എന്താണ് ഭീമ കൊറേഗവ് കേസ് ? ; ആരാണ് ഹാനി ബാബു ?

ഡിജിറ്റൽ ഉപകരണങ്ങളിൽ ഡിജിറ്റൽ തെളിവുകൾ കൃത്രിമമാക്കി ഉണ്ടാക്കിയെടുത്തതെന്ന് ആരോപണമുള്ള കേസ്

Update: 2025-12-04 15:15 GMT

മുംബൈ: ഭീമ കൊറേഗാവ് കേസിൽ വിചാരണ തടവിലായിരുന്ന ഡൽഹി യൂനിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസർ ഡോ. ഹാനി ബാബുവിന് 1955 ദിവസത്തിന് ശേഷം ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുകയാണ്. യുഎപിഎ ചുമത്തി 2020 ലാണ് ഹാനി ബാബുവിനെ അറസ്റ്റ് ചെയ്തത്. 2020 ജൂലൈ 28 നാണ് എൻഐഎ ഹാനിബാബുവിനെ അറസ്റ്റ് ചെയ്തത്. ഭീമകൊറേഗാവ് കേസിൽ മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആക്രമിക്കാനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്നും പറഞ്ഞായിരുന്നു അറസ്റ്റ്. നവി മുംബൈയിലെ തലോജ ജയിലിലാണ് ഹാനി ബാബു ഉണ്ടായിരുന്നത്. ജസ്റ്റിസ് എ.എസ ഗഡ്കരി, ജസ്റ്റിസ് രഞ്ജിത് സിൻഹ രാജ ഭോൻസലെ എന്നിവരുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ് ഹാനി ബാബുവിന് ജാമ്യം നൽകിയത്.

Advertising
Advertising

എന്താണ് ഭീമ കൊറേഗവ് കേസ് ?

2018 ജനുവരി 1-ന് മഹാരാഷ്ട്രയിലെ പൂനെക്കടുത്ത് ഭീമ കൊറേഗാവിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ് രാജ്യവ്യാപകമായി ശ്രദ്ധ നേടിയ ഭീമ കൊറേഗാവ് കേസ്. ചരിത്രപരമായ ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാർഷികം ആഘോഷിക്കുന്നതിനിടെയാണ് സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ആക്രമത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2017 ഡിസംബർ 31-ന് പൂനെയിൽ നടന്ന 'എൽഗാർ പരിഷത്ത്' സമ്മേളനത്തിൽ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളാണ് ഭീമ കൊറേഗാവ് ആക്രമത്തിന് കാരണമായതെന്നാണ് പൊലീസ് വാദം. ഈ യോഗത്തിന് പണം നൽകിയെന്നും മാവോയിസ്റ്റ് ബന്ധമുണ്ടെന്നും ആരോപിച്ചാണ് 16 സാമൂഹിക പ്രവർത്തകരെയും ബുദ്ധിജീവികളെയും പൊലീസ് അറസ്റ്റു ചെയ്തത്. കവിയും എഴുത്തുകാരനുമായ വരവര റാവു, അഭിഭാഷകയും മനുഷ്യാവകാശ പ്രവർത്തകയുമായ സുധ ഭരദ്വാജ്, സ്റ്റെൻസ്വാമി എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ തീവ്രവാദ വിരുദ്ധ നിയമമായ യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പാർക്കിൻസൺ രോഗവും പ്രായാധിക്യവും പരിഗണിച്ച് ജാമ്യം നൽകണമെന്ന് സ്റ്റെൻസ്വാമി ആവശ്യപ്പെട്ടിട്ടും ജാമ്യം ലഭിച്ചിരുന്നില്ല. കസ്റ്റഡിയിൽ ഇരിക്കെയായിരുന്നു സ്റ്റെൻസ്വാമിയുടെ മരണം. അത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി.

