1000 ജീവനക്കാര്‍ക്ക് ഒരാഴ്ചത്തെ സൗജന്യ ലണ്ടൻ ട്രിപ്പുമായി ചെന്നൈ കമ്പനി; പിന്നിൽ ഒരു കാരണമുണ്ട് !
2004 ലാണ് കാസഗ്രാൻഡെ സ്ഥാപിതമായത്
ചെന്നൈ: ശമ്പളം പോലും കൃത്യമായി കൊടുക്കാത്ത കമ്പനികള്‍ക്ക് മുന്നിൽ മാതൃകയാവുകയാണ് ഒരു ചെന്നൈ കമ്പനി. കമ്പനിയിലെ 1000ത്തോളം ജിവനക്കാര്‍ക്ക് സൗജന്യ ലണ്ടൻ യാത്രയൊരുക്കിയാണ് ചെന്നൈ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയായ കാസഗ്രാൻഡ്.
കമ്പനിയുടെ വാർഷിക 'ലാഭ ഓഹരി ബൊനാൻസ' പരിപാടിയുടെ ഭാഗമായിട്ടാണ് ജീവനക്കാരുടെ കഠിനാധ്വാനത്തിനും കമ്പനിയുടെ വളർച്ചയ്ക്ക് അവർ നൽകിയ സംഭാവനകൾക്കും പ്രതിഫലം നൽകുന്നതിനായി സൗജന്യ വിദേശയാത്ര സംഘടിപ്പിച്ചത്. 2004 ലാണ് കാസഗ്രാൻഡെ സ്ഥാപിതമായത്. അതിനുശേഷം, ചെന്നൈ, കോയമ്പത്തൂർ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ ഒരു മുൻനിര ഡെവലപ്പറായി കമ്പനി ഉയര്‍ന്നുവന്നു. കമ്പനിയുടെ വിജയത്തിൽ ജീവനക്കാര്‍ക്ക് പ്രധാന പങ്കുണ്ടെന്നാണ് കാസഗ്രാൻഡിന്‍റെ സ്ഥാപകനും എംഡിയുമായ എം.എൻ അരുൺ വിശ്വസിക്കുന്നത്. ജീവനക്കാരെ പരിഗണിക്കുന്നതിലും അവര്‍ക്ക് മതിയായ പ്രതിഫലവും സമ്മാനങ്ങളും നൽകുന്നതിൽ പേരുകേട്ടതാണ് കാസഗ്രാൻഡ്. ഒരാഴ്ച നീണ്ടുനിൽക്കുന്ന സൗജന്യ ലണ്ടൻ യാത്രയാണ് ഈ വര്‍ഷം ജീവനക്കാര്‍ക്കായി നൽകിയത്.
ഇതാദ്യമായിട്ടല്ല കമ്പനി ഇത്തരത്തിലൊരു വിദേശ യാത്ര സംഘടിപ്പിക്കുന്നത്. ഇതിനു മുൻപ് സിംഗപ്പൂർ, തായ്‌ലൻഡ്, മലേഷ്യ, ദുബായ്, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് 6,000-ത്തിലധികം ജീവനക്കാരെ അവർ അയച്ചിട്ടുണ്ട്. ലണ്ടനിലേക്കുള്ള ഈ യാത്ര ജീവനക്കാർക്ക് അവിസ്മരണീയമായ ഒരു അനുഭവമായിരിക്കുമെന്നും ലണ്ടന്റെ സമ്പന്നമായ ചരിത്രവും സാംസ്കാരിക ഭൂപ്രകൃതിയും അനുഭവിക്കാൻ അവർക്ക് അവസരം നൽകുമെന്നും പ്രതീക്ഷിക്കുന്നതായി എംഡി പറയുന്നു. ഈ യാത്രയിൽ, വിൻഡ്‌സർ കാസിൽ, കാംഡൻ മാർക്കറ്റുകൾ, സെന്റ് പോൾസ് കത്തീഡ്രൽ, ലണ്ടൻ ബ്രിഡ്ജ്, ബിഗ് ബെൻ, ബക്കിംഗ്ഹാം കൊട്ടാരം, പ്രശസ്തമായ പിക്കാഡിലി സർക്കസ് തുടങ്ങിയ പ്രശസ്തമായ ലാൻഡ്‌മാർക്കുകൾ ജീവനക്കാർ സന്ദർശിക്കും.