ഗവർണർക്ക് ലഭിക്കുന്നത് രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സുരക്ഷ; എന്താണ് സെഡ് പ്ലസ് കാറ്റഗറി?

എക്‌സ്, വൈ, വൈ പ്ലസ്, സെഡ്, സെഡ് പ്ലസ്, എസ്.പി.ജി എന്നീ അഞ്ച് തലത്തിലുള്ള സുരക്ഷാ സംവിധാനങ്ങളാണ് ഇന്ത്യയിലുള്ളത്.

Update: 2024-01-27 12:48 GMT
Advertising

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്.എഫ്.ഐ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഗവർണർക്കും കേരള രാജ്ഭവനും സി.ആർ.പി.എഫിന്റെ സെഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചിട്ടുണ്ട്. തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഗവർണർ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സുരക്ഷ കേന്ദ്രസേന ഏറ്റെടുത്തത്.

ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഭീഷണിയുടെ ഗൗരവമനുസരിച്ച് അഞ്ച് വിഭാഗത്തിലുള്ള സുരക്ഷയാണ് രാജ്യത്ത് ഏർപ്പെടുത്താറുള്ളത്. എക്‌സ്, വൈ, സെഡ്, സെഡ് പ്ലസ്, എസ്.പി.ജി എന്നിങ്ങനെയാണ് സുരക്ഷാ വിഭാഗങ്ങൾ. ഇതിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ സുരക്ഷാ സംവിധാനമാണ് സെഡ് പ്ലസ് കാറ്റഗറി.

എക്‌സ് കാറ്റഗറി സുരക്ഷ:

ഇന്ത്യയുടെ അഞ്ചാമത്തെ ഉയർന്ന സുരക്ഷാ സംവിധാനമാണ് എക്‌സ് കാറ്റഗറി. രണ്ട് സായുധ പൊലീസുകാരുടെ അകമ്പടിയാണ് ഈ സംവിധാനത്തിൽ ലഭ്യമാകുക. കമാൻഡോകൾ ഉണ്ടാവില്ല.

വൈ കാറ്റഗറി സുരക്ഷ:

ഇന്ത്യയുടെ നാലാമത്തെ ഉയർന്ന സുരക്ഷാ സംവിധാനമാണ് ഇത്. ഒന്നോ രണ്ടോ എൻ.എസ്.ജി കമാൻഡോകൾ അടക്കം 11 സുരക്ഷാ ഉദ്യോഗസ്ഥരാണ് ഉണ്ടാവുക.

സെഡ് കാറ്റഗറി സുരക്ഷ:

4-5 എൻ.എസ്.ജി കമാൻഡോകളും പൊലീസുകാരും അടക്കം 22 സുരക്ഷാ ഉദ്യാഗസ്ഥരാണ് ഈ വിഭാഗത്തിൽ ഉണ്ടാവുക. രാജ്യത്തെ ഏറ്റവും ഉയർന്ന മുന്നാമത്തെ സുരക്ഷാ സംവിധാനമാണിത്. ബാബാ രാംദേവ്, നടൻ ആമിർ ഖാൻ തുടങ്ങിയവർക്ക് സെഡ് കാറ്റഗറി സുരക്ഷയാണുള്ളത്.

സെഡ് പ്ലസ് കാറ്റഗറി സുരക്ഷ:

പത്തിൽ കൂടുതൽ എൻ.എസ്.ജി കമാൻഡോകളും പൊലീസുകാരും അടക്കം 55 സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇതിൽ ഉണ്ടാവുക. കമാൻഡോകൾ സായുധ പരിശീലനവും ആയോധനകലകളിൽ വിദഗ്ധ പരിശീലനം നേടിയവരും ആയിരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ധനകാര്യ മന്ത്രി നിർമല സീതാരാമൻ തുടങ്ങിയവർ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളവരാണ്.

എസ്.പി.ജി കാറ്റഗറി സുരക്ഷ:

പ്രധാനമന്ത്രി, മുൻ പ്രധാനമന്ത്രിമാർ, അവരുടെ കുടുംബം തുടങ്ങിയവർക്കാണ് എസ്.പി.ജി സുരക്ഷയുള്ളത്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്ന് 1988ലാണ് എസ്.പി.ജി രൂപീകരിച്ചത്. എസ്.പി.ജി പൂർണമായും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലായിരിക്കും. മുതിർന്ന ഐ.പി.എസ്. ഓഫീസറായിരിക്കും എസ്.പി.ജിയുടെ തലവൻ.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News