ന്യൂഡൽഹി: മുസ്‌ലിം സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കുന്നതിന് യാതൊരു വിലക്കുമില്ലെന്ന് ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് സുപ്രിംകോടതിയെ അറിയിച്ചു. ശബരിമല റഫറൻസ് കേസ് പരിഗണിക്കുന്ന ഒമ്പതംഗ ബെഞ്ചിന് മുമ്പാകെ പേഴ്‌സണൽ ലോ ബോർഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എം.ആർ ഷംഷാദാണ് നിലപാട് അറിയിച്ചത്. ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ ചോദ്യങ്ങൾ നിലനിൽക്കുന്നതിനാൽ, പള്ളികളിൽ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ടുള്ള ഹരജികളും ശബരിമല റഫറൻസിനൊപ്പം പരിഗണിക്കുന്നുണ്ട്.
ഇസ്‌ലാമിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കുന്ന കാര്യത്തിൽ തടസമില്ലെന്ന ഏകാഭിപ്രായമുണ്ടെന്ന് സ്ത്രീകൾക്ക് പള്ളിയിൽ പ്രവേശിക്കാൻ അനുവാദമുണ്ടോ? എന്ന ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിന് ഷംഷാദ് മറുപടി നൽകി. എന്നാൽ, പള്ളിയിലെ കൂട്ടായ നമസ്‌കാരത്തിൽ സ്ത്രീകൾ പങ്കെടുക്കണമെന്നത് നിർബന്ധമായ കാര്യമല്ല എന്നാണ് പൊതുവായ അഭിപ്രായം. പള്ളികളിൽ വരുന്നതിൽ നിന്ന് സ്ത്രീകളെ തടയരുത് എന്ന് പ്രവാചകൻ തന്നെ പറഞ്ഞിട്ടുണ്ട്. ഇതിൽ വ്യക്തതയുണ്ട്. പല ഹദീസ് ഗ്രഥങ്ങളിലും പ്രവാചകന്റെ ഈ നിർദേശം രേഖപ്പെടുത്തിയിട്ടുണ്ടെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
പുരുഷന്മാർക്ക് ജമാഅത്ത് നിസ്‌കാരം നിർബന്ധമാണെന്നും എന്നാൽ സ്ത്രീകൾക്ക് അത് നിർബന്ധമില്ലെന്നും ഷംഷാദ് വിശദീകരിച്ചു. സ്ത്രീകൾ വീട്ടിലിരുന്ന് നിസ്‌കരിക്കുന്നതാണ് ഉത്തമം, അതിന് അവർക്ക് പള്ളിയിൽ പോകുന്ന അതേ പ്രതിഫലം ലഭിക്കും. എന്നാൽ ഒരു സ്ത്രീക്ക് പള്ളിയിൽ വരണമെന്നുണ്ടെങ്കിൽ അവർക്ക് വരാമെന്നും അദ്ദേഹം പറഞ്ഞു.
''അപ്പോൾ അവർക്ക് ജമാഅത്തിന്റെ (കൂട്ടായ നമസ്‌കാരം) ഭാഗമാകാൻ കഴിയില്ലേ?'' എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചപ്പോൾ, ''അവർക്കും ജമാഅത്തിന്റെ ഭാഗമാകാം. അവർ പള്ളിയിൽ വരുന്നത് തന്നെ അതിൽ പങ്കെടുക്കാനാണ്, അതിന് അനുവാദമുണ്ട്'' എന്ന് അഭിഭാഷകൻ വ്യക്തമാക്കി.
ഇസ്‌ലാമിലെ ആചാരങ്ങളിൽ കോടതികൾ പ്രയോഗിക്കുന്ന 'അവശ്യ മതപരമായ ആചാര' സിദ്ധാന്തം തെറ്റാണെന്നും ഷംഷാദ് വാദിച്ചു. ഇസ്‌ലാം കൃത്യമായി എഴുതപ്പെട്ട ഒരു മതമാണ്. എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്നതിനെക്കുറിച്ച് വിശദമായ മാർഗനിർദേശങ്ങൾ അതിലുണ്ട്. കോടതികളുടെ കാഴ്ചപ്പാടിൽ ഇവ 'നിർബന്ധിതമായി' തോന്നാത്തതിനാൽ പല ഇസ്‌ലാമിക ആചാരങ്ങളും ഇആർപി ടെസ്റ്റുകളിൽ പരാജയപ്പെടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അറബിക് ഹദീസുകളുടെ തെറ്റായ വിവർത്തനങ്ങളെ കോടതികൾ പലപ്പോഴും ആശ്രയിക്കാറുണ്ടെന്നും ഇത് തെറ്റായ പാരാമീറ്ററുകൾക്ക് കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്മായിൽ ഫാറൂഖി കേസിൽ, നിസ്‌കാരം മൈതാനത്തും നിർവഹിക്കാമെന്ന് ചൂണ്ടിക്കാട്ടി പള്ളി ഇസ്‌ലാമിലെ അവിഭാജ്യ ഘടകമല്ലെന്ന് കോടതി നിരീക്ഷിച്ചതിനെ അദ്ദേഹം വിമർശിച്ചു. പള്ളി മുസ്‌ലിം വിശ്വാസത്തിന്റെ കേന്ദ്രമാണ്. എല്ലാ ആചാരങ്ങളും പള്ളിയുമായി ബന്ധപ്പെട്ടതാണ്. എന്നാൽ പള്ളി അവിഭാജ്യമല്ലെന്ന് ഒരു വിധി വന്നാൽ പിന്നെ ആർട്ടിക്കിൾ 25 കൊണ്ട് എന്ത് കാര്യമാണുള്ളത് എന്ന് ഷംഷാദ് ചോദിച്ചു.
''ക്ഷേത്രം അത്യാവശ്യമല്ല എന്ന് പറയുന്നതുപോലെയാണത്. അത് തീരുമാനിക്കാൻ കോടതി ആരാണ്?'' എന്ന് ജസ്റ്റിസ് നാഗരത്‌ന നിരീക്ഷിച്ചു. അതുതന്നെയാണ് തന്റെ പോയിന്റ് എന്ന് ഷംഷാദ് മറുപടി നൽകി. താടി വെച്ചതിന്റെ പേരിൽ ഒരു മുസ്‌ലിം സൈനികനെ പിരിച്ചുവിട്ട വിധിയെയും അദ്ദേഹം പരാമർശിച്ചു. സിഖ് സഹോദരന്മാർക്ക് താടി വെച്ച് സൈന്യത്തിൽ ചേരാമെങ്കിൽ എന്തുകൊണ്ട് മുസ്‌ലിമിന് ആയിക്കൂടാ എന്ന് അദ്ദേഹം ചോദിച്ചു. എന്നാൽ സിഖ് മതത്തിൽ താടി എന്നത് അഞ്ച് നിർബന്ധിത തത്വങ്ങളിൽ ഒന്നാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.