്ചു

Update: 2023-03-02 14:26 GMT
Editor : abs | By : Web Desk

പശ്ചിമ ബംഗാൾ: വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്കൊപ്പം നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ അക്കൗണ്ട് തുറന്ന് കോൺഗ്രസ്. സിപിഎം പിന്തുണച്ചതോടെയാണ് ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ സാഗർദിഗി മണ്ഡലത്തിൽ കോൺഗ്രസ് മിന്നും ജയം നേടിയത്. കോൺഗ്രസ് നേതാവായ ബയ്‌റോൺ വിശ്വാസാണ് 22,996 വോട്ടിന്റെ ഭൂരിപക്ഷത്തിന് നിയമസഭയിലേക്ക് ജയിച്ചെത്തിയത്. ടിഎംസി സ്ഥാനാർത്ഥി ദെബാഷിഷ് ബാനർജി 64,631 വോട്ടുകൾ നേടിയപ്പോൾ 25,793 വോട്ടുകളുമായി ബിജെപി സ്ഥാനാർത്ഥി ദിലീപ് സാഹ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

തൃണമൂൽ നേതാവും മന്ത്രിയുമായിരുന്ന സുബ്രതാ സാഹയുടെ മരണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. സിപിഎം പിന്തുണയോടെ തൃണമൂലിന്റെ ശക്തി കേന്ദ്രമായ സാഗർദിഗിയിലെ മുന്നേറ്റം കോൺഗ്രസിന്റെ പ്രതീക്ഷ ഉയർത്തുന്നതാണ്. തൃണമൂലിന്റെ അഭിമാന പോരാട്ടവും കൂടിയായിരുന്ന തെരഞ്ഞെടുപ്പിൽ മണ്ഡലം കൈവിട്ടുപോയതിൽ ഞെട്ടലിലാണ് സംസ്ഥാന നേതൃത്വം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ കോൺഗ്രസ് അക്കൗണ്ട് തുറന്നിരുന്നില്ല. ബംഗാൾ രാഷ്ട്രീയത്തിൽ തിരിച്ചുവരവിന്റെ പ്രതീക്ഷയായാണ് കോൺഗ്രസ് ഉപതെരഞ്ഞെടുപ്പിലെ വിജയം കാണുന്നത്.

Advertising
Advertising

''പൊലീസിന്റെയും അധികാരത്തിന്റെയും സഹായത്തോടെ തൃണമൂൽ നേരത്തെ കോൺഗ്രസിനെ പരാജയപ്പെടുത്തി. കോൺഗ്രസ് നിരന്തരം പരാജയപ്പെടുന്ന ഒരു പാർട്ടിയല്ലെന്ന് തെളിയിക്കുന്നത് കൂടിയാണ് ഈ വിജയം''  കോൺഗ്രസ് എംപി അദിർ രഞ്ജൻ ചൗധരി പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിലെ ആറ് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നിടത്ത് വിജയിച്ചു.തമിഴ്നാട്ടിന് പുറമേ മഹാരാഷ്ട്രയിലെ രണ്ടും അരുണാചൽ പ്രദേശ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ഓരോ നിയമസഭാ മണ്ഡലത്തിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

മഹാരാഷ്ട്രയിലെ കസ്ബപേത്തിൽ 35 വർഷങ്ങൾക്ക് ശേഷം കോൺഗ്രസ് വിജയിച്ചു. കോൺഗ്രസ് സ്ഥാനാർഥി രവീന്ദ്ര ധങ്കേക്കർ 10,688 വോട്ടുകൾക്കാണ് വിജയിച്ചത്. മഹാവികാസ് അഘാഡി സഖ്യത്തിന് വലിയ ഊർജം നൽകുന്നതാണ് കസ്ബപേത്തിലെ വിജയം. ധങ്കേക്കർ 72,182 വോട്ടുകൾ നേടി. ബി.ജെ.പി സ്ഥാനാർഥി ഹേമന്ദ് നാരായണൻ രസാനെക്ക് 61,494 വോട്ടുകളാണ് നേടാനായത്.

തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചു. ഇ.വി.കെ.എസ് ഇളങ്കോവനാണ് വിജയിച്ചത്. ഈ വിജയത്തിന്‍റെ ക്രെഡിറ്റ് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണെന്ന് ഇളങ്കോവന്‍ പറഞ്ഞു. ഡി.എം.കെ പിന്തുണയോടെയാണ് ഇളങ്കോവന്‍ മത്സരിച്ചത്. ഫെബ്രുവരി 27നാണ് ഈറോഡ് ഈസ്റ്റില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ് എം.എൽ.എ തിരുമഹൻ എവേരയുടെ മരണത്തെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News