അറസ്റ്റിലായവരുടെ ഡിജിറ്റൽ ഉപകരണങ്ങളിൽ ഡിജിറ്റൽ തെളിവുകൾ കൃത്രിമമാക്കി ഉണ്ടാക്കിയെടുത്തതാണെന്ന ആക്ഷേപമുള്ള കേസാണിത്. ആഴ്‌സണൽ കൺസൾട്ടിംഗ് എന്ന ഫോറസിക് സ്ഥാപനത്തിന്റെ റിപ്പോർട്ട് പ്രകാരം പ്രതികളുടെ കമ്പ്യൂട്ടറിൽ നെറ്റ് വയർ പോലുള്ള മാൽവയറുകൾ ഉപയോഗിച്ച് ഹാക്കർമാർ നുഴഞ്ഞു കയറുകയും കമ്പ്യൂട്ടറുകളിൽ തെളിവുകൾ നിക്ഷേപിച്ചു എന്നുമാണ് കണ്ടെത്തൽ.

ആരാണ് ഡോ. ഹാനി ബാബു ?

ഡൽഹി യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറും ജാതി വിരുദ്ധ പ്രവർത്തകനുമാണ് മലയാളിയായ ഡോ. ഹാനിബാബു. മലപ്പുറം പെരുമ്പടപ്പ് സ്വദേശിയാണ്. ജാതി അടിസ്ഥാനമാക്കിയുള്ള അക്രമത്തിന് പ്രേരിപ്പിച്ചുവെന്നും നിരോധി മാവോയിസ്റ്റ് ഗ്രൂപ്പുകളുമായി ഇവർക്ക് ബന്ധമുണ്ടെന്നുമായിരുന്നു എൻഐഎ ആരോപണം. ഭീമ കൊറേഗാവ്-എൽഗാർ പരിഷത്ത് അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പന്ത്രണ്ടാമത്തെ വ്യക്തിയാണ് ഹാനി ബാബു. 2019 സെപ്റ്റംബർ 10-ന് പുലർച്ചെ പൊലീസ് സംഘം അദ്ദേഹത്തിന്റെ നോയിഡയിലെ അപ്പാർട്ട്മെന്റിൽ പരിശോധന നടത്തി. ലാപ് ടോപ് പിടിച്ചെടുത്തിരുന്നു. ലാപ്‌ടോപ്പിലെ ഒരു ഫോൾഡറിൽ മാവോവാദികൾ എഴുതിയ കത്ത് കണ്ടെത്തി എന്നാണ് പൊലീസ് വാദം.

നേരത്തെ ജാമ്യം തേടി ഹാനി ബാബു സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ബോംബെ ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ചതിനെ തുടർന്ന് ഹരജി പിൻവലിക്കുകയായിരുന്നു. ഒരു ലക്ഷ്യം രൂപയുടെ ആൾ ജാമ്യത്തിലാണ് ബാബുവിന് ജസ്റ്റിസുമാരായ എ.എസ് ഗഡ്കരി, രഞ്ജിത് സിൻഹ രാജ എന്നിവരുടെ ബെഞ്ചാണ് ജാമ്യം നൽകിയത്. കേസിലെ മറ്റുള്ളവർക്ക് ജാമ്യം കിട്ടിയതോടെയാണ് ഹാനി ബാബു ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ വിചാരണ പോലും തുടങ്ങിയിട്ടില്ലെന്നും അഞ്ച് വർഷവും രണ്ട് മാസവുമായി ജയിലിലാണെന്നും അദ്ദേഹം വാദിച്ചു.

കേസിലെ മറ്റു പ്രതികളായ റോണാ വിൽസൺ, സുധീർ ധവാലെ എന്നിവർ കിടന്ന അത്രയും കാലം ഹാനി ബാബു ജയിലിൽ കഴിഞ്ഞിട്ടില്ലെന്നും ജാമ്യം അനുവദിക്കരുതെന്നും എൻഐഎ വാദിച്ചു. ഇത് തള്ളിയാണ് ഹൈക്കോടതി ഉത്തരവ്. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News