ഗുസ്തി താരങ്ങളുടെ സമരം: ജന്ദർമന്തറിൽ സുരക്ഷ കർശനമാക്കി, സമരവേദിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

പുറത്തുനിന്ന് ആരെയും പൊലീസ് സമര വേദിയിലേക്ക് കടത്തിവിടുന്നില്ല

Update: 2023-05-04 03:25 GMT
Advertising

ഡല്‍ഹി: ഗുസ്തി താരങ്ങളുടെ സമരം നടക്കുന്ന ഡൽഹിയിലെ ജന്ദർമന്തറിൽ സുരക്ഷ കർശനമാക്കി പൊലീസ്. താരങ്ങളും പൊലീസും തമ്മിൽ ഇന്നലെ രാത്രി സംഘർഷമുണ്ടായതിന് പിന്നാലെയാണ് നടപടി. പുറത്തുനിന്ന് ആരെയും സമര വേദിയിലേക്ക് കടത്തിവിടുന്നില്ല. മാധ്യമപ്രവര്‍ത്തകരെയും സമര വേദിയില്‍ പ്രവേശിപ്പിക്കുന്നില്ല. സംഘർഷത്തിനിടെ പരിക്കേറ്റ താരങ്ങളായ ദുഷ്യന്ത് ഫോഗട്ടും രാഹുലും ചികിത്സയിലാണ്.

ഇന്നലെ രാത്രി 11.30നാണ് പൊലീസും ഗുസ്തി താരങ്ങളും തമ്മില്‍ സംഘർഷമുണ്ടായത്. മദ്യപിച്ച് എത്തിയ പൊലീസ് ഉദ്യോഗസ്ഥർ മർദിക്കുകയും സമരമാവസാനിപ്പിക്കാൻ അവശ്യപ്പെടുകയും ചെയ്തെന്ന് ഗുസ്തി താരങ്ങള്‍ പറയുന്നു. ഇത് ഗുസ്തി താരങ്ങൾ ചോദ്യംചെയ്തതോടെയാണ് സംഘർഷമുണ്ടായത്. വനിതാ കായിക താരങ്ങൾ ഉൾപ്പെടെയുള്ളവരോട് പൊലീസ് മോശമായി പെരുമാറിയെന്ന് സമരക്കാർ പറഞ്ഞു- "ഇതിനാണോ ഞങ്ങൾ രാജ്യത്തിനായി മെഡലുകൾ നേടിയത്? കോൺസ്റ്റബിൾ ഞങ്ങളെ നേരിടുമ്പോള്‍ വനിതാ പൊലീസുകാർ എവിടെയായിരുന്നു?"- വിനേഷ് ഫോഗട്ട് കണ്ണീരോടെ ചോദിച്ചു.

"ഞാൻ നേടിയ എല്ലാ മെഡലുകളും തിരിച്ചെടുക്കണമെന്ന് സർക്കാരിനോട് അഭ്യർഥിക്കുന്നു"- ബജ്‍റംഗ് പുനിയ പറഞ്ഞു. ഗുസ്തി താരങ്ങളെ പിന്തുണച്ചതിന് പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തെന്ന് ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാവ് സോമനാഥ് ഭാരതി പറഞ്ഞു. എന്നാല്‍ സോമനാഥ് ഭാരതിയുടെ നേതൃത്വത്തില്‍ അനുമതിയില്ലാതെ സമര പന്തലില്‍ കിടക്കകള്‍ കൊണ്ടുവന്നതാണ് പ്രശ്നത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ലൈംഗിക പീഡന പരാതിയില്‍ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള രാപ്പകൽ സമരം പതിമൂന്നാം ദിവസത്തിലെത്തി. ബ്രിജ്ഭൂഷനെതിരെ പൊലീസിൽ നൽകിയ പരാതിയിൽ കാര്യക്ഷമമായി അന്വേഷണം നടത്തുന്നില്ലെന്ന് താരങ്ങൾ സുപ്രിംകോടതിയിൽ അറിയിച്ചു.

ബ്രിജ് ഭൂഷനെതിരായ ഗുസ്തി താരങ്ങളുടെ കയ്യിലുള്ള രേഖകൾ മുദ്രവെച്ച കവറിൽ സമർപ്പിക്കാൻ സുപ്രിംകോടതി നിർദേശം നല്‍കി. കോടതിയിൽ മുദ്രവെച്ച കവറിൽ സമർപ്പിക്കുന്ന രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുന്നതിൽ എതിർപ്പില്ലെന്നും താരങ്ങൾ അറിയിച്ചു. അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.





Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News