ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ അവസാന പ്രവൃത്തിദിനം ഇന്ന്; വിരമിച്ച ചീഫ് ജസ്റ്റിസുമാർക്ക് ഏതൊക്കെ പദവികൾ വഹിക്കാം?

നവംബർ 10 ഞായറാഴ്ചയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിരമിക്കുന്നത്.

Update: 2024-11-08 10:45 GMT

ന്യൂഡൽഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ അവസാന പ്രവൃത്തിദിനം ഇന്ന്. ഞായറാഴ്ചയാണ് അദ്ദേഹം വിരമിക്കുന്നത്. നിലവിൽ സുപ്രിംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് പുതിയ ചീഫ് ജസ്റ്റിസ്. നവംബർ 11 തിങ്കളാഴ്ച ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ത്യയുടെ 51-ാം ചീഫ് ജസ്റ്റിസായി അധികാരമേൽക്കും.

അഭിഭാഷകനായി പ്രാക്ടീസ് പാടില്ല

രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥ നിഷ്പക്ഷമായി നിലനിർത്തുന്നതിലും ഭരണഘടനയുടെ സംരക്ഷണത്തിലും ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന് സുപ്രധാന പങ്കാണുള്ളത്. കാലാവധി അവസാനിച്ചാൽ സുപ്രിംകോടതി ചീഫ് ജസ്റ്റിസുമാരും ജഡ്ജിമാരും ഇന്ത്യയിലെ ഒരു കോടതിയിലും പ്രാക്ടീസ് ചെയ്യാൻ പാടില്ലെന്നാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 124(7) പറയുന്നത്. ജഡ്ജിമാരുടെ ധാർമികതയും നിഷ്പക്ഷതയും കാലാവധി കഴിഞ്ഞാലും തുടരാൻ വേണ്ടിയാണ് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

Advertising
Advertising

നിരോധനം എന്തുകൊണ്ട്?

സ്വതന്ത്രവും നീതിയുക്തവുമായ ജുഡീഷ്യറിയിൽ ജനങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വിരമിച്ച ശേഷമുള്ള പ്രാക്ടീസ് വിലക്കിയത്. ജുഡീഷ്യറി ജനാധിപത്യത്തിന്റെ പ്രധാനപ്പെട്ട സ്തംഭങ്ങളിൽ ഒന്നാണ്. അതിന്റെ വിശ്വാസ്യത ജനാധിപത്യത്തെ നിലനിർത്തുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത്. വിരമിച്ചതിന് ശേഷം ഒരു ജഡ്ജിയെ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാൻ അനുവദിച്ചാൽ പദവിയിലിരിക്കുമ്പോൾ അവർ പുറപ്പെടുവിച്ച വിധിന്യായങ്ങളെക്കുറിച്ച് സംശയമുണ്ടാക്കും.

സുപ്രിംകോടതിയിൽ പ്രവർത്തിച്ച ഒരു ജഡ്ജി കീഴ്‌ക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നത് പരമോന്നത കോടതിയുടെ അന്തസിനെ ഇടിക്കാൻ സാധ്യതയുണ്ട്. സുപ്രിംകോടതി ജഡ്ജിമാർക്ക് പല നിർണായക രേഖകളും പരിശോധിക്കാൻ സാധിക്കും. പിന്നീട് അവർ അഭിഭാഷകരായി പ്രാക്ടീസ് ചെയ്താൽ ഇത്തരം രേഖകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതുകൊണ്ടുമാണ് വിരമിച്ച ശേഷമുള്ള പ്രാക്ടീസ് വിലക്കാനുള്ള പ്രധാന കാരണമായി പറയുന്നത്.

സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് വിരമിച്ച ശേഷം ഏറ്റെടുക്കാൻ പറ്റുന്ന പദവികൾ:

അഭിഭാഷകരായി പ്രാക്ടീസ് ചെയ്യാൻ പാടില്ലെങ്കിലും സുപ്രിംകോടതി ചീഫ് ജസ്റ്റിസുമാർക്ക് വിരമിച്ച ശേഷം മറ്റു പദവികൾ വഹിക്കാനാവും. ധാർമിക മൂല്യങ്ങൾ കൈവിടാതെ നിയമമേഖലയിൽ പ്രവർത്തിക്കുന്നതിലും വിലക്കില്ല

സങ്കീർണമായ നിയമപ്രശ്‌നങ്ങളിൽ മധ്യസ്ഥരായി പ്രവർത്തിക്കാൻ വിരമിച്ച ചീഫ് ജസ്റ്റിസുമാർക്ക് അനുമതിയുണ്ട്. ജഡ്ജിയെന്ന രീതിയിലുള്ള അവരുടെ പ്രവൃത്തിപരിചയം ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായിക്കുമെന്നതിനാലാണ് ഇതിന് അനുമതി നൽകുന്നത്.

വിവിധ കമ്മീഷനുകളുടെയും ട്രൈബ്യൂണലുകളുടെയും തലവനായി വിരമിച്ച ചീഫ് ജസ്റ്റിസുമാർക്ക് പ്രവർത്തിക്കാം. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ, ദേശീയ ഹരിത ട്രൈബ്യൂണൽ ചെയർമാൻ തുടങ്ങിയ പദവികൾ ഉദാഹരണമാണ്.

ലോ സ്‌കൂളുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അധ്യാപനം നടത്തുന്നതിന് ചീഫ് ജസ്റ്റിസുമാർക്ക് വിലക്കില്ല. ഗവർണർ പോലുള്ള ഭരഘടനാ പദവികൾ വഹിക്കുന്നതിനും സർക്കാർ നിയോഗിക്കുന്ന വിവിധ കമ്മിറ്റികളിൽ അംഗങ്ങളായി പ്രവർത്തിക്കുന്നതിനും വിരമിച്ച ചീഫ് ജസ്റ്റിസുമാർക്ക് അനുമതിയുണ്ട്. സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്ന പി. സദാശിവം കേരള ഗവർണറായി പ്രവർത്തിച്ചിരുന്നു. ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ഗൊഗോയി നിലവിൽ രാജ്യസഭാ എംപിയാണ്.

വിമർശനം

ചീഫ് ജസ്റ്റിസുമാർക്ക് വിരമിച്ച ശേഷം സുപ്രധാന പദവികൾ നൽകുന്നത് പക്ഷപാതപരമായ വിധികൾക്ക് കാരണമാകുമെന്നും വിമർശനമുണ്ട്. ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ​ഗൊ​ഗോയിയെ രാജ്യസഭാ എംപിയായി നാമനിർദേശം ചെയ്തതിൽ വലിയ വിമർശനം ഉയർന്നിരുന്നു. ബാബരി മസ്ജിദ് കേസിൽ വിധി പറഞ്ഞത് രഞ്ജൻ ​ഗൊ​ഗോയ് അധ്യക്ഷനായ ബെഞ്ചായിരുന്നു. 

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News