ടിക്കറ്റ് പരിശോധനക്ക് പിന്നാലെ ടിക്കറ്റ് ചെക്കര്‍ ഇൻസ്റ്റഗ്രാമിൽ റിക്വസ്റ്റ് അയച്ചു; അനുഭവം പങ്കുവച്ച് യുവതി, സ്വകാര്യതക്ക് എന്തു വിലയെന്ന് നെറ്റിസൺസ്
അടുത്തിടെ ഞാൻ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു
മുംബൈ: ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ടിക്കറ്റ് ചെക്കറിൽ നിന്നുണ്ടായ വിചിത്രമായ അനുഭവം പങ്കുവച്ച് യുവതി. ടിക്കറ്റ് പരിശോധിച്ചതിനു പിന്നാലെ ടിസി തനിക്ക് ഇൻസ്റ്റഗ്രാമിൽ റിക്വസ്റ്റ് അയച്ചതായി യുവതി റെഡ്ഡിറ്റിൽ കുറിച്ചു. തനിക്ക് നേരിട്ട അനുഭവത്തെക്കുറിച്ച് വിശദീകരിച്ച യാത്രക്കാരി ഈ സംഭവത്തിൽ താൻ അസ്വസ്ഥയാണെന്നും ഇത് ഒരു സാധാരണ സംഭവമാണോ എന്ന് സംശയമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
"അടുത്തിടെ ഞാൻ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. എന്‍റെ കോച്ചിലെ ടിക്കറ്റ് പരിശോധിച്ച ടിസി എങ്ങനെയോ എന്നെ ഇൻസ്റ്റാഗ്രാമിൽ കണ്ടെത്തി ഒരു ഫോളോ റിക്വസ്റ്റ് അയച്ചതായി ഞാൻ കണ്ടു. റിസർവേഷൻ ചാർട്ടിൽ നിന്നാണ് അദ്ദേഹത്തിന് എന്‍റെ പേര് ലഭിച്ചതെന്ന് ഞാൻ കരുതുന്നു. സത്യം പറഞ്ഞാൽ അൽപ്പം പേടി തോന്നി, കാരണം അത് യാത്രക്കാർ യാത്രക്കായി നൽകുന്ന സ്വകാര്യ വിവരങ്ങളാണ്.ഇത് വളരെ സാധാരണമാണോ എന്നും ആർക്കെങ്കിലും സമാനമായ എന്തെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ എന്നും ഞാൻ ചിന്തിച്ചു'' എന്നാണ് യുവതിയുടെ പോസ്റ്റ്.
സ്വകാര്യതയും സുരക്ഷാ ആശങ്കകളും ഉയർത്തിക്കാട്ടി നിരവധി ഉപയോക്താക്കൾ ഈ പോസ്റ്റിനോട് പ്രതികരിച്ചു. റിക്വസ്റ്റ് സ്വീകരിക്കരുതെന്നും ഇത് വിചിത്രമായ പെരുമാറ്റമാണെന്നും സ്വീകരിച്ചാൽ പിന്നീട് മെസേജുകളുടെ വരവായിരിക്കുമെന്നും ഒരാൾ അഭിപ്രായപ്പെട്ടു. അസ്വസ്ഥതയുണ്ടാക്കുന്നുവെന്നായിരുന്നു ഭൂരിഭാഗം പേരും പ്രതികരിച്ചത്. ഇത്തരമൊരു സംഭവം മുൻപ് കേട്ടിട്ടില്ലെന്നും പരാതിപ്പെടണമെന്നും മറ്റൊരാൾ യുവതിയോട് പറഞ്ഞു.