ഭര്‍ത്താവിനെ വെട്ടിക്കൊല്ലുന്നത് കാണേണ്ടി വന്നവള്‍; പുതിയ ബിസിനസ് തുടങ്ങി കൗസല്യ, കൈ പിടിച്ച് പാര്‍വതി

നടി പാര്‍വതി തിരുവോത്താണ് പാര്‍ലര്‍ ഉദ്ഘാടനം ചെയ്തത്

Update: 2022-09-27 06:01 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോയമ്പത്തൂര്‍: ജാതിവെറി അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന സമൂഹത്തിന് അത്ര പെട്ടെന്നൊന്നും മറക്കാനാകില്ല ഉദുമല്‍പേട്ട് ദുരഭിമാനക്കൊല. അന്യജാതിയില്‍ പെട്ട ആളെ വിവാഹം കഴിച്ചതിന് വീട്ടുകാരുടെ എതിര്‍പ്പ് നേരിടുകയും തുടര്‍ന്ന് ഭര്‍ത്താവിനെ കണ്‍മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തുന്നത് കാണേണ്ടി വന്ന കൗസല്യയെയും. ഇപ്പോള്‍ പുതിയൊരു ജീവിതത്തിന് തുടക്കമിട്ടിരിക്കുകയാണ് കൗസല്യ. കോയമ്പത്തൂര്‍ വെള്ളാലൂരില്‍ ബ്യൂട്ടിപാര്‍ലര്‍ തുടങ്ങിയിരിക്കുകയാണ് സാമൂഹ്യപ്രവര്‍ത്തക കൂടിയായ കൗസല്യ. നടി പാര്‍വതി തിരുവോത്താണ് പാര്‍ലര്‍ ഉദ്ഘാടനം ചെയ്തത്.


"കൗസല്യയ്ക്കും അവളെപ്പോലുള്ള നിരവധി സ്ത്രീകൾക്കും വേണ്ടിയാണ് ഞാൻ ഇവിടെ വന്നത്. എല്ലാ സ്ത്രീകൾക്കും സ്നേഹിക്കാനുള്ള അവകാശവും അവരുടെ ജീവിതം എങ്ങനെ ജീവിക്കണമെന്ന് തെരഞ്ഞെടുക്കാനുള്ള അവകാശവുമുണ്ട്, എന്നാൽ ഈ അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമിക്കുന്ന ആളുകളുണ്ട്. ഇത്തരക്കാർക്കെതിരെ കൗസല്യ നിരന്തരമായ പോരാട്ടം നടത്തി. തന്‍റേതായ ഇടം കണ്ടെത്താന്‍ അവള്‍ പോരാടിക്കൊണ്ടിരിക്കുകയാണ്'' പാര്‍വതി പറഞ്ഞു.

രാജ്യത്തെയാകെ ഞെട്ടിച്ച ദുരഭിമാനക്കൊലയായിരുന്നു ഉദുമല്‍പേട്ടിലേത്. തേവര്‍ വിഭാഗത്തില്‍ പെട്ട കൗസല്യ ദളിത് യുവാവായ ശങ്കറി(22)നെ വിവാഹം കഴിച്ചതാണ് കുടുംബത്തെ ചൊടിപ്പിച്ചത്. പഴനി സ്വദേശിയായ കൗസല്യയും ശങ്കറും എന്‍ജിനീയറിങ് കോളേജില്‍ സഹപാഠികളായിരുന്നു. 2016 മാര്‍ച്ച് 13ന് ഉദുമല്‍പേട്ട നഗരത്തില്‍ വച്ച് ക്വട്ടേഷന്‍ സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ കൗസല്യക്കും പരിക്കേറ്റിരുന്നു. കേസില്‍ കൗസല്യയുടെ പിതാവ് ചിന്നസ്വാമിയടക്കം 6 പേര്‍ക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു.


ഞെട്ടിക്കുന്ന കൊലപാതകം കൗസല്യയെ മാനസികമായി ബാധിച്ചെങ്കിലും പിന്നീട് അവള്‍ തളര്‍ന്നിരുന്നില്ല. ദുരഭിമാനക്കൊലക്കും ജാതിവെറിക്കുമെതിരെ ശക്തമായി പോരാടിക്കൊണ്ടിരുന്നു. സ്വാഭിമാന വിവാഹം പ്രോത്സാഹിപ്പിക്കാന്‍ ഇതര ജാതിയില്‍ പെട്ട കലാകാരന്‍ ശക്തിയെയാണ് കൗസല്യ പിന്നീട് വിവാഹം കഴിച്ചത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News