ഭർത്താവിനെ കൊന്ന് ട്രോളി ബാഗിലാക്കി; മകളെ വിളിച്ച് വിവരം പറഞ്ഞു, ഭാര്യ ഒളിവിൽ
43കാരനായ സന്തോഷ് ഭഗതാണ് കൊല്ലപ്പെട്ടത്
Representational Image
ജാഷ്പൂർ: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രോളിൽ ബാഗിലാക്കി ഒളിവിൽ പോയ ഭാര്യക്കായി പൊലീസ് തിരച്ചിൽ ഊര്‍ജിതമാക്കി. ഛത്തീസ്ഗഢിലെ ജാഷ്പൂറിലാണ് സംഭവം. പ്രതി മകളെ വിളിച്ച് കൊലപാതകം സമ്മതിച്ചതോടെയാണ് ദുൽദുല പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭിന്ജ്പൂർ ഗ്രാമത്തിൽ നടന്ന സംഭവം ഞായറാഴ്ച പുറംലോകമറിയുന്നത്.
43കാരനായ സന്തോഷ് ഭഗതാണ് കൊല്ലപ്പെട്ടത്. കോർബയിൽ താമസിച്ചിരുന്ന മകളെ ഫോണിൽ വിളിച്ചാണ് പ്രതി വിവരം പറയുന്നത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒരു പുതപ്പ് കൊണ്ട് മൂടിയ ശേഷം ട്രോളി ബാഗിലാക്കിയെന്ന് ജാഷ്പൂർ സീനിയർ പൊലീസ് സൂപ്രണ്ട് ശശി മോഹൻ സിങ് പറഞ്ഞു. പിതാവിനെ അമ്മ കൊലപ്പെടുത്തിയ വിവരം അറിഞ്ഞ മകൾ സന്തോഷിന്‍റെ മൂത്ത സഹോദരനായ വിനോദ് മിഞ്ചിനെ(45) വിവരം അറിയിക്കുകയും ഇദ്ദേഹം പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
സന്തോഷിന്‍റെ ഭാര്യ മുംബൈയിൽ ജോലി ചെയ്യുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഗ്രാമത്തിൽ തിരിച്ചെത്തിയത്. ദമ്പതികൾക്ക് മൂന്ന് മക്കളാണ്. ഇവരെല്ലാം വിവാഹിതരാണ്.ഗ്രാമത്തിന് പുറത്താണ് താമസിക്കുന്നത്.ഒളിവിൽ പോയെ പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.