'രാജസ്ഥാനിൽ ബി.ജെ.പി ജയിച്ചാൽ ആരായിരിക്കും മുഖ്യമന്ത്രി?'; രാജവർധൻ റാത്തോഡ് പറയുന്നു

മോദിയുടെ സദ്ഭരണവും കോൺഗ്രസിന്റെ ദുർഭരണവും തമ്മിലുള്ള മത്സരമാണിതെന്നും റാത്തോഡ്

Update: 2023-12-03 03:59 GMT
Editor : Lissy P | By : Web Desk

ജയ്പൂർ: രാജസ്ഥാനിൽ ബി.ജെ.പി വിജയിക്കുമെന്ന് ബി.ജെ.പി നേതാവ് രാജ്യവർധൻ സിംഗ് റാത്തോഡ്. ഇന്നത്തെ പോരാട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സദ്ഭരണവും കോൺഗ്രസിന്റെ ദുർഭരണവും തമ്മിലാണെന്നും രാജസ്ഥാനിൽ തന്റെ പാർട്ടി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ഇത് ആവേശകരമായ ദിവസമാണ്. പ്രധാനമന്ത്രി മോദിയുടെ സദ് ഭരണവും കോൺഗ്രസിന്റെ ദുർഭരണവും തമ്മിലുള്ള മത്സരമാണിത്. വൻഭൂരിപക്ഷത്തോടെ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്,' റാത്തോഡ് എൻഡിടിവിയോട് പറഞ്ഞു.

ബി.ജെ.പി ജയിച്ചാൽ മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന് ചോദ്യത്തിന് അക്കാര്യം പാർട്ടി നേതൃത്വം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം മറുപടി നൽകി. "എല്ലാം കൃത്യസമയത്ത് സംഭവിക്കും. ഫലം പുറത്തുവന്നുകഴിഞ്ഞാൽ പാർട്ടി നേതൃത്വം തീരുമാനിക്കും ആരാണ് മന്ത്രിസഭയെ നയിക്കേണ്ടതെന്ന്. ഇതൊരു കൂട്ടായ പരിശ്രമമാണ്. ആരെങ്കിലും നയിക്കും. അത് ആരാണെന്ന് ശരിയായ സമയത്ത് പാർട്ടി പ്രഖ്യാപിക്കും"..  റാത്തോഡ് പറഞ്ഞു.

Advertising
Advertising

അതേസമയം, രാജസ്ഥാനിൽ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും ലീഡ് നില മാറിമറിയുകയാണ്. നിലവിൽ ബി.ജെ.പി 100 സീറ്റിലും  കോൺഗ്രസ് 86 സീറ്റിലും  മുന്നിലാണ്. നവംബർ 25നാണ് രാജസ്ഥാനിലെ 199 നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്ത് 75.45 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇത് 2018 തെരഞ്ഞെടുപ്പ് പോളിങ് ശതമാനത്തേക്കാൾ കൂടുതലായിരുന്നു. 2018 ൽ 74.71 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്.

രാജസ്ഥാനിൽ ബിജെപി അധികാരത്തിലേറുമെന്നാണ് ഭൂരിപക്ഷം എക്സിറ്റ് പോൾ സർവേകളും പ്രവചിക്കുന്നതെങ്കിലും ഉറച്ച ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ഇരുഭാഗത്തും ശക്തമായ പ്രചാരണമാണ് നടന്നത്.

കടുത്ത മത്സരമായിരിക്കും രാജസ്ഥാനിലെന്നും റിപ്പോർട്ടുകളുണ്ട്. അശോക് ഗെഹ്ലോട്ട്-സച്ചിൻ പൈലറ്റ് ആഭ്യന്തര കലഹങ്ങൾ മാറ്റിവച്ച് തിരഞ്ഞെടുപ്പിന് ഒറ്റക്കെട്ടായെന്ന് പറയുമ്പോഴും കോൺഗ്രസിന് വിജയം അത്ര എളുപ്പമാകില്ല.രാജസ്ഥാനിൽ ബിജെപി തിരിച്ചുവരുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. 200 സീറ്റിൽ 100 സീറ്റ് നേടിയായിരുന്നു 2018ൽ കോൺഗ്രസ് അധികാരത്തിലേറിയത്. 73 സീറ്റാണ് ബിജെപിയും നേടിയത്.100 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്.

സംസ്ഥാനത്തെ അഴിമതിയും ക്രമസമാധാന പ്രശ്‌നങ്ങളും ആരോപിച്ച് ഭരണകക്ഷിയായ കോൺഗ്രസിനെ ലക്ഷ്യം വെച്ചായിരുന്നു ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. കോൺഗ്രസിനെ ഇത്തവണ തറപറ്റിക്കാനാകുമെന്നും ബി.ജെ.പി വിശ്വസിക്കുന്നു.രാജസ്ഥാനിൽ കോൺഗ്രസ് അധികാരം നിലനിർത്തുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഇന്നലെ പ്രതികരിച്ചിരുന്നു. ശനിയാഴ്ച ജയ്പൂരിലെ കോൺഗ്രസ് വാർ റൂമിൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ച് സർക്കാർ രൂപീകരിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. താൻ സ്ഥാനാർത്ഥികളുമായി സംസാരിച്ചുവെന്നും ഗെഹ്ലോട്ട് പറഞ്ഞു. പാർട്ടിയുടെ സംസ്ഥാന ചുമതലയുള്ള സുഖ്ജീന്ദർ സിംഗ് രൺധാവ, പാർട്ടി മേധാവി ഗോവിന്ദ് സിംഗ് ദോട്ടസാര എന്നിവരും ഗെഹ്ലോട്ടുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News